JAM 2014

This article is published by Mathrubhumi daily in “Career Guru” on September 18, 2013.

ജാം 2014

ടി. എ. അരുണാനന്ദ് | ലേഖനം

JAM 2014_Arunanand_Mathrubhumi_18-Sep-2013 TAAism

എഞ്ചിനീയറിംഗ് രംഗത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ തള്ളിക്കയറ്റം മൂലം ക്ഷീണം അനുഭവിക്കേണ്ടി വന്ന ഒരു പഠനശാഖയാണ്‌ സയന്‍സ്. എന്നിരിക്കിലും, ഉന്നതവിദ്യാഭ്യാസരംഗത്ത് ശാസ്ത്രപഠനത്തിന്‍റെ മികവ് ചോരാതിരിക്കാന്‍ കാരണം ശാസ്ത്രത്തിന് മനുഷ്യജീവിതവുമായുള്ള അഭേദ്യബന്ധവും, മികച്ച പഠനാവസരങ്ങള്‍ ഒരുക്കുന്ന രാജ്യത്തെ സ്ഥാപനങ്ങളുമാണ്.

ഐ ഐ ടി, ഐ ഐ എസ് സി എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് എഞ്ചിനീയറിംഗ് പഠനമായിരിക്കാം. പക്ഷെ, രാജ്യത്തെതന്നെ ഏറ്റവും മുന്തിയ ശാസ്ത്രപഠന സ്ഥാപനങ്ങള്‍ കൂടിയാണിവ. രാഷ്ട്രത്തിന് നിരവധി ശാസ്ത്രപ്രതിഭകളെ സംഭാവനചെയ്ത മഹാത്സ്ഥാപനങ്ങള്‍. ഈ സ്ഥാപനങ്ങളില്‍ പോസ്റ്റ്‌ ഗ്രാജുവേറ്റ് ശാസ്ത്രപഠനത്തിനായി നടത്തപ്പെടുന്ന പ്രവേശനപരീക്ഷയാണ് ‘ജാം’ (JAM – Joint Admission test for MSc). അടുത്ത വര്‍ഷത്തെ പരീക്ഷക്ക്‌, അതായത് ‘ജാം 2014’ ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഐ ഐ ടി കാന്‍പൂരിനാണ് ഇത്തവണ പരീക്ഷാനടത്തിപ്പ് ചുമതല.

പേരില്‍ MSc എന്നുണ്ടെങ്കിലും ഇതിനു പുറമേ ഐ ഐ എസ് സി നടത്തുന്ന ഇന്റഗ്രേറ്റഡ് പിഎച്. ഡി പ്രോഗ്രാമുകളിലെക്കും, ഐ. ഐ. ടികള്‍ നടത്തുന്ന എം. എസ്. സി – പിഎച്. ഡി ഇരട്ട/ജോയിന്റ്റ് ബിരുദ പ്രോഗ്രാമുകളിലേക്കും ‘ജാം’ വഴി പ്രവേശനം നടത്തുന്നു. ഒരു വര്‍ഷമാണ്‌ ജാം സ്കോറിന് പ്രാബല്യം.

