CAT 2013 Notified

Following is an article on CAT 2013, which is declared recently. This article was originally published by Malayala Manorama daily in its Career Guru page on July 30, 2013 (Tuesday).

ക്യാറ്റ് 2013

 

രാജ്യത്തെ ഏറ്റവും മുതിര്‍ന്ന ബി-സ്കൂളുകളായ ഐ. ഐ. എമ്മുകളിലെക്കുള്ള പോസ്റ്റ്‌ ഗ്രാജുവേറ്റ് ബിസിനസ്‌ കോഴ്സുകള്‍ക്കായുള്ള ‘ക്യാറ്റ്’ പ്രവേശനപരീക്ഷയ്ക്കായുള്ള അപേക്ഷാസമര്‍പ്പണം ഓഗസ്റ്റ്‌ 5 മുതല്‍. മുന്‍പ് അറിയിച്ചത് പ്രകാരം ഇത് ജൂലൈ 29 മുതല്‍ ആയിരുന്നു. ഐ. ഐ. എമ്മുകള്‍ക്ക് പുറമേ, രാജ്യത്തെ മറ്റ് മുന്‍നിര ബി-സ്കൂളുകളും, ഐ. ഐ. ടി മുതലായ ടെക്നിക്കല്‍ സ്ഥാപനങ്ങളും നടത്തുന്ന എം. ബി. എ കോഴ്സുകള്‍ക്കും ‘ക്യാറ്റ്’ മുഖേന പ്രവേശനം നടത്തി വരുന്നു. ഉന്നതമായ പഠനസാഹചര്യങ്ങളും, അവസരങ്ങളും, പഠനശേഷം പ്രശസ്തമായ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ശമ്പളത്തോടുകൂടിയ ജോലിയും വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്സുകളോടുള്ള പ്രിയം കൂട്ടുന്നു. അത് കൊണ്ട് തന്നെ തികച്ചും മത്സരോന്മുഖമാണ് ‘ക്യാറ്റ്’. കഴിഞ്ഞ വര്ഷം 2.14 ലക്ഷം പരീക്ഷാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇത്തവണ ഇതിലധികം അപേക്ഷകര്‍ ഉണ്ടാകും എന്നാണു പ്രതീക്ഷിക്കുന്നത്. നാടൊട്ടുക്കും ബി-സ്കൂളുകള്‍ കൂണ്‍ പോലെ മുളച്ചുപൊന്തുന്ന ഇക്കാലത്ത് പഠിച്ചിറങ്ങുന്ന സ്ഥാപനത്തിന്റെ നിലവാരം തീര്‍ച്ചയായും പ്രാധാന്യമര്‍ഹിക്കുന്നു. അത് കൊണ്ട് തന്നെ ‘ക്യാറ്റി’ന്‍റെ പ്രാധാന്യം വര്‍ഷാവര്‍ഷം കൂടിവരുന്നതെയുള്ളൂ. ഐ. ഐ എം. ഇന്‍ഡോറിനാണ് ഇത്തവണ നടത്തിപ്പ് ചുമതല.

IIM CAT 2013

അപേക്ഷയും, രജിസ്ട്രേഷനും

മുന്‍വിജ്ഞാപനപ്രകാരം രജിസ്ട്രേഷന്‍ ജൂലൈ 29നു തുടങ്ങും എന്നായിരുന്നു ഐ. ഐ. എം. അറിയിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ അറിയിപ്പ് പ്രകാരം ഓഗസ്റ്റ്‌ 5 മുതല്‍ സെപ്റ്റംബര്‍ 26 വരെയാണ് രജിസ്ട്രേഷന്‍ വിന്‍ഡോ. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് അപേക്ഷ വൌചെര്‍ വാങ്ങണം. ഓഗസ്റ്റ്‌ 5 മുതല്‍ സെപ്റ്റംബര്‍ 24 വരെയാണ് വൌചെര്‍ വില്‍പന. മുന്‍ വര്‍ഷങ്ങളില്‍ ഇത് ബാങ്ക് മുഖേനയാണ് വില്‍പന നടത്തിയിരുന്നത്. എന്നാല്‍ ഈ വര്ഷം ഓണ്‍ലൈന്‍ ആയിത്തന്നെ വൌചെര്‍ വാങ്ങാം. ഈ വൌച്ചരില്‍ രഹസ്യരൂപേണ രേഖപ്പെടുത്തിയിട്ടുള്ള നമ്പര്‍ നല്‍കി വേണം പരീക്ഷക്ക്‌ രജിസ്റ്റര്‍ ചെയ്യുവാന്‍. അപേക്ഷ നല്‍കുമ്പോള്‍ തന്നെ പരീക്ഷാതീയതിയും, സമയവും, കേന്ദ്രവും തെരഞ്ഞെടുക്കാം. ആഗ്രഹിക്കുന്ന കേന്ദ്രവും, തീയതിയും വേണം എന്നുള്ളവര്‍ രജിസ്ട്രേഷന്‍ വിന്‍ഡോയുടെ ആദ്യ ദിവസങ്ങളില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കുന്നതാണ് ബുദ്ധി. തീയതിയും, കേന്ദ്രവും മറ്റും പിന്നീട് ലഭ്യതക്കനുസരിച്ച്‌ മാറുവാനും സൗകര്യം ഉണ്ടായിരിക്കും. ഫീസ്‌: ജനറല്‍/ഒബിസി – Rs. 1600/-, എസ്.സി/എസ്.ടി/വികലാംഗര്‍: Rs. 800/-.

