The following article penned by me was published by Asianetnews, a leading TV Channel in Malayalam, on 27-Aug-2014.
Read on Asianetnews’ website: http://www.asianetnews.tv/magazine/article/16108_article-on-engineering-education
Table of Contents
കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ രീതി ഇങ്ങനെ പോയാല്‍ എന്താവും?
കേരളത്തിലെ തെക്കന്‍ ജില്ലയില്‍നിന്നുള്ള ഒരു വിദ്യാര്‍ഥി ഇക്കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന്റെ സമ്മര്‍ദമാണ് കാരണം. പ്ലസ് ടുവിന് 90 ശതമാനത്തിനുമുകളില്‍ മാര്‍ക്ക് വാങ്ങിയ ഈ മിടുക്കന്, എന്‍ട്രന്‍സ് കോച്ചിംഗ് തനിക്കു വേണ്ട എന്നുപറഞ്ഞു വീട്ടിലേക്ക് മടങ്ങിയെങ്കിലും വീണ്ടും ക്ലാസ്സിലേക്ക് മടങ്ങിവരേണ്ടി വന്നു. അധികം താമസിയാതെ ഭാവിയുടെ വാഗ്ദാനമാകേണ്ട ആ വിദ്യാര്‍ത്ഥി നമ്മെ വിട്ടുപോയി.
ഈ സംഭവം കേരളത്തിന്റെ കണ്ണാടിയാണെന്നോ, പരിച്ഛേദമാണെന്നോ പറയാനാകില്ല. പക്ഷെ, ചിലയിടങ്ങളിലെങ്കിലും വിദ്യാര്‍ഥികള്‍ എഞ്ചിനീയറിംഗ്/മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ പേരില്‍ പീഡനമനുഭവിക്കുന്നുണ്ട്. എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസ്സുകളിലെ സമ്മര്ദത്തിനേക്കാള് മാതാപിതാക്കളും ബന്ധുക്കളും അടങ്ങുന്ന സമൂഹത്തില്‍ നിന്നുള്ള പീഡനമാണ് അവരെ കൂടുതല്‍ തളര്‍ത്തുന്നത്. പ്ലസ് ടു സയന്‍സ് വിഷയമായി പഠിച്ച കുട്ടിക്ക് എഞ്ചിനീയറിംഗിന് പ്രവേശനം ലഭിച്ചില്ലെങ്കില്‍ അവന്/അവള് കഴിവ് കുറഞ്ഞവളാണ് എന്ന ഒരു ധാരണ നിര്‍ഭാഗ്യവശാല്‍ നമ്മുടെ സമൂഹത്തില്‍ ഇടം പിടിച്ചു പോയി. പലപ്പോഴും ഈ തെറ്റിദ്ധാരണയുടെ അനന്തരഫലമായി, എഞ്ചിനീയറിംഗ് കോളേജുകളില്‍ എത്തിചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് എന്ത് സംഭവിക്കുന്നു എന്ന് നമ്മള് പലരും ശ്രദ്ധിക്കാറില്ല. സ്വന്തം ഇഷ്ടത്തിനേക്കാള്‍ മറ്റുള്ളവരുടെ ആഗ്രഹങ്ങള്‍ക്ക് കുടപിടിക്കേണ്ടിവരുന്നത് പരമകഷ്ടമാണ്. തങ്ങളെക്കൊണ്ട് സാധിക്കാതിരുന്ന എഞ്ചിനീയര്‍ പട്ടം മക്കളിലൂടെ സാധിക്കാന്‍ ശ്രമിക്കുന്നവര്‍ മുതല്‍ അടുത്തവീട്ടുകാരുടെ മുന്പില് ‘ചെറുതാകാ’തിരിക്കാന്‍ മക്കളെ എഞ്ചിനീയറിംഗ് പഠനത്തിന് പറഞ്ഞയക്കുന്നവര്‍ വരെ ഈ ദുരവസ്ഥക്ക് ഉത്തരവാദികളാണ്.
