On Social Distancing During Covid 2019 | കൊറോണക്കാലത്തെ സോഷ്യൽ ഡിസ്റ്റൻസിങ്ങിനെക്കുറിച്ച്

സോഷ്യൽ ഡിസ്റ്റൻസിങ്ങിനെക്കുറിച്ച് തന്നെ. ഇച്ചിരി വലുപ്പം കൂടുതലാണ്.

തീപ്പെട്ടികൊള്ളി കത്തുന്ന ഫോട്ടോയും, വിഡിയോയും ഇപ്പോൾ എല്ലാവരും തന്നെ കണ്ടുകാണുമല്ലോ. ഇതൊക്കെ നമുക്ക് വരുമോ, സാധ്യത കുറവാണ്, വെറുതെ പേടിക്കുകയാണ് എന്നൊക്കെ ഇനിയും തോന്നുന്നുണ്ടെങ്കിൽ മണ്ടത്തരമാണ്. ഞങ്ങളുടെ കൊച്ചുഗ്രാമമായ നായരമ്പലത്ത് പോലും പതിനാലോളം പേർ വീട്ടിൽ ഐസൊലേഷനിൽ ആണെന്ന് (പോസിറ്റീവ് അല്ല) വാർത്ത കണ്ടു. അതായത്, എത്തേണ്ടിടത്തൊക്കെ എത്താൻ വൈറസും, നമ്മളും വിചാരിച്ചാൽ അധികസമയം വേണ്ട എന്ന്. ചില കണക്കുകൾ കേൾക്കുന്നത് നല്ലതാകും. നേരിട്ട് അതിലേക്ക്:

Source: https://www.youtube.com/watch?v=Kas0tIxDvrg

ഒരു ദിവസം n എണ്ണം കൊറോണ കേസുകളാണ് ആകെ ഉള്ളതെന്ന് കരുതുക. കൊറോണ പിടിപെട്ട ഒരാൾ അതറിയാതെയോ അറിഞ്ഞോ e എണ്ണം ആളുകളുമായി ഏതെങ്കിലും തരത്തിൽ ഇടപെടുന്നു എന്നും കരുതുക. ഈ e എണ്ണം ആളുകൾക്കും കൊറോണ വരുമോ? ഇല്ല. അവർ തമ്മിൽ എത്ര ദൂരത്തിലാണ് അടുപ്പം വന്നത് എന്ന് തുടങ്ങി പല കാര്യങ്ങളും ഈ പകർച്ചയെ ബാധിക്കാം. ഈ പറഞ്ഞ ആളുകൾക്ക് കൊറോണ പകർന്ന് കിട്ടാനുള്ള സംഭാവ്യത (പ്രോബബിലിറ്റി) p ആണെന്നും കരുതിയാൽ, മേൽപ്പറഞ്ഞ ഇടപെടൽ കൊണ്ട് ഉണ്ടാകുന്ന പുതിയ കേസുകളുടെ എണ്ണം എന്നത് e * n * p ആണ്. ഇതൊന്ന് ചുമ്മാ നോക്കിയാൽ അറിയാം, n എന്ന സംഖ്യ ഇപ്പോൾ വന്നു കഴിഞ്ഞ കേസുകളാണ്; അത് കുറയ്ക്കാൻ നമുക്ക് ഒന്നും ചെയ്യാനില്ല. പിന്നെ സംഭവ്യതയായ p—ഇത് ആളുകൾ തമ്മിൽ ഉള്ള ഇടപെടലിന്റെ അടുപ്പത്തെയും, രീതിയെയും ആശ്രയിച്ചിരിക്കും. പിന്നെയുള്ള e അഥവാ ഒരു കൊറോണ പോസിറ്റീവ് ആയ ആൾ ഒരു ദിവസം എത്രപേരുമായി അടുപ്പത്തിൽ (കൊറോണ പകരണം എന്നില്ല, അടുപ്പം വന്നാൽ മതി) ഏർപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്—ഇതാണ് നമുക്ക് നിയന്ത്രിക്കാൻ പറ്റുന്ന ഒരേയൊരു ഘടകം. അതിനാണ് സോഷ്യൽ ഡിസ്റ്റൻസിങ് വേണം എന്ന് പറയുന്നത് (ഈ എഴുതിയിരിക്കുന്നതിനെ കുറിച്ച് കൂടുതൽ അറിയാൻ സോഴ്സ് 1 നോക്കുക). ഈ e കൂടുന്നതനുസരിച്ച് മാലപ്പടക്കം പോലെ കൊറോണ ബാധ സംഖ്യ കൂടും.