CAT 2013 Malayala Manorama 30-Jul-2013 Arunanand T A TAAism

CAT 2013 | Malayala Manorama | Arunanand T A | 30-Jul-2013

പരീക്ഷ

ഈ വര്‍ഷവും മുന്‍വര്‍ഷങ്ങളിലെപ്പോലെ കമ്പ്യൂട്ടര്‍ ബെയ്സ്ഡ് ടെസ്റ്റ്‌ ആണ് നടത്തപ്പെടുക. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 11 വരെ 20 ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന പരീക്ഷാവിന്‍ഡോ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 4൦ നഗരങ്ങളിലാണ് (കഴിഞ്ഞ വര്‍ഷം ഇത് 36 ആയിരുന്നു) ‘പ്രോമെട്രിക്’ പരീക്ഷാകേന്ദ്രങ്ങള്‍ മുഖേന പരീക്ഷ നടത്തപ്പെടുക. കേരളത്തില്‍ കഴിഞ്ഞ വര്ഷം ഉണ്ടായിരുന്ന കൊച്ചി, കോഴിക്കോട് നഗരങ്ങള്‍ക്ക് പുറമേ തിരുവനന്തപുരം കൂടി ഇതവണ പരീക്ഷാനഗരമായിരിക്കും.

ആകെ രണ്ട് വിഭാഗങ്ങളാണ് ‘ക്യാറ്റ് 2013’ നു ഉള്ളത്. ആദ്യത്തെ വിഭാഗത്തില്‍ ‘ക്വാന്ടിറ്റെട്ടിവ് എബിളിടി’, ‘ഡാറ്റ ഇന്റര്‍പ്രറ്റെഷന്‍’ എന്നിവയും, രണ്ടാമത്തെ വിഭാഗത്തില്‍ ‘വെര്‍ബല്‍ എബിളിടി’, ‘ലോജികല്‍ രീസനിംഗ്’ എന്നിവയുമാണ് പരിശോധിക്കപ്പെടുക. ഓരോ വിഭാഗത്തിലും 30 ചോദ്യങ്ങള്‍ വീതം ഉണ്ടാകും. ഓരോ വിഭാഗത്തിനും 70 മിനിറ്റ് വീതം പ്രത്യേകം സമയം നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഈ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ഇടവേള ഉണ്ടായിരിക്കുന്നതല്ല. ഒരുവേള പരീക്ഷാര്‍ഥിക്ക് ആദ്യത്തെ വിഭാഗത്തില്‍ നിശ്ചിത സമയത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വരെ അടയാളപ്പെടുത്തിയ ഉത്തരങ്ങള്‍ സേവ് ചെയ്യപ്പെടുകയും ടെസ്റ്റ്‌ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയും ചെയ്യും. രണ്ടാമത്തെ ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞാല്‍ തിരിച്ചു ഒന്നാമത്തെ ഘട്ടത്തിലേക്ക് വരാന്‍ സാധ്യമല്ല. രണ്ടാമത്തെ വിഭാഗത്തില്‍ 70 മിനിറ്റ് കഴിയുമ്പോള്‍ അടയാളപ്പെടുത്തിയ ഉത്തരങ്ങള്‍ ശേഖരിക്കപ്പെടുകയും ടെസ്റ്റ്‌ തനിയെ അവസാനിക്കുകയും ചെയ്യും.

വിശദവിവരങ്ങള്‍ http://cat2013.iimidr.ac.in എന്ന വെബ്‌സൈറ്റില്‍ ഉടന്‍ തന്നെ ലഭ്യമാകും.

ഓര്‍മിക്കേണ്ട തീയതികള്‍

  1. ‘ക്യാറ്റ്’ വൌചെര്‍ വില്‍പന (ഓണ്‍ലൈന്‍): ഓഗസ്റ്റ്‌ 5 മുതല്‍ സെപ്റ്റംബര്‍ 24 വരെ
  2. അപേക്ഷ സ്വീകരിക്കല്‍ (ഓണ്‍ലൈന്‍): ഓഗസ്റ്റ്‌ 5 മുതല്‍ സെപ്റ്റംബര്‍ 26 വരെ
  3. ‘ക്യാറ്റ്’ പരീക്ഷ വിന്‍ഡോ: ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 11 വരെ
  4. പരീക്ഷാഫലം: ജനുവരി 14, 2014.