ഹെൽത്ത് ഇൻഷുറൻസ് ഇപ്പോഴും നമ്മുടെ നാട്ടിൽ പച്ചപിടിച്ച് വരുന്നതേയുള്ളു. സൈദ്ധാന്തികമായി ഇൻഷുറൻസ് എടുക്കേണ്ടി വരുന്ന ഒരു സമൂഹവ്യവസ്ഥിതിയോട് എനിക്ക് താല്പര്യക്കുറവുണ്ടെങ്കിലും, ഉയർന്നു വരുന്ന ചികിത്സാ ചെലവുകൾ ആരോഗ്യ ഇൻഷുറൻസ് ഉണ്ടാവേണ്ട ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നുണ്ട്. കേരളം പോലുള്ള ഇടങ്ങളിൽ സർക്കാർ ആശുപത്രികളും, ആരോഗ്യസംവിധാനങ്ങളും മികച്ചത് തന്നെയെങ്കിലും, സ്വകാര്യ ആശുപത്രികളെ കൂടി കണക്കിലെടുക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസ് വേണ്ടതുതന്നെ എന്ന യാഥാർഥ്യമാണ് നമുക്ക് മുന്നിലുള്ളത്. സർക്കാർ ആശുപത്രികളാണെങ്കിലും, അവിടെയും ചെലവുകളുണ്ടല്ലോ. ഇൻഷുറൻസ് കമ്പനികൾ സാമൂഹികാവസ്ഥയെ തകിടം മറിക്കുന്നതടക്കമുള്ള സാഹചര്യങ്ങൾ ലോകത്തിൽ പലയിടത്തുമുണ്ട് എന്ന ബോധ്യത്തിൽ തന്നെയാണ് ഈ കുറിപ്പ് എഴുതുന്നത്—സാധാരണക്കാരന്റെ പോക്കെറ്റിന് താങ്ങാൻ കഴിയാത്തത്രയും ചികിത്സാ ചെലവുകൾ വരാൻ സാഹചര്യമുള്ള നാളുകൾ മുൻപിലുണ്ട് എന്ന് തോന്നുന്നത് കൊണ്ട് മാത്രം.
കുറച്ചു വർഷങ്ങൾക്ക് മുൻപ് ഞാൻ ആരോഗ്യ ഇൻഷുറൻസ് എടുത്തതിനെക്കുറിച്ച് ബ്ലോഗ് ചെയ്തതിന് ശേഷം നിരവധി പേരാണ് ഇക്കാര്യം ചോദിച്ച് വന്നിട്ടുള്ളത്. അവരിൽ നിന്ന് കേട്ട ചോദ്യങ്ങളെ അടിസ്ഥാനമാക്കി ചില സുപ്രധാന വിവരങ്ങൾ പങ്ക് വയ്ക്കാനാണ് ഈ കുറിപ്പ്. ഒരു ആരോഗ്യ ഇൻഷുറൻസ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് പറയാനാണ് ശ്രമം.
Table of Contents
മുൻകുറിപ്പ്
ഞാൻ ഒരു ഇൻഷുറൻസ് ഏജന്റ് അല്ല. എനിക്ക് യാതൊരു ഇൻഷുറൻസ് സ്ഥാപനമായും ബിസിനസ് പരമായ താല്പര്യങ്ങളില്ല. താഴെ പറയുന്നത് എന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണ്. ഈ വിഷയത്തിൽ വിദഗ്ധ അഭിപ്രായം രേഖപ്പെടുത്തുവാൻ എനിക്ക് സാങ്കേതിക യോഗ്യതകൾ ഇല്ല എന്നും കൂടി അറിയിക്കട്ടെ. നിങ്ങൾ ഇൻഷുറൻസുകൾ തിരയുമ്പോൾ ‘ജനറൽ ഇൻഷുറൻസ്’ എന്ന വിഭാഗത്തിലാകും ഇൻഷുറൻസ് കമ്പനികളുടെ വെബ്‌സൈറ്റിൽ ഹെൽത്ത് ഇൻഷുറൻസുകൾ കാണുക. ഈ കുറിപ്പിൽ ഹെൽത്ത് ഇൻഷുറൻസിനെ അഥവാ മെഡിക്കൽ ഇൻഷുറൻസിനെക്കുറിച്ച് മാത്രമാണ് പ്രതിപാദിക്കുന്നത്; ലൈഫ് ഇൻഷുറൻസിന്റെ കുറിച്ചല്ല. ഈ കുറിപ്പിൽ റീറ്റെയ്ൽ ഇൻഷുറൻസ് എന്ന് പരാമർശിക്കുന്നത് ഗ്രൂപ്പ് അല്ലാത്ത ഹെൽത്ത് ഇൻഷുറൻസ് പോളിസികളെയാണ്.
എൻട്രി/എക്സിറ്റ് വയസ്സ്
ഒരു ഇൻഷുറൻസ് എടുക്കുമ്പോൾ ഞാൻ സുപ്രധാനമായ നോക്കുന്ന ഒരു കാര്യം അതിലെ എൻട്രി/എക്സിറ്റ് വയസ്സാണ്. 70 വയസ്സുവരെ മാത്രമേ ഒരു ഇൻഷുറൻസ് പുതുക്കാൻ കഴിയുള്ളു എങ്കിൽ ഞാൻ ഒന്നുകൂടി പരിശോധിക്കും; കാരണം 80ഉം അതിനു മുകളിലും വരെ പുതുക്കാവുന്ന ഇൻഷുറൻസുകൾ നമ്മുടെ നാട്ടിലുണ്ട്.
ക്ലെയിം സൈറ്റ്ൽമെന്റ് റേഷ്യോ (CSR)
ഏറ്റവും പ്രധാനമായ സംഗതിയാണ് എന്നെ സംബന്ധിച്ച് CSR. ഒരു കമ്പനി ഒരു വർഷത്തിൽ അവർക്ക് വന്ന ക്ലെയിമുകളിൽ എത്ര എണ്ണം സെറ്റിൽ ചെയ്തു എന്ന് കാണിക്കുന്ന കണക്കാണിത്. നമ്മുടെ നാട്ടിൽ ചില ഏജന്റുമാർ കമ്മീഷൻ കൂടുതൽ കിട്ടുന്നത് കൊണ്ട് എളുപ്പം ക്ലെയിം കിട്ടും എന്നൊക്കെ പറഞ്ഞ് ആളുകളെ പറ്റിക്കുന്ന ചില ഇൻഷുറൻസ് സ്കീമുകൾ ഉണ്ട്. അവയുടെ CSR നോക്കിയാൽ പലതും 90ന് താഴെയാണ് എന്ന് കാണാം. കഴിവതും 90ന് മുകളിൽ CSR ഉള്ള കമ്പനികളെ തെരഞ്ഞെടുക്കുന്നതാകും അഭികാമ്യം; പ്രീമിയം കുറവുള്ളത് മാത്രം നോക്കുന്നത് പിന്നീടുള്ള ബുദ്ധിമുട്ടുകളിലേക്ക് ഒരു ചവിട്ടുപടിയാകാം.
IRDAI എന്ന സർക്കാർ സ്ഥാപനമാണ് ഇന്ത്യയിൽ ഇൻഷുറൻസ് മേഖലയെ നിയന്ത്രിക്കുന്നത്. വളരെ പ്രൊഫഷണൽ ആയ സംവിധാനമാണ് IRDAI. ഇൻഷുറൻസ് മേഖലയുമായി ബന്ധപ്പെട്ട പരാതികൾ (pgportal.gov.in ഞാൻ ഉപയോഗിക്കാറുള്ള പരാതിപരിഹാര വെബ്സൈറ്റാണ്—വളരെ മികച്ച അനുഭവം) IRDAI വളരെ കാര്യക്ഷമമായി കൈകാര്യം ചെയ്ത് വരുന്നു. IRDAI വർഷാവർഷം കമ്പനികളുടെ CSR പ്രസിദ്ധീകരിക്കും. കമ്പനികളുടെ വെബ്‌സൈറ്റിൽ പോയാൽ ‘mandatory disclosure’ എന്ന സെക്ഷനിലും ഇത്തരം വിവരങ്ങൾ ഉണ്ടാകും. CSR പരിശോധിക്കുമ്പോൾ ഹെൽത്ത് ഇൻഷുറൻസ് സെക്ഷൻ തന്നെ നോക്കുവാൻ ശ്രദ്ധിക്കുക.
ചില പ്രധാന ഇൻഷുറൻസ് കമ്പനികളുടെ 2018-19 വർഷത്തെ ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ താഴെ കൊടുക്കുന്നു. ചിലതൊക്കെ 80നും താഴെയാണ്; അതിനർത്ഥം 100 ക്ലെയിമുകൾ വന്നതിൽ ഇരുപതിലധികം ആളുകൾക്ക് അത്തരം കമ്പനികൾ ക്ലെയിം നൽകിയില്ല എന്നാണ്. അങ്ങനെയുള്ള കമ്പനികൾ തെരഞ്ഞെടുക്കുമ്പോൾ ഞാൻ രണ്ടുതവണ ആലോചിക്കും.