കേരളത്തില്‍ ആകമാനം 57,000ല്‍ പരം എഞ്ചിനീയറിംഗ് സീറ്റുകളാണുള്ളത്. ഇതില്‍ തന്നെ പകുതിയിലധികം സീറ്റുകള്‍ ഈ വര്‍ഷം ഒഴിഞ്ഞു കിടന്നേക്കാം എന്ന് കഴിഞ്ഞദിവസങ്ങളില്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എഞ്ചിനീയറിംഗ് മെറിറ്റ് ലിസ്റില്‍ ഉള്ളവര്‍ 57,081 പേര് ആണെന്നത് ഇതിനോട് ചേര്‍ത്ത് വായിക്കണം. കഴിഞ്ഞ വര്‍ഷം 23000 സീറ്റുകളാണ് ഒഴിഞ്ഞു കിടന്നത്. ഇതൊക്കെ പോരാഞ്ഞ് പുതിയ എഞ്ചിനീയറിംഗ് കോളേജുകള്‍ വര്‍ഷാവര്‍ഷം അനുവദിച്ചുകൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍.
കേരളത്തില്‍ ഇത്രയും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴും അന്യസംസ്ഥാനത്തിലേക്കുള്ള നമ്മുടെ വിദ്യാര്‍ത്ഥികളുടെ ഒഴുക്കിന് ഇന്നും ഒരു കുറവും ഉണ്ടായിട്ടില്ല. ഇതിന് കാരണം രക്ഷിതാക്കളുടെ ‘ഇവിടെ പ്രവേശനം കിട്ടിയില്ലെങ്കിലോ’ എന്ന ആധിയാണ്. അനന്തരഫലമോ, നമ്മുടെ നാട്ടില്‍ മിക്കവാറും സ്വകാര്യ സ്വാശ്രയകോളേജുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയും, പല സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കുവാന്‍ വേണ്ട വരുമാനം ലഭിക്കാതിരിക്കുകയും ചെയ്യുന്നു. ഈ അവസ്ഥ അത്തരം സ്ഥാപനങ്ങളിലെ പഠനസൌകര്യങ്ങളെയും, അധ്യാപകവിദ്യാര്‍ഥി അനുപാതത്തെയും കാര്യമായി തന്നെ ബാധിക്കും. ഇതുമൂലം, അര്‍ഹതപ്പെട്ട സൌകര്യങ്ങള്‍ ലഭിക്കാതെ വിദ്യാര്‍ഥികള്‍ വെട്ടിലാവുന്ന അവസ്ഥയും സംജാതമാകും.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നമ്മുടെ നാട്ടിലെ എഞ്ചിനീയറിംഗ് കോളേജുകളുടെ പഠനനിലവാരത്തെക്കുറിച്ച് ബഹുമാനപ്പെട്ട ഹൈക്കോടതി ഒരു സുപ്രധാനനിരീക്ഷണം നടത്തിയത്. പല സര്‍വകലാശാലകളിലും 40 ശതമാനത്തോളം മാത്രമാണ് വിജയശതമാനം. മൂന്നില്‍ ഒന്ന് വിഭാഗം വിദ്യാര്‍ത്ഥികളും ജയിക്കാത്ത സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഈ ഒരവസ്ഥയില്ത്തന്നെയാണ് വീണ്ടും വീണ്ടും സ്വാശ്രയകോളേജുകള്‍ അനുവദിക്കുന്നത്. നമ്മുടെ കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ സാഹചര്യമൊരുക്കേണ്ടത് നമ്മുടെ ചുമതലയാണ്. പക്ഷെ, ഇത്രയധികം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ വീണ്ടും കോളേജുകള്‍ അനുവദിക്കുന്നത് പഠനനിലവാരത്തെ തകര്‍ക്കാന്‍ മാത്രമേ സഹായിക്കൂ.