അപേക്ഷ

ഈ വര്ഷം ഓണ്‍ലൈന്‍ മുഖേന മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്. പരമാവധി രണ്ട് വിഷയങ്ങള്‍ക്ക് അപേക്ഷ അയക്കാം (ഒന്ന് രാവിലെയുള്ള പരീക്ഷയും, മറ്റൊന്ന് ഉച്ചക്ക് നടത്തുന്നതും). ഒന്നില്‍ കൂടുതല്‍ വിഷയങ്ങള്‍ക്ക്‌ ഒരു അപേക്ഷ മതിയെങ്കിലും അപേക്ഷാഫീസ്‌ അല്പം വര്‍ധിക്കും. പെണ്‍കുട്ടികള്‍ക്ക് ഒരു വിഷയത്തിന് 750 രൂപയും, രണ്ട് വിഷയങ്ങളാണെങ്കില്‍ ആകെ 1050 രൂപയും ഫീസടക്കണം. എസ്. സി./ എസ്. ടി./വികലാംഗ വിഭാഗത്തില്‍ പെട്ട ആണ്‍കുട്ടികള്‍ക്കും മുകളില്‍ പറഞ്ഞ ഫീസ്‌ അടച്ചാല്‍ മതിയാകും. എന്നാല്‍ ജനറല്‍, ഒ. ബി. സി വിഭാഗങ്ങളില്‍ പെട്ട ആണ്‍കുട്ടികള്‍ക്ക് ഈ ഫീസ്‌ യഥാക്രമം 1500 രൂപയും, 2100 രൂപയുമാണ്. പരീക്ഷക്ക് യാതൊരുവിധ പ്രായപരിധിയുമില്ല; പക്ഷെ, ആവശ്യമായ വിദ്യാഭ്യാസയോഗ്യത (ബന്ധപ്പെട്ട വിഷയത്തിലെ ബിരുദം) നേടിയിരിക്കണം എന്ന് മാത്രം. യോഗ്യതയുമായി ബന്ധപ്പെട്ട വിഷധവിവരങ്ങള്‍ക്ക് ജാം ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അപേക്ഷ സമര്‍പ്പിക്കുന്നതിനായി ആദ്യം http://gate.iitk.ac.in/jam2014examination എന്ന വെബ്സൈറ്റില്‍ ഒരു അക്കൗണ്ട്‌ ഉണ്ടാക്കണം. ഈ അക്കൗണ്ടിലൂടെ അപേക്ഷാഫോമില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കണം. ഈ വിവരങ്ങള്‍ ഫീസ്‌ അടക്കുന്നത് വരെ മാറ്റുവാനോ, കൂട്ടിച്ചേര്‍ക്കുവാനോ സാധിക്കും. ഫീസ്‌ നെറ്റ് ബാങ്കിംഗ് മുഖേനയോ ചെല്ലാന്‍ വഴിയോ അടക്കവുന്നതാണ്. ഫീസ്‌ അടച്ചതിനു ശേഷം അപേക്ഷയുടെ ഒരു പ്രിന്റ്‌ ഔട്ട്‌ എടുത്ത് ഫോട്ടോ ഒട്ടിച്ച്, യഥാസ്ഥാനത്ത് ഒപ്പിട്ടതിനു ശേഷം ജാം ഓഫിലേക്ക് സ്പീഡ്/രജിസ്റ്റര്‍ പോസ്റല്‍ വഴി അയക്കണം. ഈ അപേക്ഷയോടൊപ്പം ഫോട്ടോയുടെ മറ്റൊരു കോപ്പി (ഫോട്ടോക്ക് പിന്നില്‍ അപേക്ഷാ നമ്പര്‍, പേര് എന്നിവ സൂചിപ്പിക്കാന്‍ മറക്കരുത്), കാറ്റഗറി സര്‍ട്ടിഫിക്കറ്റ് (ആവശ്യമെങ്കില്‍) എന്നിവ കൂടി അയക്കണം.

പരീക്ഷ

ആകെ ഏഴു വിഷയങ്ങളാണ് ജാം 2014ല്‍ ഉള്ളത് ഇവയില്‍ BL, BT എന്നീ പേപ്പറുകള്‍ ഒഴികെയുള്ളവയ്ക്ക് പാര്‍ട്ട്‌-1, പാര്‍ട്ട്‌-2 എന്നിങ്ങനെ രണ്ട് സെക്ഷനുകള്‍ ഉണ്ടാകും. പാര്‍ട്ട്‌-1ല്‍ ഒബ്ജെക്ടീവ് രീതിയിലുള്ള ചോധ്യങ്ങലാണ് ഉണ്ടാവുക. ഓരോ ചോദ്യത്തിനും മൂന്നിലൊന്നു ഭാഗം നെഗറ്റീവ് മാര്‍ക്ക്‌ ഉണ്ടെന്ന കാര്യം ഓര്‍ക്കുക. ഈ പാര്‍ട്ടില്‍ നിശ്ചിതമാര്‍ക്ക് വാങ്ങുന്നവരുടെ മാത്രമേ പാര്‍ട്ട്‌-2 പരിഗണിക്കുകയുള്ളൂ. പാര്‍ട്ട്‌-1 ന് 60%, പാര്‍ട്ട്‌-2ന് 40% എന്നിങ്ങനെയാണ് വെയ്റ്റെജ്. പാര്‍ട്ട്‌-2ല്‍ വിശദമായി ഉത്തരം എഴുതേണ്ട ചോദ്യങ്ങള്‍ (descriptive questions) ആയിരിക്കും. ചുരുക്കം പറഞ്ഞാല്‍, പരീക്ഷാസമയത്ത് രണ്ട് പാര്ടുകളും എഴുതണമെങ്കിലും, പാര്‍ട്ട്‌-1 ഒരു ‘എലിമിനേഷന്‍’ ടെസ്റ്റ്‌ പോലെ ആയിരിക്കും; എങ്കിലും ആദ്യത്തെ പാര്‍ട്ടിലെ മാര്‍ക്ക് കൂടി പരിഗണിച്ചാണ് മെറിറ്റ്‌ ലിസ്റ്റ് തയ്യറാക്കപ്പെടുക.