CSR =ആകെ അനുവദിച്ച ക്ലെയിമുകളുടെഎണ്ണം ÷ ആകെ സമർപ്പിക്കപ്പെട്ട ക്ലെയിമുകളുടെ എണ്ണം
Company | CSR |
IFFCO Tokio | 96.57% |
Magma HDI | 96.41% |
New India | 95.92% |
Oriental | 94.28% |
Bajaj Allianz | 93.68% |
Religare Health (ഇപ്പോൾ Care Insurance) | 92.83% |
Manipal Cigna | 89.50% |
Future Generali | 87.68% |
Acko | 86.98% |
National | 85.47% |
Apollo Munich (ഇപ്പോൾ HDFC Ergo) | 84.51% |
DHFL General | 84.31% |
Max Bupa | 84.15% |
HDFC Ergo | 83.66% |
Digit | 83.08% |
Liberty General | 82.13% |
Edelweiss | 79.82% |
United India | 79.72% |
Tata AIG | 78.93% |
Star Health | 78.52% |
ICICI Lombard | 78.32% |
Bharti AXA | 78.23% |
Royal Sundaram | 77.32% |
Kotak Mahindra | 76.20% |
Universal Sompo | 75.92% |
Aditya Birla Health | 73.37% |
Reliance | 72.20% |
SBI General | 59.42% |
Cholamandalam | 50.01% |
കവറേജ് വിവരങ്ങൾ
ഏതൊക്കെ രോഗങ്ങൾക്ക് കവറേജ് ലഭിക്കും, അതിൽ തന്നെ ഏതൊക്കെ രോഗങ്ങൾക്ക് വെയ്റ്റിംഗ് പീരീഡ് ഉണ്ട് എന്നീ കാര്യങ്ങൾ സുപ്രധാനമാണ്. മിക്കവാറും ‘എക്സ്ക്ലൂഷൻ ലിസ്റ്റ്’ അഥവാ ചികിത്സ ലഭിക്കാത്ത രോഗങ്ങൾ എല്ലാ കമ്പനികൾക്കും ഏതാണ്ട് ഒരേപോലെ തന്നെയാകും. പക്ഷെ, നിലവിലുള്ള രോഗങ്ങൾക്ക് 1, 2, 3, അല്ലെങ്കിൽ 4 വർഷങ്ങൾ തുടർച്ചയായി ഇൻഷുറൻസ് പുതുക്കിയാൽ മാത്രമേ കവറേജ് ലഭിക്കൂ എന്നത് സാധാരണമായ ഒരു സംഗതിയാണ്. ചില കമ്പനികൾ ഈ വെയ്റ്റിംഗ് പീരീഡ് കുറച്ച് നൽകാറുണ്ട്.
അതോടൊപ്പം, മുറി വാടകയിൽ കാപ്പിങ് ഉണ്ടോ, ഒരു ദിവസം എത്ര രൂപ വരെ മുറിവാടക ലഭിക്കും, ആംബുലൻസ് ചെലവ് കമ്പനി നൽകുമോ, ദിവസേനയുള്ള ചെലവിനായി പണം നൽകുമോ, പ്രസവം പോലുള്ള കവറേജുകൾ ഉണ്ടോ (ഉണ്ടെങ്കിൽ തന്നെ കുറഞ്ഞത് 9 മാസം വെയ്റ്റിംഗ് പീരീഡ് ഉണ്ടെന്നുള്ളത് ശ്രദ്ധിക്കുമല്ലോ), ആയുഷ് (ആയുർവേദ, യൂനാനി, സിദ്ധ, ഹോമിയോ) ചികിത്സാ രീതികൾക്ക്—ആൾട്ടർനേറ്റീവ് മെഡിസിൻ—കവറേജ് ലഭിക്കുമോ എന്നതൊക്കെ പരിഗണിക്കണം. പലർക്കും പല ആവശ്യങ്ങൾ ആയിരിക്കുമല്ലോ, അതുകൊണ്ട് നമുക്ക് ആവശ്യമുള്ള സംഗതികൾ ഇൻഷുറൻസ് കവറേജിൽ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തി വേണം ഇൻഷുറൻസ് എടുക്കാൻ. ഇൻഷുറൻസ് പോളിസി വേർഡിങ്‌സ് നോക്കിയാൽ എന്തൊക്കെ ‘ഇൻക്ലൂഷൻസ്’/’എക്സ്ക്ലൂഷൻസ്’ ഉണ്ടെന്ന് അറിയുവാൻ സാധിക്കും. നിങ്ങൾ തെരഞ്ഞെടുക്കുന്ന പോളിസിയുടെ നിയമാവലി (policy wording) അതാത് കമ്പനികളുടെ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ടാകും. ഇൻഷുറൻസ് എടുക്കുന്നതിന് മുൻപ് ഇത് ഒരു വട്ടമെങ്കിലും വായിച്ച് നോക്കണം. IRDAI നിഷ്കര്ഷിച്ചിട്ടുള്ള രീതിയിലാണ് ഈ നിയമാവലി എഴുതുക; അതിനാൽ തന്നെ അതിന്റെ ലേഔട്ട് എല്ലാ കമ്പനികൾക്കും ഒരേ പോലെ ആയിരിക്കും. ഇത് പല കമ്പനികളുടെ നിയമാവലികൾ ഒത്തുനോക്കുന്നതിന് സഹായകമാണ്.
സോണൽ ക്യാപ്പിങ്/കോ-പേ
ചില ഇൻഷുറൻസ് കമ്പനികൾ രാജ്യത്തെ ഓരോ സോണുകളായി തിരിച്ച് ഓരോയിടത്തും ചികിത്സ ലഭ്യമാക്കുന്ന സമ്പ്രദായം ഏർപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഡൽഹി, മുംബൈ മുതലായവ ചികിത്സാചെലവ് കൂടുതലുള്ള നഗരങ്ങളാണ്. പക്ഷെ കൊച്ചിയിൽ അത്ര ചെലവ് വരുന്ന ആരോഗ്യരംഗമല്ല നിലവിലുള്ളത്. ചില കമ്പനികൾ ഒരു പ്രത്യേക സോണിൽ മാത്രം ചികിത്സ എന്ന നിബന്ധന വയ്ക്കാറില്ലെങ്കിൽ, മറ്റു ചിലർ അത്തരം നിബന്ധന വയ്ക്കും. അങ്ങനെ നിബന്ധനയുള്ള തരം ഇൻഷുറൻസുകളിൽ പ്രീമിയം കുറയാനും സാധ്യതയുണ്ട്. നിങ്ങൾ ചെലവ് കുറഞ്ഞ സോണിൽ (കേരളം പോലുള്ളവ) മാത്രമാണ് ചികിത്സ തെരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഇത്തരം ഇൻഷുറൻസ് പ്രൊഡക്ടുകൾ സാമ്പത്തികമായി സഹായകമായേക്കാം.
മേൽപ്പറഞ്ഞ രീതിയിൽ അഥവാ നിങ്ങൾ കേരളം അടങ്ങുന്ന സോൺ തെരെഞ്ഞെടുത്തു എന്ന് കരുതുക. പക്ഷെ ഒരവസരത്തിൽ മുംബൈയിൽ അഡ്മിറ്റ് ആകേണ്ടി വന്നു എന്നും കരുതുക. ഇത്തരം അവസരങ്ങളിൽ നിങ്ങളുടെ ഇൻഷുറൻസ് പോളിസി ഒരു പ്രത്യേക ശതമാനം (സാധാരണയായി 20%-30%) നിങ്ങൾ വഹിക്കുകയാണെങ്കിൽ മറ്റ് സോണിലെ ആശുപത്രികളും ചികിത്സ അനുവദിക്കാൻ സാധ്യതയുണ്ട്. ഇതിനെ കോ-പേ എന്ന് പറയും; അതായത് മൊത്തം ചെലവിന്റെ ഒരു നിശ്ചിത ശതമാനം ഉപഭോക്താവ് കയ്യിൽ നിന്നും ചെലവാക്കണം എന്ന വ്യവസ്ഥ.
മേൽ പറഞ്ഞ കോ-പേ വ്യവസ്ഥ ഇൻഷുറൻസ് കമ്പനിയെ അനുസരിച്ച് മാറാം. എല്ലാ കമ്പനികളും ഇത്തരം ഒരു സംവിധാനം നൽകണം എന്നുമില്ല. എന്റെ അഭിപ്രായത്തിൽ, നിങ്ങൾ ചെറുപ്പക്കാരോ, യാത്ര ചെയ്യുന്നവരോ ആണെങ്കിൽ ഇന്ത്യ മുഴുവൻ കവറേജ് ഉള്ള ഇൻഷുറൻസ് എടുക്കുന്നതാണ് അഭികാമ്യം.
മേൽപറഞ്ഞ കോ-പേ, സോൺ കവറേജ് ഇൻഷുറൻസിന് മാത്രമല്ല ബാധകം. പ്രായമായവർക്കുള്ള ഇൻഷുറൻസ് അടക്കം, ഏതൊരു ഇൻഷുറൻസിനും ബാധകമാകാവുന്നതേയുള്ളു. ഇതെല്ലം കമ്പനി നൽകുന്ന നിയമാവലിയിൽ കാണും. പോളിസി എടുക്കുന്നതിന് മുൻപ് ഈ ഡോകുമെന്റ് വായിച്ച് ഉറപ്പുവരുത്തണം.