സ്മാര്‍ട്ടാകട്ടെ നമ്മുടെ ക്ലാസുകള്‍
കേരളം വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ലോകപ്രശസ്തമാണ്. നൂറ് ശതമാനം സാക്ഷരതകൈവരിച്ചതും, ഐ. ടി. വിദ്യാഭ്യാസവുമൊക്കെ നമുക്ക് ലോക വിദ്യാഭ്യാസഭൂപടത്തില്‍ സ്ഥാനം നേടിത്തന്നു. കാലത്തിനനുസരിച്ച് നമ്മുടെ സ്കൂള്‍ വിദ്യാഭ്യാസം പരിഷ്കരിക്കാന്‍ നമുക്ക് കഴിഞ്ഞു. നമ്മുടെ കുട്ടികളും, ക്ലാസ്സ്റൂമുകളും സ്മാര്‍ട്ട് ആയി. പക്ഷെ, സാങ്കേതികവിദ്യയുടെ ഈറ്റില്ലങ്ങളായ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഈ മാറിയ സാങ്കേതികവിദ്യ എത്രത്തോളം നമുക്ക് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്?
പരമ്പരാഗത വിദ്യാഭ്യാസരീതികളില്‍ നിന്ന് മാറി മുഖ്യധാരാ, അതിനൂതന വിദ്യാഭ്യാസരീതികള് എഞ്ചിനീയറിംഗ് ക്ലാസ്സ്മുറികളില്‍ കൊണ്ടുവരുന്നതില്‍ നമ്മുടെ സ്ഥാപനങ്ങളില്‍ മിക്കവയും ഇനിയും വിജയിച്ചിട്ടില്ല; ഒരുപക്ഷെ, തുടങ്ങിയിട്ടുപോലുമില്ല. ചുരുക്കം ചില സ്ഥാപനങ്ങള്‍ മാത്രമാണ് കാലത്തിനനുസരിച്ച് പഠനത്തെയും, പഠനപ്രവര്‍ത്തനങ്ങളെയും നവീകരിച്ചത്. രാജ്യത്തെ അറിവിന്റെ ഒറ്റക്കുടക്കീഴില്‍ കൊണ്ടുവരാന്‍ വേണ്ടി വിഭാവനം ചെയ്ത നാഷണല്‍ നോളജ് നെറ്റ്വര്‍ക്ക് എന്ന മഹത്തായ സംരംഭം അനുവദിച്ചുകിട്ടിയിട്ടും ഇതുവരെ ഫലപ്രദമായി ഉപയോഗിക്കാന്‍ പല സ്ഥാപനങ്ങള്‍ക്കും ഇനിയും കഴിഞ്ഞിട്ടില്ല. സംസ്ഥാന ഉന്നത വിദ്യാഭ്യാസകൌെണ്സിലും മറ്റും ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെങ്കിലും, പഴയരീതിയിലുള്ള ‘അക്കാദമിക് കള്‍ച്ചര്‍’ മാറ്റുവാന്‍ നമുക്കിനിയുമായിട്ടില്ല. അതൊരു ന്യൂനത തന്നെയാണ്.
മാറട്ടെ പരീക്ഷാരീതികള്‍
പഠനരീതികളില്‍ മാത്രമല്ല പരീക്ഷാരീതികളിലും ഒരു ഉടച്ചുവാര്‍ക്കല്‍ ആവശ്യമാണ്. ശാസ്ത്രത്തിന്റെ പ്രായോഗികതയാണ് സാങ്കേതികതയുടെ അടിസ്ഥാനം. സാങ്കേതികതയുടെ പ്രായോഗികതയാണ് ഒരു എഞ്ചിനീയറുടെ മുഖമുദ്ര. പക്ഷെ, ചുരുക്കം സ്വയംഭരണാവകാശമുള്ള കല്പിതസര്വകലാശാലകളില് ഒഴികെ ഇന്നും പഴയരീതിയിലുള്ള ചോദ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടിവരുന്നത്. എന്ത്, എങ്ങനെ, എന്തുകൊണ്ട് തുടങ്ങിയ പരമ്പരാഗതരീതിയിലുള്ള ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികളെ ‘കാണാപ്പാഠം’ പഠിക്കുന്ന രീതിയില്‍ നിന്നും ഇന്നും കരകയറ്റിയിട്ടില്ല. പഠനവിഷയത്തെ ആസ്പദമാക്കി പ്രായോഗിക തലത്തിലുള്ള ചോദ്യങ്ങളിലേക്ക് നമ്മുടെ പരീക്ഷകള്‍ മാറേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിലും സ്കൂള്‍തല പരീക്ഷകള്‍ എത്രയോ മുന്‍പിലാണ്!