താഴെയുള്ള ചിത്രത്തിൽ സൗത്ത് കൊറിയൻ പൗരനായ ഒരു വ്യക്തി സോഷ്യൽ ഡിസ്റ്റൻസിങ്ങിനെക്കുറിച്ച് എഴുതിയിരിക്കുന്നത് നോക്കുക (സോഴ്സ് 2). അതിനെ ഏതാണ്ട് ഇങ്ങനെ ചുരുക്കാം:

Source: https://www.linkedin.com/feed/update/urn:li:activity:6645124821099311104/

“ഞാൻ ഒരു കൊറിയക്കാരനാണ്. മാർച്ച് 1 ന് കൊറിയയിൽ ആകെ 3700 കൊറോണ കേസുകളാണ് ഉണ്ടായിരുന്നത്. ഇറ്റലിയിൽ അതിന്റെ ഏതാണ്ട് പകുതി—1700. രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ, അതായത് മാർച്ച് 14ന്, കൊറിയയിൽ 8000 കേസുകളും 75 മരണങ്ങളും ഉണ്ടായപ്പോൾ ഇറ്റലിയിൽ പക്ഷെ അഭൂതപൂർവ്വമായ എണ്ണക്കൂടുതലാണ് ഉണ്ടായത്—1800 മരണങ്ങളും, 21000 കേസുകളും. കൊറീയ പരിപൂർണ്ണമായും മുക്തിയിൽ ആയിട്ടില്ലെങ്കിലും, കാര്യങ്ങൾ നന്നായാണ് വരുന്നത് എന്നാണ് ലക്ഷണം.

എന്തുകൊണ്ടാണ് ഇറ്റലിയിൽ കൊറോണ കേസുകളും, മരണങ്ങളും കൂടിയത്? രണ്ട് രാജ്യങ്ങളിലും കൈ കഴുകുവാനും, വ്യക്തി ശുചിത്വം പാലിക്കുവാനുമുള്ള ആഹ്വാനങ്ങളും, പരസ്യങ്ങളും തകൃതിയായി നടന്നിട്ടും ഇറ്റലിക്ക് എന്ത് പറ്റി? ഒരൊറ്റ കാര്യമേയുള്ളു—കൊറിയക്കാർ സോഷ്യൽ ഡിസ്റ്റൻസിങ് രീതിയിലേക്ക് മാറി വീട്ടിലിരുന്നു. ഇറ്റലിയിൽ ഈ വീട്ടിലിരിപ്പ് ഇപ്പോൾ വന്ന് തുടങ്ങുന്നേയുള്ളൂ; കൊറിയക്കാർ ഒരാഴ്ച്ച മുന്നേ ഇത് തുടങ്ങി. മാറ്റം പ്രകടമായിരുന്നു.”

നാമ്മൾ നേരത്തെ പറഞ്ഞ e തന്നെ. ആളുകൾ ഒത്തുകൂടുന്നത് കുറഞ്ഞപ്പോൾ eയും കുറഞ്ഞു. കേരള സർക്കാർ നമ്മോട് പുറത്തിറങ്ങരുത് എന്ന് പറഞ്ഞിട്ടില്ലെങ്കിലും, കഴിയുന്നതും ഈ e കുറക്കേണ്ടത് നമ്മുടെ സിവിൽ ഉത്തരവാദിത്തമാണ്; ഈ സമയത്തിന്റെ ആവശ്യമാണ്.