നെറ്റ്‌വർക്ക് കവറേജ്
മിക്കവാറും ഇൻഷുറൻസ് കമ്പനികൾ അവരുടെ പ്രതിനിധിയായി തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർമാരെ (TPA) ആകാം ആശുപത്രികളുടെ ഇൻഷുറൻസ് ഹെൽപ്ഡെസ്‌കുമായി ആശയവിനിമയത്തിന് നിയോഗിക്കുക. നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയുടെ TPAയ്ക്ക് ബന്ധമുള്ള ആശുപത്രികളിലാണ് ക്യാഷ്‌ലെസ്സ് ചികിത്സ ലഭ്യമാകുക. ക്യാഷ്‌ലെസ്സ് എന്നാൽ, ആശുപത്രിയിലെ ചികിത്സയ്ക്ക് നിങ്ങളുടെ കയ്യിൽ നിന്നും പണം ഈടാക്കില്ല (നിബന്ധനകൾക്ക് വിധേയം). ക്യാഷ്‌ലെസ്സ് ലഭ്യമല്ലാത്ത ആശുപത്രി ആണെങ്കിൽ ബില്ലെല്ലാം വാങ്ങി റീഇമ്പേഴ്സ്മെന്റിന് പതിനഞ്ചോ, മുപ്പതോ ദിവസങ്ങൾക്കുള്ളിൽ TPAയിൽ അപേക്ഷിക്കണം; ആശുപത്രിയിൽ ഉള്ള സമയത്ത് നിങ്ങൾ കയ്യിൽ നിന്നും പണം എടുക്കേണ്ടി വരും എന്ന് ചുരുക്കം.
പറഞ്ഞുവന്നത്, ഇൻഷുറൻസ് എടുക്കുമ്പോൾ TPAയുടെ നെറ്റ്‌വർക്ക് ആശുപത്രികൾ, അഥവാ ഏതൊക്കെ ആശുപത്രികളിൽ ക്യാഷ്‌ലെസ്സ് സംവിധാനം ലഭിക്കും എന്നത് ശ്രദ്ധിക്കണം. നിങ്ങളുടെ വീടിന്റെയോ, ജോലിസ്ഥലത്തിന്റെയോ പരിസരത്തുള്ള ആശുപത്രികൾ നെറ്റ്‌വർക്ക് ആശുപത്രിയാകുന്ന ഇൻഷുറൻസ് തെരഞ്ഞെടുക്കുന്നതാകും അഭികാമ്യം. മെഡിഅസ്സിസ്റ്, ഹെൽത്ത് ഇന്ത്യ, വിദാൽ എന്നീ TPAകൾ ഉപയോഗിച്ചതിൽ സംതൃപ്തി തോന്നിയിട്ടുണ്ട്. പക്ഷെ, ഓരോരുത്തരുടെ അനുഭവം വ്യത്യസ്തമാകാം. നിങ്ങൾ തെരഞ്ഞെടുക്കുന്ന ഇൻഷുറൻസ് കമ്പനി ഏത് TPA വേണം എന്ന് തെരഞ്ഞെടുക്കാൻ അവസരം തന്നാൽ ഉപയോഗിക്കുക. ചില കമ്പനികൾ TPA ഇല്ലാതെ, കമ്പനി തന്നെ ക്ലെയിം നേരിട്ട് (in-house) കൈകാര്യം ചെയ്തും വരുന്നു.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, TPAയുടെ നെറ്റ്‌വർക്ക് കവറേജ് മാത്രം ശ്രദ്ധിച്ചാൽ പോരാ, മറിച്ച് ഇൻഷുറൻസ് കമ്പനിയുടെ നെറ്റ്‌വർക്ക് കവറേജ് കൂടി ശ്രദ്ധിക്കണം എന്നതാണ്. ഈയടുത്തകാലം വരേയ്ക്കും, TPA കവറേജ് ഉണ്ടെങ്കിൽ അവിടെ ക്യാഷ്‌ലെസ്സ് സംവിധാനം ലഭിക്കും എന്നാണ് ഞാൻ ധരിച്ച് വച്ചിരുന്നത്; പക്ഷെ അത് പൂർണമായും ശരിയല്ല; നമ്മുടെ ഇൻഷുറൻസ് കമ്പനിയുടെ നെറ്റ്‌വർക്ക് ലിസ്റ്റിൽ കൂടെ ആ ആശുപത്രി വേണം, ക്യാഷ്‌ലെസ്സ് ലഭിക്കാൻ.
മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ്
മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ് ചെലവേറിയതാകും എന്നറിയാമല്ലോ. മിക്കവാറും ഇൻഷുറൻസ് കമ്പനികൾ 55 വയസ്സിൽ താഴെയുള്ളവർക്ക് മെഡിക്കൽ ടെസ്റ്റ് കൂടാതെ തന്നെ ഇൻഷുറൻസ് നൽകും, ചില കമ്പനികൾ 60 വയസ്സ് വരെയും (ഉദാ: Digit). നിങ്ങൾ നാല്പത് വയസ്സിൽ താഴെ ഉള്ള ഒരാൾ ആണെങ്കിൽ, ഒരു ഫാമിലി ഇൻഷുറൻസ് എടുക്കുകയാണെങ്കിൽ, മാതാപിതാക്കളെ നിങ്ങളുടെ ഫാമിലി ഇൻഷുറൻസിൽ തന്നെ ചേർക്കാതെ, അവർക്ക് പ്രത്യേകം ഇൻഷുറൻസ് എടുക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ, നിങ്ങളുടെ മുഴുവൻ പ്രീമിയം കൂടുതലാകാൻ സാധ്യതയുണ്ട്. നിങ്ങൾ, ജീവിത പങ്കാളി, ആശ്രിത മക്കൾ എന്നിവരെ ഒരൊറ്റ ഇൻഷുറൻസിലും, മാതാപിതാക്കളെ അവർക്കായി മറ്റൊരു ഇൻഷുറൻസിലും ചേർക്കുക.
മുതിർന്ന പൗരന്മാർക്ക് (സാധാരണയുള്ള എൻട്രി വയസ്സ് കഴിഞ്ഞവർക്കും) മാത്രമായി സീനിയർ സിറ്റിസൺ ഇൻഷുറൻസ് നൽകുന്ന കമ്പനികളുമുണ്ട്. പ്രീമിയം കൂടും എന്ന് മാത്രം.
ഓൺലൈൻ വേണോ ഓഫ്‌ലൈൻ വേണോ
ഓൺലൈനായി എടുക്കുന്ന ഇൻഷുറൻസുകൾക്ക് പ്രീമിയം തുക കുറവായാണ് കാണുന്നത്. പോളിസി ബസാർ, ഇൻഷുറൻസ് ദേഖോ, കവർഫോക്സ് പോലുള്ള വെബ്സൈറ്റുകൾ വളരെ കുറഞ്ഞ പ്രീമിയത്തിൽ (അതാത് ഇൻഷുറൻസ് കമ്പനികളുടെ വെബ്സൈറ്റുകളിൽ നിന്ന് നേരിട്ട് എടുക്കുന്നതിനേക്കാൾ) ഇൻഷുറൻസ് നൽകുന്നതായി കാണാറുണ്ട്. മാത്രമല്ല, പോളിസി നിയമാവലികൾ എളുപ്പത്തിൽ താരതമ്യം ചെയ്യാനും, വായിച്ച് മനസ്സിലാക്കാനും സാധിക്കും. പോളിസി ഡോക്കുമെന്റ് മുഴുവനായി വായിക്കാതെ ഒരു കാരണവശാലും ഇൻഷുറൻസ് എടുക്കരുത്. നാട്ടിലെ ചില ഏജന്റുമാർ ഒരു പ്രത്യേക ഇൻഷുറൻസ് (LIC അല്ല) വിറ്റഴിക്കുന്നതും, പിന്നീട് ക്ലെയിം നിരസിക്കപ്പെടുന്നതും സോഷ്യൽ മീഡിയയിൽ സ്ഥിരമായി കാണുന്ന വാർത്തയാണ്. ലിബർട്ടി ഇൻഷുറൻസ്, ഡിജിറ്റ് പോലുള്ളവ പ്രീമിയം കുറവ് നൽകുന്നതായി കണ്ടിട്ടുണ്ട്; പക്ഷെ അവരുടെ ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ അടക്കം നോക്കി വേണം ഇൻഷുറൻസ് എടുക്കാൻ.
ചുരുക്കി പറഞ്ഞാൽ ഓൺലൈൻ ഇൻഷുറൻസ് എടുക്കുന്നതിനെ പേടിക്കേണ്ട കാര്യമില്ല. പലർക്കും ഒരു തെറ്റിദ്ധാരണയുണ്ട്—നാട്ടിലെ ഏജന്റ് മുഖേന ഇൻഷുറൻസ് എടുത്താൽ എന്തെങ്കിലും സഹായം ഭാവിയിൽ ആവശ്യമായി വന്നാൽ അദ്ദേഹം സഹായിക്കും എന്നത്. ഹെൽത്ത് ഇൻഷുറൻസിനെ സംബന്ധിച്ച് വില്പന കഴിഞ്ഞാൽ, ഒരുപക്ഷേ വർഷാവർഷം പുതുക്കുന്നതിനൊഴികെ, ഏജന്റിന് കാര്യമായൊന്നും ചെയ്യാനില്ല എന്നതാണ് സത്യം.
ഗ്രൂപ് ഇൻഷുറൻസ് വേണോ നിങ്ങളുടെ പേരിലെ റീറ്റെയ്ൽ ഇൻഷുറൻസ് വേണോ? എനിക്ക് തൊഴിലിടത്തിൽ ഇൻഷുറൻസ് ഉണ്ടല്ലോ.
