Table of Contents
സോളാര്‍/എല്‍ഇഡി സബ്സിഡി പ്രൊജെക്ടുകള്‍
ചെറിയൊരു അന്വേഷണം നടത്തി. വളരെ ചെറിയ കുറിപ്പുകള്‍ താഴെ കൊടുക്കുന്നു. ഗാര്‍ഹികആവശ്യത്തിന്. ആര്‍ക്കേലും ഉപകാരപ്പെടുവാണേല്‍ ആയ്ക്കോട്ടെ.
1. പതിനായിരം റൂഫ്ടോപ് സോളാര്‍ പാനല്‍ പദ്ധതി.
അനെര്‍ട്ടിന്റെ അഭിമാനപദ്ധതിയാണിത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ പതിനായിരത്തോളം വീടുകളില്‍ റൂഫ് ടോപ്പില്‍ ഓഫ്-ഗ്രിഡ് (അതായത്, വീടിനു മുകളില്‍ വയ്ക്കുന്ന സോളാര്‍ പാനല്‍ മുഖേന നമുക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ വൈദ്യുതി ഉദ്പാദിപ്പിച്ചാലും അത് കെഎസ്സിബി ഗ്രിഡിലേക്ക് എടുക്കില്ല, നമ്മള്‍ തന്നെ ഉപയോഗിച്ചുകൊള്ളണം) സോളാര്‍ പാനെലുകള്‍ സ്ഥാപിക്കുക എന്നതാണ് ഉദ്ദേശ്യം.
പദ്ധതി ഏതാണ്ട് പൂര്‍ണ്ണമായും ലക്‌ഷ്യം കൈവരിച്ചു കഴിഞ്ഞു. രണ്ടുലക്ഷം രൂപയില്‍ താഴെയാണ് 1KW പാനല്‍ സ്ഥാപിക്കാന്‍ ചിലവ്. ഇതില്‍ തൊണ്ണൂരായിരം രൂപയോളം സബ്സിഡി കിട്ടും. അനെര്‍ട്ട് തെരഞ്ഞെടുത്ത ഏജന്‍സികള്‍ മുഖേന വേണം സംഗതി നടപ്പാക്കാന്‍. സബ്സിഡി കഴിച്ചുള്ള പണം നമ്മള്‍ നല്‍കിയാല്‍ മതി. റീജിയനല്‍ ഓഫീസില്‍ വിളിച്ചപ്പോള്‍ പദ്ധതി ഏതാണ്ട് തീര്‍ന്നു, ഹെഡ് ഓഫീസില്‍ ഒന്ന് വിളിച്ചു നോക്കൂ എന്ന് പറഞ്ഞു. മെയില്‍ അയച്ച് കാത്തിരിക്കുന്നു. ഇവിടെ അപ്ഡേറ്റ് ചെയ്യാം. സംഗതി നടന്നാല്‍ കൊള്ളാവുന്ന ഒന്നാണ്.
കൂടുതലറിയാന്‍: http://goo.gl/4tyAVW
2. എല്‍ഇഡി ബള്‍ബ് പദ്ധതി.
ഈയിടെ തുടങ്ങിയത്. കഴിഞ്ഞ മാസം 25ന് ശേഷം നിങ്ങള്‍ക്ക് വൈദ്യുതി ബില്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അതിനോടൊപ്പം ഇതിന്റെ വിവരവും കാണും. രണ്ട് എല്‍. ഇ. ഡി ബള്‍ബുകള്‍ (800 രൂപ വിലവരുന്നത്) നൂറ്റിതൊണ്ണൂര്‍ രൂപക്ക് ലഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഈ പദ്ധതി നടപ്പാക്കുന്നത് നമ്മുടെ സ്വന്തം കെ. എസ്. സി. ബിയും. പുതിയ വൈദ്യുതിബില്ല്, ഒരു ഐഡന്റിറ്റി കാര്‍ഡും കോപ്പിയും ആയി (എന്നാണ് സെക്ഷന്‍ ഓഫീസില്‍ വിളിച്ചപ്പോ പറഞ്ഞത്; താഴെയുള്ള ലിങ്കില്‍ ഐഡന്റിറ്റി കാര്‍ഡിന്റെ കാര്യം പറയുന്നില്ല) അടുത്തുള്ള കെഎസ്സിബി ഓഫീസില്‍ ചെന്ന്‍ സംഗതി വാങ്ങാം. ഒന്ന് വിളിച്ചു ചോദിച്ചിട്ട് പോകുന്നത് നല്ലത്. കെ. എസ്. സി. ബി ഹെല്‍പ്ലൈന്‍ നമ്പര്‍: 1912 അല്ലെങ്കില്‍ 0471-2555544 (ഈ ഉദ്യോഗസ്ഥരുടെ നല്ല പെരുമാറ്റം എടുത്തു പറയേണ്ടതാണ്). ഈ ബള്‍ബുകളുടെ പവര്‍ വിവരങ്ങളോ, ലുമിനന്സോ എനിക്കറിയില്ല എന്നും പറഞ്ഞുകൊള്ളട്ടെ. വാങ്ങിയിട്ടില്ല ഇതുവരെ.
കൂടുതല്‍ വിവരങ്ങള്‍ ദാ ഇവിടെ: http://goo.gl/wdfus8
3. സോളാര്‍ വാട്ടര്‍ ഹീടെര്‍ പദ്ധതി.
കേന്ദ്രസര്‍ക്കാരിന്റെ മറ്റൊരു പദ്ധതി. കേരളത്തില്‍ അനെര്‍ട്ട് കൈകാര്യം ചെയ്യുന്നു. മാര്‍ച്ച് ഒടുവില്‍ വരെ ഉണ്ടാകും എന്നു കരുതുന്നു. വീടിനു മുകളില്‍ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ സ്ഥാപിക്കാന്‍ ഓരോ നൂറു ലിറ്ററിനും മൂവായിരത്തോളം രൂപ സബ്സിഡി ലഭിക്കും. കേരളത്തില്‍നിന്നും വെണ്ണലയിലെ വിഗാര്‍ഡും, അങ്കമാലിയിലെ ഓള്‍റ്റര്‍നെറ്റ് എനര്‍ജി കോര്‍പ്പറേഷനുമാണ് അംഗീകൃത ഏജന്‍സി. നൂറു ലിറ്റര്‍ ശേഷിയുള്ള സോളാര്‍വാട്ടര്‍ ഹീറ്ററിന് വിഗാര്‍ഡ് ഈടാക്കുന്നത് പത്തൊമ്പതിനായിരം രൂപ (സബ്സിഡി ഇല്ലാതെ). സബ്സിഡി, സംഗതി സ്ഥാപിച്ചതിനു ശേഷം നമ്മുടെ ബാങ്ക് അക്കൗണ്ട് മുഖേന ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://goo.gl/te84uC