സത്യത്തില്‍ ഇത്തരത്തിലുള്ള ‘കാണാപ്പാഠം’ ചോദ്യങ്ങള്‍ ബുദ്ധിയും, ചിന്താശേഷിയുമുള്ള വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണ്. അവരിലെ യഥാര്‍ത്ഥ കഴിവും, കോഴ്സുകള്‍ കൊണ്ട് വിഭാവനം ചെയ്യുന്ന യഥാര്‍ത്ഥ ലക്ഷ്യങ്ങളും മറന്നുകൊണ്ടുള്ള നമ്മുടെ പരീക്ഷാരീതി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ എന്‍. ഐ. ടികളെയും, ഐ. ഐ. ടികളെയും നമ്മുടെ സര്‍വകലാശാലകള്‍ മാതൃകയാക്കണം.
തുടര്‍മൂല്യനിര്‍ണ്ണയത്തിന്റെ ഭാഗമായുള്ള അസൈന്‍മെന്റുകളാണ് മറ്റൊന്ന്. പഠനവിഷയത്തോട് അനുബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്ന ഈ മാര്‍ക്ക് ഇന്ന് മിക്കയിടത്തും പാഠപുസ്തകത്തില്‍ നിന്നും ‘കോപ്പി’യടിക്കുവാനുള്ള മാര്‍ഗ്ഗമായി മാറിയിരിക്കുന്നു. സിലബസിലെ ഒരു പ്രത്യേകഭാഗം പാഠപുസ്തകത്തില്‍ നിന്ന് പകര്‍ത്തിയെഴുതാന്‍ നിര്‍ദേശിക്കുന്നവരാണ് ഭൂരിഭാഗം (എല്ലാവരുമല്ല) എഞ്ചിനീയറിംഗ് കോളേജ് അധ്യാപകരും എന്ന് പറയുമ്പോള്‍ ഒരുപക്ഷെ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കാത്തവര്‍ ഞെട്ടിയേക്കാം. പക്ഷെ, അതാണ് സത്യം. മറ്റൊരു അംഗുലീവ്യായാമമായി ഇവ പരിണമിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന മറ്റൊരു ക്രൂരതയായി മാറുകയാണിത്. പഠനവിഷയങ്ങളുമായി ബന്ധപ്പെടുത്തി വിദ്യാര്‍ഥികളുടെ വിജ്ഞാനവും, പ്രായോഗികശേഷിയും വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന വിധത്തില്‍ അസൈന്‍മെന്റുകളെ മാറ്റിയെടുക്കാന്‍ ഇനിയും നമ്മുടെ സര്‍വ്വകലാശാലകളും അധ്യാപകരും അമാന്തിച്ചുകൂടാ.
വ്യവസായമേഖലയും കോളേജുകളും
ഈയടുത്തകാലത്ത് ശക്തിപ്രാപിച്ച ഒരു ആരോപണമാണ് നമ്മുടെ സിംഹഭാഗം എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളും ‘എംപ്ലോയബ്ള്’ അഥവാ വ്യവസായ/കോര്‍പ്പറേറ്റ് മേഖലക്ക് യോജിച്ചവരല്ല എന്നത്. നിരവധി ബഹുരാഷ്ട്രകമ്പനികളുടെ ഇന്ത്യന്‍ മേധാവികളും ഈ പരാതി ഉന്നയിച്ചുകാണുന്നു. ഇതിന് പ്രധാനകാരണം മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ തന്നെയാണ്. പാഠഭാഗങ്ങള്‍ പരീക്ഷകള്ക്കുവേണ്ടിമാത്രമാകുമ്പോള് പ്രായോഗികത നഷ്ടപ്പെടുന്ന ഒരുകൂട്ടം വിദ്യാര്‍ത്ഥികളെയാണ് നമ്മള് ഉണ്ടാക്കിയെടുക്കുന്നത്. ഓരോരുത്തരുടെയും വ്യവസായമേഖലകളില്‍ എന്തൊക്കെയാണ് പുതുതായി നടക്കുന്നത്, ക്യാമ്പസ്സില്‍ നിന്നും പ്രവര്‍ത്തനമേഖലകളില്‍ എത്തുമ്പോള്‍ എന്തൊക്കെയാണ് അവിടെ പ്രതീക്ഷിക്കപ്പെടുക എന്നിങ്ങനെയുള്ള അജ്ഞതയാണ് മറ്റൊരു കാരണം. ഇതിനെ ‘ക്യാമ്പസ് ഇന്‍ഡസ്ട്രി ഗ്യാപ്’ എന്നാണ് പറയുക.