ഗ്രൂപ്പ് ഇൻഷുറൻസ് എന്നാൽ തൊഴിൽദാതാവോ അതുപോലുള്ള സംഘടനകളോ അവയിലെ അംഗങ്ങൾക്ക് ഏർപ്പെടുത്തുന്ന ഇൻഷുറൻസ് ആണ്. ചില ബാങ്കുകൾ അവരുടെ സേവിങ്സ് അക്കൗണ്ട്/ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ഈ സൗകര്യം നൽകാറുണ്ട്. ഈയിടെ കുവേര എന്ന ഓൺലൈൻ മ്യൂച്ചൽ ഫണ്ട് മാർക്കറ്റ്പ്ലേസ്/പ്ലാറ്റ്ഫോം ഇത്തരം ഒരു സൗകര്യം ഏർപ്പെടുത്തിയത് എന്നെ ആകർഷിച്ച ഒന്നാണ്. ചെറിയൊരു തുക മാത്രം നൽകി സ്ഥാപനത്തിന്റെ ഗ്രൂപ്പ് ഇൻഷുറൻസ് സ്‌കീമിൽ ചേരാം. അഞ്ചു ലക്ഷം രൂപയുടെ ഒക്കെ ഹെൽത്ത് കവറേജിന് ഏഴായിരമോ, ഒൻപതായിരമോ ഒക്കെയേ വര്‍ഷം പ്രീമിയം വരുകയുള്ളു. തൊഴിൽദാതാക്കൾ മിക്കവാറും ഈ കവറേജ് (GMC) സൗജന്യമായും നൽകാറുണ്ട്. ചില ഗ്രൂപ്പ് ഇൻഷുറൻസുകളിൽ സ്വന്തം കുടുംബത്തിന് (Self, Spouse, 2 children) പുറമെ മാതാപിതാക്കളെയോ, പങ്കാളിയുടെ മാതാപിതാക്കളെയോ ചേർക്കുവാനും അനുവദിക്കാറുണ്ട്.
കുറഞ്ഞ പ്രീമിയത്തിന് പുറമെ, ചില ഗുണങ്ങളും ഇത്തരം ഗ്രൂപ്പ് ഇൻഷുറൻസുകൾക്ക് ഉണ്ട്. ചില രോഗങ്ങൾക്കുള്ള വെയ്റ്റിംഗ് പീരീഡ് കുറയ്ക്കുന്നതോ, ഇല്ലാതാക്കുന്നതോ ഒരു ഗുണമാണ്. ചില ഗ്രൂപ്പ് ഇൻഷുറൻസുകൾ നിലവിലുള്ള രോഗങ്ങൾക്കും പരിരക്ഷ തരാറുണ്ട്. ഗ്രൂപ്പ് ഇൻഷുറൻസിൽ വളരെയധികം ആളുകൾ ഒരേസമയം അംഗങ്ങളായത് കാരണം, മുൻവർഷങ്ങളിൽ നിങ്ങൾക്ക് വന്ന ക്ലെയിം അടുത്ത വർഷത്തെ നിങ്ങളുടെ പ്രീമിയത്തെ സാരമായി ബാധിക്കാറില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് മുതലായ ബാങ്കുകൾ അവരുടെ സേവിങ്സ് അക്കൗണ്ട് ഹോൾഡർമാർക്ക് ഗ്രൂപ്പ് ഇൻഷുറൻസ് നൽകുന്നുണ്ട്. അതാത് ബാങ്കുകളെ ബന്ധപ്പെട്ട് അന്വേഷിച്ചാൽ ഇതിനെകുറിച്ചുള്ള വിവരം ലഭിക്കും. പ്രീമിയം അടക്കമുള്ള വിവരങ്ങൾ അന്വേഷിച്ച് ചേരാം.
ഗ്രൂപ്പ് ഇൻഷുറൻസുകളുടെ പ്രധാന ചില പോരായ്മകളുണ്ട്. അവയിലൊന്ന്, മാസ്റ്റർ പോളിസി അതാത് സ്ഥാപനങ്ങളുടെ പേരിൽ ആയിരിക്കും എന്നതാണ്. ആ സ്ഥാപനം പ്രസ്തുത കവറേജ് നിർത്താൻ തീരുമാനിച്ചാൽ നമ്മൾ പെട്ട് പോകും. ഉദാഹരണത്തിന് എന്റെ മാതാപിതാക്കൾക്ക് ബാങ്ക് ഓഫ് ഇന്ത്യ വഴി നാഷണൽ ഇൻഷുറൻസിന്റെ ഒരു ഗ്രൂപ്പ് ഇൻഷുറൻസ് ഉണ്ടായിരുന്നു. 2018-19ൽ ആണെന്ന് തോന്നുന്നു, ബാങ്ക് ആ പോളിസി നിർത്തി (ഇപ്പോൾ സ്റ്റാർ ഹെൽത്തുമായി ചേർന്ന് അവർ ഗ്രൂപ്പ് ഇൻഷുറൻസ് നൽകുന്നുണ്ട്). ആ പോളിസി നിർത്തിയപ്പോൾ ഗ്രൂപ്പ് ഇൻഷുറൻസ് പോളിസി റദ്ധാക്കപ്പെടുകയാണ് ചെയ്തത്; അതായത് നമ്മുടെ കവറേജ് തീർന്നു എന്നർത്ഥം. പക്ഷെ, പോർട്ടിങ് മുഖേന (ഗ്രൂപ്പ് ഇൻഷുറൻസിനെ സ്വത്രന്ത്ര റീറ്റെയ്ൽ ഇൻഷുറൻസായി മാറ്റുകയോ, ഒരു ഇൻഷുറൻസ് കമ്പനിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുകയോ ചെയ്യുന്ന പ്രക്രിയ) മുഖേന ഞാൻ എന്റെ മാതാപിതാക്കളുടെ ഇൻഷുറൻസ് സ്വതന്ത്രമായ റീറ്റെയ്ൽ ഇൻഷുറൻസ് ആക്കി മാറ്റിയത് കാരണം അതുവരെയുള്ള സീനിയോറിറ്റി ലഭിച്ചു. പക്ഷെ, പറ്റിയ ഒരു ദോഷം എന്തെന്നാൽ റീറ്റെയ്ൽ ഇൻഷുറൻസ് ആക്കി മാറ്റിയപ്പോൾ നല്ല രീതിയിൽ പ്രീമിയം കൂടി.
മേൽപ്പറഞ്ഞ പോർട്ടിങ് രീതി എല്ലായ്പ്പോഴും സുഗമമായി നടക്കണമെന്നില്ല. ഗ്രൂപ്പ് ഇൻഷുറൻസിൽ നിന്ന് റീറ്റെയ്ൽ ഇൻഷുറൻസിലേക്ക് മാറുമ്പോൾ അതിന്റെ Terms and Conditions നേരത്തെയുള്ള ഗ്രൂപ്പ് ഇൻഷുറൻസിന്റേത് തന്നെയാകണമെന്നില്ല. പരമാവധി യോജിപ്പുള്ള (similar) ഇൻഷുറൻസ് സ്കീമാകാം നമുക്ക് അനുവദിക്കുന്നത്. അതിലെ പല നിബന്ധനകളും നമുക്ക് അനുയോജ്യമാകണം എന്നുമില്ല. ഒരു ഇൻഷുറൻസ് കമ്പനിയിലെ പോളിസി മറ്റൊരു കമ്പനിയിലേക്ക് മാറ്റുമ്പോഴും ഇത് ബാധകമാണ്.
തൊഴിൽ ദാതാവ് മുഖേനയുള്ള ഇൻഷുറൻസ് സ്വന്തമായ ഇൻഷുറൻസാക്കി പോർട്ട് ചെയ്യുമ്പോഴും ഇത്തരം കടമ്പകൾ ഉണ്ട്. ഏറ്റവും കുറഞ്ഞത് നിങ്ങളുടെ അവസാന പ്രവൃത്തിദിവസത്തിന്റെ 45 ദിവസമെങ്കിലും മുൻപേ പോർട്ടിങ് നടപടികൾ ആരംഭിക്കണം. നിങ്ങളുടെ തൊഴിൽദാതാവ് നിശ്ചിതവർഷക്കാലം (3 വർഷമാണ് പൊതുവെ) തുടർച്ചയായി ഒരൊറ്റ ഇൻഷുറൻസ് കമ്പനി മുഖേന തന്നെ ഇൻഷുറൻസ് എടുക്കുന്നതാണെങ്കിൽ മാത്രമേ നിങ്ങൾക്ക് പോർട്ട് ചെയ്യുമ്പോൾ അതിന്റെ സീനിയോറിറ്റി ലഭിക്കൂ. ഗ്രൂപ്പ് ഇൻഷുറൻസിൽ കവറേജിലുള്ള എല്ലാവരെയും (ഉദാ: മാതാപിതാക്കൾ) പോർട്ട് ചെയ്‌തെടുക്കുന്ന റീറ്റെയ്ൽ ഇൻഷുറൻസിൽ ചേർക്കുവാൻ ഇൻഷുറൻസ് കമ്പനി അനുവദിക്കണം എന്നുമില്ല. പിന്നെ, അനുഭവത്തിന്റെ വെളിച്ചത്തിൽ പറയട്ടെ, ഈ പ്രക്രിയ അല്പം സങ്കീർണ്ണമായതും, പൊതുവെ ഇൻഷുറൻസ് കമ്പനികൾ താല്പര്യം കാണിക്കാത്തതുമാണ്.