പഠനം തുടങ്ങാം

ഒബ്ജെക്ടീവ് ചോദ്യങ്ങള്‍ക്ക് പുറമേ വിശദമായി ഉത്തരമെഴുതേണ്ട ചോദ്യങ്ങള്‍ കൂടി ഉള്ളത് കൊണ്ട് പഠനവും അതിനുതകുന്ന രീതിയിലായെ പറ്റൂ. പരീക്ഷാ സില്ലബസ് പരിശോധിക്കുമ്പോള്‍ മനസിലാകുന്നത് മിക്കവാറും പാഠഭാഗങ്ങള്‍ നമ്മുടെ യൂണിവേഴ്സിറ്റി സില്ലബസില്‍ ഉള്ളവ തന്നെയാണ്. പക്ഷെ, പരീക്ഷ എഴുതുന്നവരുടെ എണ്ണം കൂടുന്നത് കൊണ്ടും, രാജ്യത്തെ ഒരു പ്രമുഖ പരീക്ഷയായതിനാലും യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നത് പോലെ പഠിച്ചാല്‍ ശരിയാകില്ല. അടിസ്ഥാനതത്വങ്ങലോടൊപ്പം ആഴത്തിലുള്ള പഠനവും ഈ പരീക്ഷക്ക്‌ അത്യന്താപേക്ഷിതമാണ്.

യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് പേജ് കണക്കിന് ഉത്തരമെഴുതിയുള്ള ശീലം ദോഷം ചെയ്തേക്കാം. വിശദമായി ഉത്തരം എഴുതേണ്ട ചോദ്യങ്ങള്‍ക്ക് നിശ്ചിത വലുപ്പത്തില്‍ കാര്യങ്ങള്‍ വസ്തുനിഷ്ഠമായും, ആറ്റിക്കുറുക്കിയും എഴുതാന്‍ ശീലിക്കണം. പട്ടികകള്‍, ചിത്രങ്ങള്‍ എന്നിങ്ങനെ നിങ്ങളുടെ ഉത്തരത്തിനു ഉപോല്‍ബലകമായി നല്‍കാന്‍ കഴിയുന്ന വിവരങ്ങള്‍ സ്ഥലപരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ നല്‍കാന്‍ കഴിയണം. ഇതിനു പരിശീലനം ആവശ്യമാണ്‌.