കേന്ദ്ര ആരോഗ്യ വകുപ്പ് ഇറക്കിയ സോഷ്യൽ ഡിസ്റ്റൻസിങ് ഗൈഡ്ലൈനുകളിലെ പ്രധാനപ്പെട്ട ചിലത് (സോഴ്സ് 3 നോക്കുക). മാർച്ച് 31 വരെ ഇതെല്ലാം പാലിക്കണം:

Source: https://www.mohfw.gov.in/SocialDistancingAdvisorybyMOHFW.pdf
  1. സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ, ജിമ്മുകൾ, മ്യൂസിയം, സാംസ്കാരിക കേന്ദ്രങ്ങൾ, സ്വിമ്മിങ് പൂളുകൾ, തീയേറ്ററുകൾ മുതലായവ പൂട്ടുക. വിദ്യാർത്ഥികൾ വീട്ടിലിരിക്കണം. ഓൺലൈൻ വിദ്യാഭ്യാസ മാർഗ്ഗങ്ങൾ അവലംബിക്കണം. പരീക്ഷകൾ മാറ്റി വയ്ക്കാമോ എന്ന് ആലോചിക്കണം.
  2. പ്രൈവറ്റ് സ്ഥാപനങ്ങളിൽ വർക്ക് ഫ്രം ഹോം വ്യവസ്ഥ അവലംബിക്കണം. മീറ്റിങ്ങുകൾ ഓൺലൈൻ ആക്കണം. ആളുകൾ കൂടുന്ന മീറ്റിംഗുകൾ വേണ്ട.
  3. റസ്റ്ററന്റുകൾ കൈകൾ വൃത്തിയായി കഴുകുവാനുള്ള സാഹചര്യം ഒരുക്കണം. വിവാഹങ്ങളിൽ ഏറ്റവും കുറവ് ജനസാന്നിധ്യം മാത്രമേ പാടുള്ളു. അത്യാവശ്യമല്ലാത്ത സാംസ്‌കാരിക പരിപാടികൾ ഉൾപ്പെടെ മാറ്റിവയ്ക്കണം. സ്പോർട്സ് ഉൾപ്പെടെ ജനങ്ങൾ കൂടാൻ സാധ്യതയുള്ള പരിപാടികൾ മാറ്റിവയ്ക്കാനോ, നിയന്ത്രിക്കാനോ ശ്രമിക്കണം. മതപരിപാടികൾക്കും ഇത് ബാധകം.
  4. മാർക്കറ്റ്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ, പോസ്റ്റ് ഓഫീസ് തുടങ്ങി ജനങ്ങൾ കൂടുന്ന സേവനകേന്ദ്രങ്ങളിൽ നിബന്ധനകൾ പ്രദർശിപ്പിക്കാനും, പ്രവർത്തന സമയങ്ങൾ ലഘൂകരിക്കാനും ശ്രമങ്ങൾ വേണം.
  5. അനാവശ്യ യാത്രകൾ മാറ്റിവയ്ക്കണം. വ്യക്തി ശുചിത്വം പാലിക്കണം. ആശുപത്രി സന്ദർശനങ്ങൾ കുറയ്ക്കണം.
  6. ഓൺലൈൻ ഡെലിവറിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ മുൻകരുതൽ സംവിധാനങ്ങൾ എടുക്കണം.

സർക്കാർ ഇത്രയുമൊക്കെ പറയുന്നത് വെറുതെയല്ല. വീട്ടിൽ അടച്ച് പൂട്ടി ഇരിക്കാനല്ല പറയുന്നത്. ജാഗ്രതയോടെ തീരുമാനങ്ങളെടുക്കാനാണ്. വാഷിംഗ്‌ടൺ പോസ്റ്റിന്റെ ഈ കാര്യത്തിലെ വിലയിരുത്തൽ കൂടി (സോഴ്സ് 4) വായിക്കാം.

Let’s fight this. We’re in it together. Break the Chain!