മറ്റൊന്ന്, മേൽപ്പറഞ്ഞ രീതിയിൽ പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ജോലി നഷ്ട്ടപെടാനോ, സ്ഥാപനം ഇൻഷുറൻസ് കവറേജ് നിർത്തലാക്കുവാനോ ഉള്ള സാധ്യത കൂടി കണക്കാക്കണം. ജോലി നഷ്ടപ്പെടുകയോ, രാജി വയ്ക്കുകയോ ചെയ്യുന്ന പക്ഷം, അവസാനത്തെ പ്രവൃത്തി ദിനം വരെ മാത്രമേ നിങ്ങൾക്ക് കവറേജ് ലഭിക്കൂ. നിങ്ങൾ പ്രായമേറിയ ഒരാളാണെങ്കിൽ, ഇനി പുതിയൊരു ഇൻഷുറൻസ് പുറത്തുപോയി എടുത്തു വരുമ്പോഴേക്കും, പ്രീമിയം കൂടുന്നതിന് പുറമെ, സീനിയോറിറ്റി യാതൊന്നുമില്ലാത്ത അവസ്ഥയും, ചില രോഗങ്ങൾക്ക് വീണ്ടും രണ്ടോ, നാലോ വർഷങ്ങൾ കാത്തിരിക്കേണ്ടിയും വന്നേക്കാം. പ്രായം വളരെ കൂടുതലാണെങ്കിൽ അന്നേരം പുതിയൊരു ഇൻഷുറൻസ് എടുക്കുന്നത് തന്നെ പ്രയാസമാകാം.
മറ്റൊരു പ്രധാന പ്രശ്നം, ഗ്രൂപ്പ് ഇൻഷുറൻസുകളിൽ ചേർക്കാവുന്നതിനും, പുറത്ത് പോകുന്നതിനും പരമാവധി പ്രായം നിശ്ചയിച്ചിട്ടുണ്ടാകാം. അതായത് 60 വയസ്സിൽ താഴെയാണെങ്കിൽ മാത്രമേ ചേരാൻ കഴിയൂ, പരമാവധി 80 വയസ്സ് വരെ മാത്രമേ കവറേജ് ലഭിക്കൂ എന്നൊക്കെ. ഇതൊരു ഉദാഹരണമാണ്; ഓരോ പോളിസിക്കനുസരിച്ചും മാറ്റം വരാം. പക്ഷെ ഗ്രൂപ്പ് ഇൻഷുറൻസുകൾക്ക് ഇത്തരം സാദ്ധ്യതകൾ അധികമാണ് എന്ന് മനസിലാക്കുക.
മറ്റൊന്ന്, ഗ്രൂപ്പ് പോളിസികളിൽ (ഫാമിലി പോളിസി ആണെങ്കിൽ) ഒരാളെ പ്രൈമറി ഇൻഷുവേഡ് ആക്കിയാകും ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് നൽകുക. ഉദാഹരണത്തിന്, തൊഴിൽദാതാവ് നൽകുന്ന ഇൻഷുറൻസ് അവിടെ ജോലി ചെയ്യുന്ന ആൾക്കാകും നൽകുക. അയാളുടെ കുടുംബാംഗങ്ങൾ dependents അഥവാ ആശ്രിതർ എന്ന വിഭാഗമായിരിക്കും. മേൽപ്പറഞ്ഞ ജോലിക്കാരന് മരണം സംഭവിച്ചാൽ അതോടുകൂടി ആ കുടുംബത്തിന്റെ ഇൻഷുറൻസ് കവറേജ് നിൽക്കും. ബാങ്ക് വഴി നൽകുന്ന ഗ്രൂപ്പ് ഇൻഷുറൻസിനും ഇത് ബാധകമാണ്—സേവിങ്സ്/ക്രെഡിറ്റ് കാർഡ് ഉടമ മരിച്ചാൽ ഇൻഷുറൻസ് കവറേജ് നിന്നുപോകും. കുടുംബത്തിലെ ബാക്കിയുള്ളവർക്ക് പിന്നീട് ഇൻഷുറൻസ് കവറേജ് ഇല്ലാതെ വരും.
മേൽപ്പറഞ്ഞ കാരണങ്ങളാൽ, തൊഴിൽദാതാവിന്റെ ഗ്രൂപ്പ് ഇൻഷുറൻസുകളിൽ ഉള്ളവർ—പ്രത്യേകിച്ച് പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ—ഒരു റീറ്റെയ്ൽ ഇൻഷുറൻസ് കൂടി എടുത്ത് വയ്ക്കണം എന്നാണ് എന്റെ അഭിപ്രായം.
ഫാമിലി ഫ്‌ളോട്ടർ ഇൻഷുറൻസ് വേണോ, അതോ ഓരോരുത്തർക്കും പ്രത്യേകം തുക വേണോ
പൂർണമായും നിങ്ങളുടെ തീരുമാനം. ഫ്‌ളോട്ടർ എന്നാൽ ഒരു തുക കുടുംബത്തിലെ എല്ലാവർക്കും കൂടി ഷെയർ ചെയ്ത് ഉപയോഗിക്കാം. അതായത്, ആ തുക ആവശ്യമെങ്കിൽ ഒരാൾക്ക് ഒറ്റയ്ക്ക് മുഴുവനായി ഉപയോഗിക്കാം, അല്ലെങ്കിൽ എല്ലാവരും ചേർന്ന് ഉപയോഗിക്കാം. ഫ്‌ലോട്ടെറിന് പകരം, കുടുംബത്തിലെ ഓരോരുത്തർക്കും പ്രത്യേകം തുക തെരഞ്ഞെടുക്കുന്ന രീതിയും അവലംബിക്കാം. അത് നിങ്ങളുടെ കാഴ്ചപ്പാടിനും, ആവശ്യങ്ങൾക്കും അനുസൃതമായി തീരുമാനിക്കുക. ഞാൻ ഫ്ളോട്ടർ രീതിയാണ് എന്റെ കാര്യത്തിൽ അവലംബിച്ചത്.
OPD കവറേജ് വേണോ
വേണ്ട എന്നാകും ഞാൻ പറയുക. ഹെൽത്ത് ഇൻഷുറൻസ് സാധാരണ ഗതിയിൽ കിടത്തിചികിത്സയ്ക്കും (ഇൻ പേഷ്യന്റ്), ചില ഡേ കെയർ രോഗങ്ങളുമാണ് കവർ ചെയ്യുന്നത്. OPD എന്നാൽ നിങ്ങൾ പനിയോ, ചുമയോ ഒക്കെ വരുമ്പോൾ ഡോക്റ്ററെ പോയി കാണുന്ന രീതിയാണ് (ഔട്ട് പേഷ്യന്റ്). പക്ഷെ, ഹെൽത്ത് ഇൻഷുറൻസ് കവറേജിലേക്ക് OPD ചെലവിനും കൂടി കവറേജ് ചേർക്കുമ്പോൾ പ്രീമിയം തുക നല്ല രീതിയിൽ കൂടുന്നതായാണ് കാണുന്നത്. അതിനനുസരിച്ചുള്ള ഗുണം ഉണ്ടാകാറുമില്ല; കാരണം OPD കവറേജ് ഉണ്ടെങ്കിൽ പോലും നാമമാത്രമായ തുക മാത്രമേ അതിനായി ലഭിക്കൂ—പ്രീമിയം കൂടുകയും ചെയ്യും. ഒഴിവാക്കുന്നതാണ് പൊതുവിൽ നല്ലത്.
LIC ആണോ നല്ലത്
ഈ കുറിപ്പ് മുഴുവൻ വായിച്ചിട്ട് നിങ്ങൾ തന്നെ തീരുമാനമെടുക്കുക. LIC ഹെൽത്ത് ഇൻഷുറൻസിന്റെ നിബന്ധനകൾ, ക്യാഷ്‌ലെസ്സ് സംവിധാനം ലഭിക്കുന്ന ആശുപത്രികളുടെ എണ്ണം, ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ മുതലായവ വായിച്ച് നിങ്ങൾ തന്നെ ഒരു തീരുമാനത്തിലെത്തുക.
എനിക്ക് പറയാനുള്ള ഒരു പ്രധാനകാര്യം, ലൈഫ് ഇൻഷുറൻസിനേയും, ഹെൽത്ത് ഇൻഷുറൻസിനെയും നിങ്ങൾ കൂട്ടിക്കുഴച്ച് കാണരുത് എന്നതാണ്. ലൈഫ് ഇൻഷുറൻസ് നിങ്ങളുടെ ജീവന് ഇൻഷുറൻസ് നൽകുമ്പോൾ, ഹെൽത്ത് ഇൻഷുറൻസ് നിങ്ങളുടെ ആരോഗ്യത്തിനും, ചികിത്സാ ചെലവിനുമാണ് ഇൻഷുറൻസ് നൽകുന്നത്. LIC ഇത് രണ്ടും നൽകുന്ന കമ്പനിയാണ്; ലൈഫ് ഇൻഷുറൻസുകളാണ് കൂടുതലെങ്കിലും.
AYUSH വേണോ
AYUSH അഥവാ ആയുർവ്വേദം, യുനാനി, സിദ്ധ, ഹോമിയോ എന്നീ പാരമ്പര്യ/നോൺ-മോഡേൺ മെഡിസിൻ രീതികളെ ചികിത്സയ്ക്കും കവറേജ് വേണമോ എന്നതാണ് ചോദ്യം. നിങ്ങളുടെ ഇഷ്ടം; നിങ്ങളുടെ ചികിത്സാരീതികൾ ഇവയൊക്കെയാണെങ്കിൽ AYUSH കവറേജ് എടുക്കാം. ചില ഇൻഷുറൻസ് കമ്പനികൾ പ്രത്യേക പ്രീമിയം നൽകാതെ തന്നെ ഈ കവറേജ് നൽകുന്നുണ്ട്.