അതുപോലെ, ഒബ്ജെക്ടീവ് പരീക്ഷയില്‍ ഭാഗ്യപരീക്ഷണത്തിന്‌ ഒരിക്കലും മുതിരരുത്; കാരണം, ഈ ഭാഗമാണ് നമ്മുടെ വിജയത്തിന്റെ ആദ്യ ചവിട്ടുപടി നിര്‍ണയിക്കുന്നത്. ഈ ഭാഗം നന്നായി അഭിമുഖീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ടാം ഭാഗം എത്ര ഭംഗിയായി എഴുതിയിട്ടും ഒരു കാര്യവുമില്ല എന്നോര്‍ക്കണം. ഒബ്ജെക്ടീവ് രീതിയില്‍ വിഷയങ്ങളുടെ അടിസ്ഥാന അറിവുകളെപ്പറ്റിയുള്ള ചോദ്യങ്ങളാകും ഉണ്ടാവുക എന്ന് മറക്കരുത്. ഇക്കാരണം കൊണ്ട് തന്നെ അടിസ്ഥാന പഠനം അതാതു വിഷയത്തിലെ പ്ലസ്‌ ടു പാഠപുസ്തകങ്ങളില്‍ നിന്ന് തന്നെ തുടങ്ങണം. എന്‍. സി. ഇ. ആര്‍. ടി. പുസ്തകങ്ങള്‍ ഇക്കാര്യത്തില്‍ നിങ്ങളെ സഹായിക്കും. പഠനസമയത്ത് ഫോര്‍മുലകളും മറ്റും ചെറുകുറിപ്പുകളായി എഴുതി ശീലിക്കണം. ഈ കുറിപ്പുകള്‍ പരീക്ഷാസമയത്ത് മാത്രമല്ല, ഇന്റര്‍വ്യൂ സമയത്തും നിങ്ങളെ സഹായിച്ചേക്കാം. കയ്യക്ഷരവും ശ്രദ്ധിക്കണം; വായിക്കാന്‍ ബുദ്ധിമുട്ടുള്ള എഴുത്ത് മാര്‍ക്ക് കുറയ്ക്കും എന്നോര്‍ക്കുക.

ജിയോളജി ഒഴികെയുള്ള വിഷയങ്ങള്‍ക്ക്‌ അടിസ്ഥാനഗണിതശാസ്ത്രത്തില്‍ നിന്ന് ചോദ്യങ്ങള്‍ ഉണ്ടാകും. പത്താം തരത്തിലെയോ, പ്ലസ്‌ ടു തലത്തിലെയോ നിലവാരതിലുല്ലവയാകും ഈ ചോദ്യങ്ങള്‍. ഓരോ മാര്‍ക്കിനും വളരെ പ്രാധാന്യമുള്ളതിനാല്‍ ഈ ഭാഗത്ത്‌നിന്നുമുള്ള ചോദ്യങ്ങള്‍ പ്രത്യേകം പരിശീലിക്കണം. നോണ്‍-പ്രോഗ്രമ്മബള്‍ കാല്‍കുലേറ്റര്‍ പരീക്ഷക്ക്‌ ഉപയോഗിക്കാം. അതുപോലെ, പത്താം ക്ലാസ്സ്‌ നിലവാരമുള്ള അഭിരുചി ചോദ്യങ്ങളും പരിശീലിക്കണം.

ചോദ്യങ്ങളുടെ ഏകദേശ രൂപവും മറ്റും മനസിലാക്കുവാന്‍ മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ പരിശോധിക്കുന്നത് ഗുണം ചെയ്യും. ഇവ ജാം ഔദ്യോഗിക വെബ്‌സൈറ്റില്‍ തന്നെ നല്‍കിയിട്ടുണ്ട്. സില്ലബസ് പൂര്‍ണമായും പഠിക്കാന്‍ ശ്രദ്ധിക്കണം. തങ്ങള്‍ക്കു താല്‍പ്പര്യമുള്ള ഭാഗങ്ങള്‍ മാത്രം പഠിക്കുന്നത് വിപരീതഗുണം ചെയ്തേക്കാം. വിഷയങ്ങളെല്ലാം ഒറ്റക്ക് തന്നെ പഠിക്കാന്‍ ശ്രമിക്കാതെ, അധ്യാപകരെയോ, സുഹൃത്തുക്കളെയോ, മുന്‍വര്‍ഷങ്ങളില്‍ വിജയിച്ചവരെയോ കൂടെ കൂടിയാല്‍ പഠനം എളുപ്പവും രസകരവുമാക്കാം. മുന്‍ വര്‍ഷങ്ങളിലെ ഉന്നതവിജയികളുടെ അഭിപ്രായപ്രകാരം, ഇത്തരത്തിലുള്ള ചിട്ടയായ പഠനരീതികള്‍ അവരുടെ വിജയത്തെ പോസിറ്റീവ് ആയി സ്വാധീനിച്ചതായി കാണാന്‍ കഴിയുന്നു.