വിദേശരാജ്യങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടെ മിക്കവാറും വിദ്യാര്‍ഥികള്‍ പഠനത്തോടൊപ്പം ബന്ധപ്പെട്ട മേഖലകളില്‍ പാര്‍ടൈം തൊഴിലാളികളായി പ്രവര്‍ത്തിക്കുന്നു. പഠനത്തോടൊപ്പം ആ കൊച്ചുജോലിയും കൊണ്ടുപോകുവാന്‍ അവര്‍ക്ക് സാധിക്കുന്നു. സങ്കടകരമെന്നു പറയട്ടെ, നമ്മുടെ നാട്ടില്‍ അത്തരം ഒരു അക്കാദമിക സംസ്കാരം ഇനിയും വളര്‍ന്നുവന്നിട്ടില്ല. എങ്കിലും, ഏതാനും വര്‍ഷങ്ങളായി കണ്ടുവരുന്ന ഇന്റേണ്‍ഷിപ്പ് സംസ്കാരം പ്രതീക്ഷയുണര്‍ത്തുന്നുണ്ട്. അവധിക്കാലങ്ങളിലും മറ്റും വിദ്യാര്‍ഥികള്‍ കമ്പനികളില്‍ ‘ജോലി’ ചെയ്യുകയും അതുവഴി അവരവരുടെ മേഖലയുടെ സ്വഭാവം മനസ്സിലാക്കുകയും ചെയ്യുന്ന ഈ പ്രക്രിയ തീര്‍ച്ചയായും അവലംബിക്കേണ്ട ഒന്നുതന്നെയാണ്. സര്‍വ്വകലാശാലകള്‍ ഇടപെട്ട് ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കണം. കഴിയുമെങ്കില്‍ അധ്യാപകര്‍ക്കും ഇത്തരം അവസരങ്ങള്‍ ഏര്‍പ്പാടാക്കിക്കൊടുക്കണം. സാങ്കേതികവിദ്യയുടെ പുതിയതലങ്ങളെക്കുറിച്ച് മനസ്സിലാക്കുവാനും സ്വയം ‘അപ്ഡേറ്റ് ‘ചെയ്യുവാനും ഇത് അവരെ സഹായിച്ചേക്കും. ആ മാറ്റം അധ്യാപനരീതികളിലും പോസിറ്റീവ് ആയിത്തന്നെ പ്രകടവുമാകും.
ഉപയോഗിക്കാം’ മൂക്കു’കള്‍
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പഠനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആശയമാണ് ‘മൂക്’ (MOOC Massive Open Online Courses)). വിശ്വപ്രസിദ്ധരായ സര്‍വ്വകലാശാലകളോ, അവരുടെ കൂട്ടായ്മകളോ ചേര്‍ന്ന് ഇന്റര്‍നെറ്റിലൂടെ നടത്തുന്ന ക്ലാസ്സുകളാണ് ‘മൂക്കു’കള്‍. എഞ്ചിനീയറിംഗ് വിഷയങ്ങള്‍ക്ക് പുറമേ ശാസ്ത്രമാനവികഭാഷാ വിഷയങ്ങള്‍ക്കും വിവിധ മൂക്കുകള്‍ ഇന്ന് ലഭ്യമാണ്.