പ്രൊപോസർ ആരാകണം
എന്റെ മാതാപിതാക്കൾക്ക് ഇൻഷുറൻസ് എടുത്തപ്പോൾ ഞാനായിരുന്നു പ്രൊപോസർ. അഥവാ, ഞാനാണ് പണമടക്കുന്നയാൾ. അവരുടെ ഇൻഷുറൻസിൽ ഞാൻ അംഗമല്ല; പക്ഷെ എനിക്ക് പ്രൊപോസർ ആകാം. ഇതിന്റെ ഗുണം എന്തെന്ന് വച്ചാൽ, എനിക്ക് ആ ഇൻഷുറൻസിനടയ്ക്കുന്ന തുകയ്ക്ക് വരുമാനനികുതിയിൽ ഇളവ് ലഭിക്കും എന്നതാണ്. ആരാണോ പ്രൊപോസർ അവർക്കാണ് വരുമാനനികുതിയിൽ ഇളവ് ലഭിക്കുക. ഇത് മാതാപിതാക്കളുടെ ഇൻഷുറൻസിന് മാത്രമല്ല, ഏത് ഇൻഷുറൻസിനും ബാധകമാണ്. നിങ്ങളുടെ കുടുംബത്തിലൊരാൾ വരുമാനനികുതി അടക്കുന്നവരാണെങ്കിൽ, അവർ പ്രൊപോസർ ആകുന്നത് വരുമാനനികുതി ലഭിക്കാൻ സഹായിക്കും.
അതീവഗുരുതര രോഗങ്ങൾക്ക് പ്രത്യേകം കവറേജ് വേണോ
നിങ്ങളുടെ തീരുമാനമാണ്. ക്രിട്ടിക്കൽ ഇൽനെസ്സ് വിഭാഗത്തിൽ പെടുന്ന രോഗങ്ങൾക്ക് മാത്രമായി ഇൻഷുറൻസ് കമ്പനികൾ പല സ്കീമുകളും ഇറക്കുന്നുണ്ട്. പ്രായം കുറവാണെങ്കിൽ ഇത്തരം ഇൻഷുറൻസുകൾക്ക് കാര്യമായി പ്രീമിയം വരില്ല. ഹെൽത്ത് ഇൻഷുറൻസ് എടുക്കുമ്പോൾ ക്രിട്ടിക്കൽ ഇൽനെസ്സ് ഓപ്‌ഷൻ ഉണ്ടെങ്കിൽ അവ കൂടി ചേർത്തിട്ട് പ്രീമിയം നിങ്ങൾക്ക് താങ്ങാനാവുന്നതെങ്കിൽ എടുക്കാവുന്നതാണ്. അല്ലെങ്കിൽ, ക്രിട്ടിക്കൽ ഇൽനെസിന് പ്രത്യേകം കവറേജ് എടുക്കാം. പ്രീമിയം ഒത്തുനോക്കി തീരുമാനം എടുക്കുക.
ടോപ്പ് അപ്പ് വേണോ?
ഇൻഷുറൻസിൽ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സംഗതിയാണ് ടോപ്-അപ്പ്/സൂപ്പർ ടോപ്-അപ്പ്. ഈയടുത്ത കാലത്താണ് ഞാൻ സംഗതി മനസ്സിലാക്കിയത്. ഇത് വായിക്കുന്നവരിൽ ചിലരെങ്കിലും ഇതെന്താണ് എന്ന് അറിഞ്ഞിരിക്കാനും ഇടയില്ല. പറയാം.
ടോപ് അപ്പ് എന്നാൽ എന്താണ്? മൊബൈലിൽ കാളിങ് ബാലൻസ് കുറയുമ്പോൾ നമ്മൾ കൂടുതൽ തുക ഇടില്ലേ. അതുപോലെ. ഒരു ഉദാഹരണം പറയാം: നിങ്ങൾക്ക് 5 ലക്ഷം രൂപയുടെ ഒരു പോളിസി ഉണ്ടെന്ന് കരുതുക (ഇതിനെ നമുക്ക് ബേസ് പോളിസി എന്ന് വിളിക്കാം). നിങ്ങൾക്ക് ഒരു രോഗത്തിന് ഒരിക്കൽ ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടി വന്നു എന്നും കരുതുക. ചികിത്സാ ചെലവ് 7 ലക്ഷം ആണെങ്കിൽ, ഇൻഷുറൻസ് മുഖേന പരമാവധി 5 ലക്ഷമല്ലേ ലഭിക്കൂ. പക്ഷെ, നിങ്ങൾക്ക് ഒരു ടോപ് അപ്പ് ഇൻഷുറൻസ് ഉണ്ടായിരുന്നെങ്കിൽ ബാക്കിയുള്ള 2 ലക്ഷം കൂടി കിട്ടിയേനെ.
അതായത് നിങ്ങൾ എടുത്ത ബേസ് പോളിസിയോടൊപ്പം, ഒരു ടോപ് അപ്പ് പോളിസി കൂടി എടുക്കണം. ഈ ടോപ് അപ്പ് പോളിസി എടുക്കുമ്പോൾ “ഡിഡക്റ്റബിൾ” ആയി 5 ലക്ഷം തെരഞ്ഞെടുക്കുക. എന്നിട്ട് ടോപ് അപ്പ് ഇൻഷുറൻസ് ആയി മറ്റൊരു രണ്ടോ, പത്തോ, ഇരുപതോ ലക്ഷം തെരഞ്ഞെടുക്കാം. ഇതിന്റെ അർഥം, ഒരു രോഗം വന്നാൽ, അതിന് ചെലവാകുന്ന തുകയുടെ ആദ്യ കുറച്ച് ഭാഗം (ഡിഡക്റ്റബിളിന് തുല്യമായ തുക) ടോപ് അപ്പ് ഇൻഷുറൻസ് മുഖേന ലഭിക്കില്ല. ഡിഡക്റ്റബിളിന് മുകളിൽ വരുന്ന തുക നിങ്ങളുടെ ടോപ് അപ്പ് ഇൻഷുറൻസ് പരിധിയിൽ നിന്നു കൊണ്ട് ലഭിക്കും. മുകളിലെ ഉദാഹരണത്തിൽ, മൊത്തം 7 ലക്ഷത്തിന്റെ 5 ലക്ഷം നിങ്ങളുടെ ബേസ് ഇൻഷുറൻസ് മുഖേനയും, പിന്നീട് വരുന്ന 2 ലക്ഷം ടോപ് അപ്പ് ഇൻഷുറൻസ് മുഖേനയും ലഭിക്കും. ടോപ് അപ്പ് ഇൻഷുറൻസ് എടുക്കുമ്പോൾ ഡിഡക്റ്റബിൾ തെരഞ്ഞെടുക്കാൻ കമ്പനികൾ നമ്മെ അനുവദിക്കാറുണ്ട്.
ഇതിന്റെ മറ്റൊരു ഗുണം ബേസ് പോളിസി ഇല്ലാതെയും നിങ്ങൾക്ക് ടോപ് അപ്പ് പോളിസി എടുക്കാം എന്നതാണ്. ഉദാഹരണത്തിന്, ഒരു 3 ലക്ഷം രൂപ ഒക്കെ ചികിത്സാ ചെലവ് വന്നാൽ ഞാൻ സ്വയം വഹിച്ചോളാം, അതിനുവേണ്ടി ഒരു ഇൻഷുറൻസ് വേണ്ട എന്നാണ് നിങ്ങളുടെ തീരുമാനമെന്നിരിക്കട്ടെ. ചെലവ് മൂന്ന് ലക്ഷത്തിലധികം ആണെങ്കിൽ കീശ കീറും എന്നും കരുതുക. എന്താണ് പോം വഴി? ബേസ് ഇൻഷുറൻസ് ഇല്ലാതെ തന്നെ ഒരു ടോപ് അപ്പ് ഇൻഷുറൻസ് അങ്ങെടുക്കുക. അതിന്റെ ഡിഡക്റ്റബിൾ ആയി 3 ലക്ഷം തെരഞ്ഞെടുക്കുക. അപ്പോൾ, 3 ലക്ഷത്തിന് മുകളിൽ വരുന്ന ചികിത്സയ്ക്ക് ടോപ് അപ്പ് ഇൻഷുറൻസ് കമ്പനി പണം തരും.
ഇതിപ്പോ ബേസ് പോളിസി തന്നെ കൂട്ടി എടുത്താൽ പോരേ? എന്തിനാണ് വേറെ ഒരു ടോപ് അപ്പ് പോളിസി ആയി എടുക്കുന്നേ? ഇതാകും ഇപ്പോൾ ചിന്ത. കാര്യമുണ്ട്. ടോപ് അപ്പ് പോളിസികൾക്ക് പ്രീമിയം വളരെ കുറവാണ്. 5 ലക്ഷം രൂപയുടെ ബേസ് പോളിസിയ്‌ക്ക് പതിനയ്യായിരം രൂപയാണ് പ്രീമിയം വരുന്നതെങ്കിൽ, ആ 5 ലക്ഷം കഴിഞ്ഞുള്ള (ഡിഡക്റ്റബിൾ) മറ്റൊരു 5 ലക്ഷം ടോപ് അപ്പ് ഇൻഷുറൻസിന്റെ പ്രീമിയം തുക ആയിരത്തഞ്ഞൂറോ, രണ്ടായിരമോ മാത്രമാകും. കാരണം എന്താകും? ടോപ് അപ്പ് ഇൻഷുറൻസ് എന്നാൽ ഒരു പരിധിയ്ക്ക് മുകളിൽ ചെലവ് വന്നാൽ ഇൻഷുറൻസ് നൽകുക എന്നതാണല്ലോ. Actuarial Analysis എന്ന ഒരു സംഗതിയുണ്ട് ഇൻഷുറൻസിൽ—അതായത്, എത്രമാത്രം റിസ്ക് ഇൻഷുറൻസ് കമ്പനിക്ക് ഉണ്ടെന്ന് കണക്ക് കൂട്ടുന്ന പ്രക്രിയ. ഒരു വലിയ തുകയ്ക്ക് ശേഷം (ഡിഡക്റ്റബിൾ) ചികിത്സാ ചെലവുകൾ ഉയർന്നുപോകാനുള്ള സാധ്യത വളരെ കുറവാണ്; അഥവാ വളരെ കുറച്ച് ആളുകൾ മാത്രമേ അത്രയും വലിയ തുകയ്ക്ക് വേണ്ടിയുള്ള ചികിത്സ തേടാൻ സാധ്യതയുള്ളൂ; അതിനാൽ കമ്പനിക്ക് റിസ്ക് കുറവാണ്, അതുകൊണ്ട് പ്രീമിയവും കുറവാണ്—വളരെയധികം കുറവ്.
