DPEP and my School Days ~ Some Random Thoughts

നായരമ്പലം ഭഗവതി വിലാസം ഹൈസ്കൂള്‍. വര്ഷം 2000-01. ഏഴാം ക്ലാസില്‍ മാത്രം ഞങ്ങള്‍ക്ക് ഡി.പി.ഇ.പിയായിരുന്നു. എന്റെ ബാച്ചിന് മാത്രം ഒരുവര്ഷം. ഞങ്ങടെ പുറകില്‍ വന്നവര്‍ക്കൊക്കെ മുഴുവനും ഡി.പി.ഇ.പി.

സംഭവം ‘ദരിദ്രവാസി പിള്ളാര്‍ എങ്ങനെയെങ്കിലും പഠിച്ചോട്ടെ’ എന്നൊക്കെ സാമൂഹികവിചാരണവിമര്‍ശകവിശാരദവൃന്ദങ്ങള്‍ ഘോരഘോരം വിമര്‍ശനശരങ്ങള്‍ പുറപ്പെടുവിച്ചെങ്കിലും സംഗതി എനിക്കങ്ങോട്ട് ഷ്ടായി. കിളികളെ നിരീക്ഷിക്കാനും, ചെടി വളര്‍ത്താനും, സ്വയം ‘ബഡ്ഡു’ ചെയ്യുവാനും (സംഗതി കുളമായെങ്കിലും) ഒക്കെ കഴിഞ്ഞത് ഈ ഒരു വര്‍ഷത്തെ ഡീപ്പീയീപ്പീ കൊണ്ടാണ്. പാലിന്റെ ശുദ്ധിയളക്കാനുള്ള സാധനമാണ് ലാക്ടോമീറ്റര്‍ എന്ന് ആറില്‍ പഠിച്ചപ്പോള്‍, അത് നേരിട്ട് ഉപയോഗിക്കുകയായിരുന്നു ഏഴാം ക്ലാസ്സില്‍. ‘ഉറുമ്പിന് എത്ര കാലുണ്ട്’ എന്നത് മുതല്‍ ‘ചെടികള്‍ പ്രകാശത്തിനു നേരെ സ്വയം തലനീട്ടുമോ?’ വരെയുള്ള ഒട്ടേറെ ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്തിയ സുവര്‍ണ്ണകാലം.

BVHS

BVHS

ഈ സമയത്താണ് എന്റെ ജീവിതത്തില്‍ തന്നെ, അധ്യാപികയെന്ന നിലയില്‍, ഞാന്‍ ഏറ്റവും ആദരിക്കുന്ന നന്ദകുമാരി ടീച്ചറുടെ കണക്ക് ക്ലാസ്സില്‍ ഇരിക്കുവാനുള്ള ഭാഗ്യം കിട്ടിയത്. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ ഞങ്ങളൊക്കെ പേടിച്ച്തുടങ്ങിയിരുന്നു. ടീച്ചര്‍ ഭയങ്കരിയാണെന്നും, സ്കെച്പെന്നിന്റെ ടോപ്പിട്ട ചൂരല്‍കൊണ്ട് പൊതിരെ തല്ലും എന്നൊക്കെയുള്ള ശ്രുതി രണ്ടുകൊല്ലങ്ങള്‍ക്ക്മുന്നേ തന്നെ ഞങ്ങളുടെ ചെവിയിലെത്തിയിരുന്നു.

പക്ഷെ, ടീച്ചര്‍ ഞെട്ടിച്ചുകളഞ്ഞു. കണക്ക് ഇങ്ങനെയും പഠിപ്പിക്കാം എന്ന് പഠിപ്പിച്ചു തന്നു. ഞങ്ങള്‍ ത്രികോണങ്ങള്‍ ഉണ്ടാക്കി, നിഴലളവുകളെടുത്തു, ജ്യാമിതി പഠിച്ചു, സംഖ്യകളെ സ്നേഹിക്കാന്‍ തുടങ്ങി, പാട്ടിലൂടെ സൂത്രവാക്യങ്ങള്‍ പഠിപ്പിച്ചു തന്നു. സത്യത്തില്‍, ഇന്നും എനിക്കൊരു വിസ്മയമാണ് നന്ദകുമാരിടീച്ചര്‍. പത്താംക്ലാസ്സ്‌ മാത്രം വിദ്യാഭ്യാസമുള്ള ടീച്ചര്‍, രാഷ്ട്രപതി രാജ്യത്തെ അഭിസംബോധനചെയ്തുകൊണ്ട് സംസാരിച്ചവാക്കുകള്‍ എനിക്ക് പറഞ്ഞു തന്നത് ഇന്നും എന്റെ ചെവികളിലുണ്ട്. രാജ്യത്തിന്‍റെ പാരമ്പര്യത്തെക്കുറിച്ചും, മതേതരത്വത്തെക്കുറിച്ചും ഒക്കെ; ഈ വിഷയങ്ങളിലൊക്കെ അസാമാന്യഗ്രാഹ്യം ടീച്ചര്‍ക്ക്‌ ഉണ്ടായിരുന്നു. ‘ഞാന്‍ പണ്ടത്തെ പത്താം ക്ലാസ്സാ’ എന്ന് പറയുന്നവരോട് എനിക്ക് ഒരല്പം ബഹുമാനം കൂടുതല്‍ തോന്നാന്‍ തുടങ്ങി.

BVHS - My School

BVHS – My School

പറഞ്ഞു വന്നത്… ഈ ടീച്ചര്‍ പറഞ്ഞിട്ടാണ് ഞങ്ങളൊക്കെ ഭാരതീയഗണിതശാസ്ത്രഞരെക്കുറിച്ച് ഒരു ‘ഗവേഷണം’ നടത്തിയത്. ഏഴാം ക്ലാസ്സിലെ കുട്ടികള്‍ക്ക് അതൊരു പുത്തന്‍ അനുഭവമായിരുന്നു. ആ നാളുകളിലെ ‘കണ്ടെത്തലുകള്‍’ ഒരു പുസ്തകത്തിലാക്കിയത് ഇന്നും നിധിപോലെ സൂക്ഷിച്ചിട്ടുണ്ട് (പുസ്തകം ബൈന്‍ഡ് ചെയ്യുന്ന വിദ്യയും ഞങ്ങളെ പഠിപ്പിച്ചത് ഈ ടീച്ചര്‍ തന്നെ. ഞാറക്കല്‍ സീ.സീ പ്രസ്‌ പോലും ടീച്ചറുടെ അത്രേം നന്നായി ബൈന്‍ഡ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല – അതിശയോക്തിയല്ല, സത്യം!). ഈ പുസ്തകത്തിലെ ഓരോ പേജുകളെയും സ്നേഹിക്കാന്‍ പഠിപ്പിച്ചത് ടീച്ചറാണ്. വീണ്ടും ഇത് ഓര്‍ക്കാന്‍ കാരണം, ഇന്ന് കണ്ട ഒരു സിനിമ പോസ്റ്റരാണ് – ‘ശ്രീനിവാസരാമാനുജന്‍’ എന്ന അതുല്യ പ്രതിഭയുടെ പേരില്‍ ഒരു സിനിമ. ആ കണക്ക് പുസ്തകത്തിലെ ആദ്യപേരുകാരന്‍! Ramanujan – The Movie!