ലോകത്തിലെ പ്രസിദ്ധരായ അധ്യാപകര്‍ തികച്ചും ലളിതമായി വിഷയങ്ങള്‍ നമുക്ക് മുന്പില് അവതരിപ്പിക്കുന്നു; അത് കേരളത്തിലെ ഒരു ഗ്രാമത്തിലിരുന്നുപോലും നമുക്ക് കാണുവാന്‍ സാധിക്കുന്നു, പഠിക്കാന്‍ കഴിയുന്നു, പഠനം സ്വയം വിലയിരുത്താന്‍ സാധിക്കുന്നു. അതാണ് ‘മൂക്കു’കളുടെ ഗുണം. ഈ കോഴ്സുകള്‍ മിക്കവയും തികച്ചും സൌജന്യവും ലളിതവുമാണ് എന്നത് മറ്റൊരാകര്‍ഷണം.
സ്റാന്ഫോര്ഡിലോ, എം. ഐ. ടിയിലോ, ഹാര്‍വാര്‍ഡിലോ പഠിക്കാന്‍ കഴിയാഞ്ഞതില്‍ വിഷമിക്കേണ്ടതില്ലെന്നര്ത്ഥം. ഭാരതസര്‍ക്കാര്‍ ഐ. ഐ. ടികള്‍ മുഖേന ഇന്ത്യയുടെ സ്വന്തം മൂക് കോഴ്സുകളും ഈയിടെ തുടങ്ങി. റെക്കോര്‍ഡ് ചെയ്തുവച്ച കോഴ്സുകള്‍ക്ക് പകരം ലൈവ് ആയി തന്നെ ഈ കോഴ്സുകള്‍ ഇനി പഠിക്കാം. ഇക്കഴിഞ്ഞ കേന്ദ്രബജറ്റില്‍ ഇത്തരം കോഴ്സുകള്‍ക്ക് വേണ്ടി പ്രത്യേകം പണമനുവദിച്ചത്, സര്‍ക്കാര്‍ ഇക്കാര്യത്തെ എത്രമാത്രം പ്രാധാന്യത്തോടെ കാണുന്നു എന്നതിന്റെ സൂചനയാണ്.
പ്രധാനപ്പെട്ട ചില ‘മൂക്’ വെബ്സൈറ്റുകള്‍:
കൊഴ്സെര: wwwHYPERLINK “http://www.coursera.org”
ഭാരതസര്‍ക്കാരിന്റെ എന്‍.പി.ടി.ഇ.എല്‍ പദ്ധതി: httpHYPERLINK “http://onlinecourses.nptel.ac.in”
എഡക്സ്: wwwHYPERLINK “http://www.edx.org“.
യൂഡാസിറ്റി: wwwHYPERLINK “http://www.udacity.com“.
സൈലോര്‍: wwwHYPERLINK “http://www.saylor.org“
ആകാം തുടര്‍മൂല്യനിര്‍ണ്ണയം, അധ്യാപകര്‍ക്കും!
സാങ്കേതികവിദ്യ വളരെവേഗം വളരുന്നു. അതിനൊപ്പം ഓടിയെത്താന്‍ നമ്മുടെ അധ്യാപകര്‍ക്കും കഴിയണം. വിദേശരാജ്യങ്ങളിലെപ്പോലെ, നമ്മുടെ അധ്യാപകരെയും ഒരു നിശ്ചിതകാലയളവില്‍ വിലയിരുത്താനും ഗ്രേഡ് നല്‍കാനുമുള്ള സംവിധാനം വേണം. വിദ്യാര്‍ത്ഥികളുടെ അഭിപ്രായത്തോടൊപ്പം, ഗവേഷണ അക്കാദമികമികവുകളും പരിഗണിക്കാം. ഇത്തരം ഒരു പ്രക്രിയ തീര്‍ച്ചയായും അധ്യാപനനിലവാരം ഉയര്‍ത്തുന്നതിന് സഹായിക്കും.
This post was cited in the Asianetnews’ Facebook page, at: http://tinyurl.com/EnggKeralaChange