ഇനി ഒരു ചോദ്യം: ബേസ് പോളിസി എടുത്ത കമ്പനിയിൽ നിന്ന് തന്നെ ടോപ് അപ്പ് പോളിസി എടുക്കണോ? നിർബന്ധമില്ല! ഏത് കമ്പനിയിൽ നിന്ന് വേണമെങ്കിലും എടുക്കാം. ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന സമയത്ത് രണ്ടു പോളിസിയും ഒരുമിച്ച് അവിടുത്തെ ഇൻഷുറൻസ് ഡെസ്കിൽ കൊടുത്താൽ മതി. മറ്റൊരു പ്രധാന കാര്യം: ടോപ് അപ്പ് പോളിസി വാങ്ങുമ്പോഴും എന്തൊക്കെ കവറേജ് ഉണ്ട് എന്ന് തുടങ്ങി ഈ കുറിപ്പിൽ പറയുന്ന കാര്യങ്ങൾ അതേ ജാഗ്രതയോടെ തന്നെ ശ്രദ്ധിച്ചുവേണം തെരഞ്ഞെടുക്കാൻ.
അപ്പോൾ സൂപ്പർ ടോപ് അപ്പ് എന്താണ്?
ടോപ് അപ്പ് പുലി ആണെങ്കിൽ, സൂപ്പർ ടോപ് അപ്പ് പുപ്പുലിയാണ്. ഞാനാണെങ്കിൽ ടോപ് അപ്പ് അല്ല, സൂപ്പർ ടോപ് അപ്പ് ആണ് തെരഞ്ഞെടുക്കുക. എന്താണ് വ്യത്യാസമെന്നല്ലേ? പറയാം.
ഒരു ഉദാഹരണം എടുക്കാം. നിങ്ങൾക്ക് ഒരു രോഗത്തിന് 3 ലക്ഷം രൂപ ചെലവായി എന്ന് കരുതുക. ഇത് മുകളിലെ ഉദാഹരണത്തിലെ ഡിഡക്റ്റബിൾ ആയ 5 ലക്ഷം കഴിയാത്തത് കൊണ്ട്, ബേസ് പോളിസിയിൽ നിന്ന് തന്നെ എടുക്കും എന്നറിയാമല്ലോ. കുറച്ച് നാൾ കഴിഞ്ഞ് നിങ്ങൾ വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ് ആയി എന്ന് കരുതുക. ഇത്തവണ ചികിത്സാ ചെലവ് 4 ലക്ഷം ആയി എന്നും കരുതുക. ആദ്യത്തെ തവണ 3 ലക്ഷം ഉപയോഗിച്ച് കഴിഞ്ഞതിനാൽ ബാക്കി 2 ലക്ഷം മാത്രമാണ് ബേസ് പോളിസിയിൽ ഉള്ളത്. പക്ഷെ ബിൽ തുക 4 ലക്ഷം. അതായത് 2 ലക്ഷം രൂപ കയ്യിൽ നിന്ന് നൽകണം. ഈ രണ്ട് ലക്ഷം ടോപ് അപ്പ് ഇൻഷുറൻസ് നൽകുമോ? ഇല്ല. അതായത്, ടോപ് അപ്പ് ഇൻഷുറൻസ് ഉപയോഗിക്കണമെങ്കിൽ ഒരു ചികിത്സയിൽ തന്നെ ഡിഡക്റ്റബിൾ തുകയ്ക്ക് മുകളിൽ ചികിത്സാ തുക ചെലവാകണം. ഇപ്പറഞ്ഞ രണ്ട് തവണയും ഡിഡക്റ്റബിൾ തുകയേക്കാൾ താഴെയാണ് ചികിത്സാ ചെലവ്. അതിനാൽ ടോപ് അപ്പ് ഇൻഷുറൻസ് ബാധകമാകില്ല.
ഇവിടെയാണ് സൂപ്പർ ടോപ്പപ്പിന്റെ വരവ്. സൂപ്പർ ടോപ്പപ്പ്, വെറും ടോപ് അപ്പിനെ പോലെയല്ല. ഒരു പോളിസി വർഷത്തിൽ ഉള്ള എല്ലാ ആശുപത്രി അഡ്മിഷൻ ചികിത്സാ തുകകളും കൂട്ടി (cumulative) എപ്പോഴെങ്കിലും ഡിഡക്റ്റബിൾ തുകയ്ക്ക് മുകളിൽ എത്തിയാൽ പിന്നീടുള്ളവ സൂപ്പർ ടോപ്പപ്പ് ഇൻഷുറൻസ് തരും. അതായത് തൊട്ടുമുകളിൽ പറഞ്ഞ ഉദാഹരണത്തിൽ ആദ്യ ചികിത്സയ്ക്ക് 3 ലക്ഷവും, രണ്ടാമത്തെ ചികിത്സയ്ക്ക് 4 ലക്ഷവും ചെലവായാൽ, ഡിഡക്റ്റബിൾ തുകയ്ക്ക് മുകളിലുള്ള 2 ലക്ഷം രൂപ സൂപ്പർ ടോപ്പപ്പ് ഇൻഷുറൻസ് മുഖേന ലഭ്യമാകും. സൂപ്പർ ടോപ്പപ്പല്ലേ ശരിക്കും സൂപ്പർ!
(ബേസ് പോളിസിയും, ടോപ് അപ്പ്/സൂപ്പർ ടോപ്പപ്പ് പോളിസിയും ഒരേ ദിവസം തുടങ്ങുന്ന രീതിയിൽ തന്നെ എടുക്കാൻ ശ്രമിക്കുക. മാനേജ് ചെയ്യുവാൻ എളുപ്പമാകും).
താഴെ കൊടുത്തിരിക്കുന്ന ഉദാഹരണ പട്ടിക നോക്കൂ. ബേസ് പോളിസി തുക 5 ലക്ഷം, ഡിഡക്റ്റബിൾ 5 ലക്ഷം, ടോപ് അപ്പ്/സൂപ്പർ ടോപ്പപ്പ് 10 ലക്ഷം എന്ന് കരുതുക. ഒരു പോളിസി വർഷത്തിൽ താഴെ പറയുന്ന ആശുപത്രി അഡ്മിഷനുകൾ സംഭവിച്ചെന്ന് കരുതുക:
NRIയ്ക്ക് ഇൻഷുറൻസ് വേണോ
വിദേശ ഇന്ത്യക്കാർ നാട്ടിൽ ഹെൽത്ത് ഇൻഷുറൻസ് എടുക്കണമോ? വേണം എന്നാണ് എന്റെ അഭിപ്രായം. പല കാരണങ്ങളുണ്ട്. അവർ ജീവിക്കുന്ന നാട്ടിൽ അവർക്ക് ഇൻഷുറൻസ് ഉണ്ടാകാം. പക്ഷെ, ഇന്ത്യയിൽ വരുമ്പോൾ ആ ഇൻഷുറൻസ് ഇവിടെ സ്വീകാര്യമായിക്കൊള്ളണം എന്നില്ല. അത്തരം സാഹചര്യങ്ങളിൽ ഇന്ത്യയിൽ ഒരു ഇൻഷുറൻസ് എടുത്ത് വയ്ക്കുന്നത് പ്രയോജനപ്പെടും. അതുപോലെ, കുടുംബം ഇന്ത്യയിൽ തന്നെയുള്ള പ്രവാസികൾ തീർച്ചയായും അവരെയും ഉൾപ്പെടുന്ന രീതിയിൽ ഒരു ഇൻഷുറൻസ് എടുക്കണം. മറ്റൊരു പ്രധാന കാരണം, പ്രവാസികൾ പുറംവാസം ഒക്കെ നിർത്തി നാട്ടിലെത്തുമ്പോൾ മധ്യവയസ്സൊക്കെ പിന്നിട്ട സമയമാണെങ്കിൽ അന്നേരം പുതിയൊരു ഇൻഷുറൻസ് എടുക്കാൻ ശ്രമിക്കുമ്പോൾ തടസ്സങ്ങൾ വരാം; പ്രായം ഒത്തിരി കൂടുതലാണെങ്കിൽ ഇൻഷുറൻസ് ലഭിച്ചില്ലായെന്ന് തന്നെ വരാം. പക്ഷെ, ചെറുപ്രായം മുതൽ ഇൻഷുറൻസ് ഉണ്ടെങ്കിൽ അത് തുടർന്നുകൊണ്ട് പോകാമല്ലോ. അതിനാൽ പ്രവാസികൾ (ഇന്ത്യയിലേക്ക് ഇടയ്ക്ക് വരുന്നവരോ, കുടുംബം ഇവിടെയുള്ളവരോ, ഭാവിയിൽ ഇന്ത്യയിലേക്ക് മടങ്ങാൻ സാധയതയുള്ളവരോ) തീർച്ചയായും ഇന്ത്യയിൽ ഒരു ഇൻഷുറൻസ് എടുക്കണം.