അഡ്മിഷന്‍

ജാം 2014 പരീക്ഷയില്‍ വിജയിക്കുന്നവര്‍ അഡ്മിഷന് വേണ്ടി പ്രത്യേകം ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. ഏതു സ്ഥാപനത്തിലേക്കാണ് അപേക്ഷയെങ്കിലും ഐ. ഐ. ടി കാന്‍പൂര്‍ വെബ്സൈറ്റിലാണ് സമര്‍പ്പിക്കേണ്ടത്. ഈ അപേക്ഷയുടെ പ്രിന്റ്‌ ഔട്ട്‌ എടുത്ത് അറുന്നൂറു രൂപയുടെ ഡി. ഡിയും, ആവശ്യമായ രേഖകളോടുമോപ്പം ജാം ഓഫീസിലേക്ക് അയച്ചു കൊടുക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ രൌണ്ടുകളിലായി അഡ്മിഷന്‍ ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ചില പ്രോഗ്രാമുകളിലേക്ക് അതാത് സ്ഥാപനങ്ങള്‍ നടത്തുന്ന ഇന്റര്‍വ്യൂ കൂടി പരിഗണിച്ചാകും പ്രവേശനം.

മാറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍

  • മുന്‍വര്‍ഷങ്ങളിലെ പോലെ ബാങ്ക് മുഖേനയുള്ള ജാം അപേക്ഷാഫോം വില്‍പന ഇക്കുറി ഉണ്ടാവില്ല. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുക.
  • CA, GP എന്നീ പരീക്ഷാപേപ്പറുകള്‍ നിര്‍ത്തലാക്കിയിരിക്കുന്നു. ഇതില്‍ GP പേപ്പറിന് പകരം ഫിസിക്സ്‌ പേപ്പര്‍ എഴുതിയാല്‍ മതിയാകും.
  • എം. സി. എ, ജിയോളജിക്കല്‍ ടെക്നോളജി, ജിയോഫിസികല്‍ ടെക്നോളജി എന്നീ വിഷയങ്ങളിലുള്ള എം. ടെക് പ്രോഗ്രമ്മുകള്‍ എന്നിവ 2014-15 അധ്യയന വര്ഷം നടത്തപ്പെടുന്നതല്ല.
  • പരീക്ഷാ ഫീസില്‍ മാറ്റം വന്നിരിക്കുന്നു. ഇത്തവണ പെണ്‍കുട്ടികള്‍ക്കും ഫീസ്‌ ഉണ്ട്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://gate.iitk.ac.in/jam

 

ഓര്‍ക്കേണ്ട തീയതികള്‍

ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ സെപ്റ്റംബര്‍ 16, 2013 മുതല്‍ ഒക്ടോബര്‍ 12, 2013 വരെ.
ചെല്ലാന്‍ മുഖേന പണമടക്കേണ്ട അവസാനതീയതി ഒക്ടോബര്‍ 12, 2013.
ഓണ്‍ലൈന്‍ അപേക്ഷയുടെ കോപ്പിയും, ഫോട്ടോയും, ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും ഐ ഐ ടി കാന്‍പൂര്‍ ജാം 2014 ഓഫീസില്‍ എത്തേണ്ട അവസാനതീയതി ഒക്ടോബര്‍ 23, 2013
ജാം 2014 പരീക്ഷ ഫെബ്രുവരി 9, 2014
പരീക്ഷാഫലം ഏപ്രില്‍ 16, 2014 ന് വൈകീട്ട് 5 മണിക്ക്
പ്രോഗ്രമുകളിലെക്ക് പ്രവേശനത്തിനായുള്ള അപേക്ഷാഫോം ലഭിക്കുന്നത് (ജാം ഓഫീസില്‍ നിന്നോ അഥവാ ഓണ്‍ലൈനിലോ) ഏപ്രില്‍ 17 മുതല്‍ 24 വരെ, 2014.
പ്രോഗ്രമുകളിലെക്കുള്ള പ്രവേശനത്തിനായി പൂരിപ്പിച്ച അപേക്ഷാഫോമും ഡിമാന്‍ഡ് ഡ്രാഫ്റ്റും ജാം ഓഫീസില്‍ എത്തേണ്ട അവസാന തീയതി ഏപ്രില്‍ 30, 2014.

 

*** *** ***