എത്ര തുക കവറേജ് വേണം
നിങ്ങളുടെ ഇൻഷുറൻസിൽ എത്ര പേരുണ്ട്, അവർക്ക് എത്ര പ്രായമുണ്ട്, അവർക്ക് നിലവിൽ എന്തെങ്കിലും അസുഖങ്ങളുണ്ടോ, ചികിത്സിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ പൊതുവെയുള്ള ചികിത്സാ ചെലവുകൾ എങ്ങനെയാണ്, നിങ്ങൾക്ക് താങ്ങാവുന്ന പ്രീമിയം എത്രയാണ് എന്നീ ഘടകങ്ങളെ ആശ്രയിച്ച് വേണം തീരുമാനമെടുക്കാൻ. ഞാൻ ഒരു തുക ഇവിടെ പറഞ്ഞാൽ അത് കാടടച്ച് വെടിവയ്ക്കലാകും. നിങ്ങളുടെ പോക്കറ്റ് കീറാത്ത ഒരു പ്രീമിയം കണക്കാക്കി അതിനനുസരിച്ചുള്ള കവറേജ് എടുക്കുക.
നുണ പറയരുത്
ഒരിക്കലും നുണ പറയരുത്—ഇൻഷുറൻസ് കമ്പനികളോട്. ഇൻഷുറൻസ് എടുക്കുമ്പോൾ അവർ ചില ചോദ്യങ്ങൾ ചോദിക്കും; പുക വലിക്കാറുണ്ടോ, ഷുഗർ ഉണ്ടോ, പ്രഷർ ഉണ്ടോ എന്നൊക്കെ. ഇക്കാര്യത്തിൽ നുണ പറഞ്ഞാൽ ഭാവിയിൽ ഇൻഷുറൻസ് ഉപയോഗിക്കേണ്ട സാഹചര്യം വരുമ്പോൾ കമ്പനി നിഷേധിക്കാൻ സാധ്യതയുണ്ട്. അതിപ്പോൾ നിങ്ങൾ നുണ പറഞ്ഞ കാര്യവുമായി ബന്ധപ്പെട്ട രോഗം അല്ലെങ്കിൽ പോലും, ഇൻഷുറൻസ് പൂർണമായി ക്യാൻസൽ ചെയ്യപ്പെടാനോ, ചികിത്സയ്ക്കുള്ള പണം നിഷേധിക്കപ്പെടാനോ സാധ്യതയുണ്ട്. അതിനാൽ ഇൻഷുറൻസ് കമ്പനിയോട് സത്യം മാത്രം പറയുക; വെറുതെ കുറെ നാൾ പ്രീമിയമടച്ച് ആവശ്യം വരുമ്പോൾ നിഷേധിക്കപ്പെടുന്നത് എന്ത് ദ്രാവിഡാണ്!
പിന്നെയെന്തൊക്കെ പരിഗണിക്കണം
- ഇൻഷുറൻസ് എടുക്കാൻ മെഡിക്കൽ ടെസ്റ്റ് അനിവാര്യമാണോ (മിക്കവാറും കമ്പനികൾ തന്നെ ഈ ടെസ്റ്റിനുള്ള പണം നൽകും. ചില കമ്പനികൾ 55, ചിലവ 60 വയസ്സ് വരെയുള്ളവർക്ക് മെഡിക്കൽ ടെസ്റ്റ് ഒഴിവാക്കി കൊടുക്കാറുണ്ട്)
- സബ്-ലിമിറ്റുകൾ (നിങ്ങളുടെ ഇൻഷുറൻസ് കവറേജിന്റെ ഉള്ളിൽ തന്നെ ഏതെങ്കിലും തരത്തിലുള്ള ഉള്ളതിരുകൾ) ഉണ്ടോ.
- ക്രിട്ടിക്കൽ രോഗങ്ങൾക്ക് കൂടുതൽ കവറേജ് നൽകുമോ; അല്ലെങ്കിൽ അതിനുള്ള സാധ്യത ഭാവിയിൽ ഉണ്ടോ
- നോ ക്ലെയിം ബോണസുകൾ ലഭിക്കുമോ
- ICU, വെന്റിലേറ്റർ എന്നിവ ഉപയോഗിക്കേണ്ടി വന്നാൽ അതിന് ദിവസേന എത്ര തുക ലഭിക്കും
- വിദേശരാജ്യങ്ങളിൽ യാത്രയിലാകുമ്പോൾ സംഭവിക്കുന്ന രോഗാവസ്ഥകൾക്ക് കവറേജ് ലഭിക്കുമോ
- ഓട്ടോറീചാർജ് ഫെസിലിറ്റി (ഒരു പോളിസി വർഷത്തിൽ ഒരു രോഗത്തിന് വേണ്ടി മുഴുവൻ പോളിസി തുകയും ഉപയോഗിച്ച് തീർന്നാലും, അതെ വർഷത്തിൽ മറ്റൊരു രോഗത്തിന് വീണ്ടും കവറേജ് നൽകുന്ന സംവിധാനം. അതുപോലെ, ഫാമിലി ഇൻഷുറൻസിൽ ഒരംഗം പൂർണമായും ഇൻഷുറൻസ് തുക ഉപയോഗിച്ച് തീർന്നാലും, മറ്റംഗങ്ങൾക്ക് വീണ്ടും തുക ലഭ്യമാകുന്ന സംവിധാനം) ലഭ്യമാണോ.
- ഭാവിയിൽ ഇൻഷുറൻസ് കവറേജ് കൂട്ടുവാൻ സാധിക്കുമോ
- പോളിസിയുടെ ഒരു ആനുകൂല്യമായി വർഷാവർഷം മെഡിക്കൽ ടെസ്റ്റ് സൗജന്യമായി ചെയ്യുന്ന സംവിധാനം ലഭിക്കുമോ
- ഏതൊക്കെ ഡേ കെയർ സംവിധാനങ്ങൾക്ക് ഇൻഷുറൻസ് കവറേജ് ലഭിക്കും
- ആശുപത്രിവാസത്തിന് മുൻപും, അതിന് ശേഷവുമുള്ള മരുന്നുകൾക്കും ചികിത്സയ്ക്കും കവറേജ് ലഭിക്കുമോ (പ്രീ ആൻഡ് പോസ്റ്റ് ഹോസ്‌പിറ്റലൈസേഷൻ)
- വീട്ടിലെ കിടത്തി ചികിത്സയ്ക്ക് ആനുകൂല്യം ലഭിക്കുമോ
- അവയവദാനം നടക്കുമ്പോൾ നിങ്ങൾക്ക് അവയവം നൽകുന്ന വ്യക്തിയുടെ ചികിത്സാ ചെലവുകൾ ലഭിക്കുമോ
മുകളിൽ പറഞ്ഞതൊക്കെ എല്ലാവർക്കും ആവശ്യമുള്ള സംഗതികളാകില്ല; ഓരോന്നിനും പ്രീമിയം കൂടുകയും ചെയ്യാം. നിങ്ങൾക്ക് ആവശ്യമെന്ന് തോന്നുന്നവയുള്ള ഇൻഷുറൻസ് എടുക്കാം.
ഡിസ്ക്ലെയ്‌മേർ
മുകളിൽ പറഞ്ഞതെല്ലാം എന്റെ വായിച്ചറിവിലോ, അനുഭവത്തിലോ പെട്ട കാര്യങ്ങളാണ്. ദയവായി ഓരോ ഇൻഷുറൻസ് കമ്പനികളെകുറിച്ചുള്ള അഭിപ്രായങ്ങൾ എന്നോട് ചോദിക്കരുത്; മറുപടി തരുവാൻ കഴിയില്ല എന്നറിയുക. എന്റെ ഉദ്ദേശ്യം അതല്ല. ഒരു തീരുമാനമെടുക്കാൻ നിങ്ങളെ സഹായിക്കുക എന്നത് മാത്രമാണ്. മുകളിൽ പറഞ്ഞതൊക്കെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്നത് ഓർക്കുമല്ലോ. ഈ അഭിപ്രായങ്ങളെ പ്രതി നിങ്ങളെടുക്കുന്ന തീരുമാനങ്ങൾക്ക് ഞാൻ ഉത്തരവാദിയാവുന്നതല്ല.
ഈ കുറിപ്പ് PDF രൂപത്തിൽ ഇവിടെ ലഭ്യമാണ്.
- Acko
- Aditya Birla
- Apollo Munich
- Bajaj Allianz
- Bharti AXA
- Care
- Chola MS
- Cholamandalam
- Claim Settlement Ratio
- Cover Fox
- CoverFox
- CSR
- Digit
- Edelweiss
- Future Generali
- Go Digit
- HDFC
- HDFC Ergo
- HDFL General
- Health
- Health India
- Health Insurance
- ICICI
- ICICI Lombard
- IFFCO Tokio
- Insurance
- Insurance Dekho
- InsuranceDekho
- Kotak Mahindra
- Magma HDI
- Malayalam
- Manipal Cigna
- Max Bupa
- Medi Assist
- MediAssist
- Medical
- Medical Insurance
- MediClaim
- National Insurance
- New India
- Oriental
- Policy
- Policy Bazaar
- Policybazaar
- Reliance
- Religare
- Royal Sundaram
- SBI
- SBI General
- Star Health
- TAA
- TAAism
- TATA AIG
- Third Party Administrator
- TPA
- United India
- Universal Sompo
- Vidal Health
- ആരോഗ്യ ഇൻഷുറൻസ്
- ഇൻഷുറൻസ്