Table of Contents
എഞ്ചിനീയറിംഗ് പഠനം മാറ്റത്തിന്റെ വഴിയില്‍
ഈ വര്‍ഷം മുതല്‍ കേരളത്തിലെ എഞ്ചിനീയറിംഗ് പഠനമേഖലയും, പഠനരീതികളും അടിമുടി മാറുകയാണ്. കേരള സാങ്കേതിക സര്‍വകലാശാലയുടെ വരവോടുകൂടിയാണിത്.
This article, in short, was published by Malayala Manorama daily in their Horizon page, on 11-May-2015
നമ്മുടെ സംസ്ഥാനത്ത് എഞ്ചിനീയറിംഗ് കോളേജുകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നകാഴ്ച്ചയാണുള്ളത്. അതോടൊപ്പം, മാറാത്ത പഠനരീതികളും, താഴേക്ക് വീഴുന്ന വിജയശതമാനങ്ങളും, നിലവാരമില്ലാത്ത പഠനപ്രക്രിയകളും, തൊഴില്‍പരത (employability) കുറഞ്ഞ വിദ്യാര്‍ഥിസമൂഹവുമൊക്കെ ഇത്തരുണത്തില്‍ വളരെയേറെ പഴികേട്ടവയാണു. സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജ് സംവിധാനം ഉടച്ചുവാര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന തിരിച്ചറിവിലാണ് സാഹസികമായ, അഥവാ ഐതിഹാസികമായ ഒരു മാറ്റത്തിന് സര്‍ക്കാര്‍ തയ്യാറായത്. നിലവിലുള്ള എല്ലാ സംസ്ഥാന എഞ്ചിനീയറിംഗ് കോളേജുകളെയും ഒരൊറ്റ സര്‍വ്വകലാശാലയുടെ കീഴില്‍ കൊണ്ടുവരിക എന്ന തീരുമാനമാണത്. അതിന്റെ ചുവടുപിടിച്ചാണ് 2014ലെ കേരള സാങ്കേതിക സര്‍വകലാശാല ഓര്‍ഡിനന്‍സ് മുഖേന പ്രത്യേകം സര്‍വകാലശാല രൂപീകരിക്കപ്പെട്ടത്.
KTU – Changes in Short (Thanks to Viju sir, for this Whatsapp message)
|
ഒരല്‍പം ചരിത്രം
1939ലാണ് കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കപ്പെടുന്നത് – തിരുവനന്തപുരത്തെ ഗവ: എഞ്ചിനീയറിംഗ് കോളേജ്. അതിനും പതിനെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സാങ്കേതിക വിദ്യാഭ്യാസത്തിനായി ഒരു വകുപ്പ് സര്‍ക്കാര്‍ തലത്തില്‍ രൂപപ്പെടുന്നത് – 1957ല്‍. 1958ല്‍ കൊല്ലം ടി. കെ. എം. കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആദ്യത്തെ സര്‍ക്കാര്‍ എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജായി മാറി. മൂന്ന്‍ വര്ഷം കഴിഞ്ഞ് കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജ് (ഇപ്പോഴത്തെ എന്‍. ഐ. ടി) കേന്ദ്രസര്‍ക്കാര്‍ സഹായിത സ്ഥാപനമായി നിലവില്‍ വന്നു. 1993 ആയപ്പോഴേക്കും സര്‍ക്കാര്‍ സ്വാശ്രയം എന്ന ആശയത്തില്‍ ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജ്, കാസര്‍ഗോഡ് എല്‍. ബി. എസ്. എഞ്ചിനീയറിംഗ് കോളേജ് എന്നിവ സ്ഥാപിക്കപ്പെട്ടു. 1994 വരെ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം പരിപൂര്‍ണ്ണമായും സര്‍ക്കാര്‍ അഥവാ സര്‍ക്കാര്‍ നിയന്ത്രിത കോളേജുകളില്‍ ആയിരുന്നു. ആ വര്‍ഷമാണ് ആദ്യമായി ഒരു സ്വകാര്യ സ്വാശ്രയസ്ഥാപനം എഞ്ചിനീയറിംഗ് പഠനമേഖലയില്‍ ഉടലെടുക്കുന്നത് – വളാഞ്ചേരിയിലെ എം. ഇ. എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ്.
രണ്ടായിരാമാണ്ടിനുമുന്‍പേ വരെ കേരളത്തില്‍ ആകെ 19 എഞ്ചിനീയറിംഗ് കോളേജുകള്‍ മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. എന്നാല്‍ അതിനു ശേഷം, ഒരു വലിയ കുതിപ്പാണ് ഈ രംഗത്തുണ്ടായത്. 2014 ആയപ്പോഴേക്കും ഈ സംഖ്യ 161 ആയി. അറുപതിനായിരത്തോളം സീറ്റുകളാണ് ഇന്ന് നമ്മുടെ സംസ്ഥാനത്തുള്ളത്. അതായത് , ഒന്നരപതിറ്റാണ്ടില്‍ എട്ടിരട്ടിയിലധികം വര്‍ധന! ഈ അഭൂതപൂര്‍വമായ മാറ്റം കേരളത്തില്‍ മാത്രം ഉണ്ടായതല്ല; രാജ്യമൊട്ടുക്കെ സംഭവിച്ച പ്രതിഭാസമാണിത്. രാജ്യത്ത് രണ്ടായിരാമാണ്ടില്‍ 3487 ആയിരുന്ന എഞ്ചിനീയറിംഗ് കോളേജുകളുടെ എണ്ണം, 2014 ആയപ്പോഴേക്കും 10321 ആയി കുതിച്ചുയര്‍ന്നു.
ഇന്ന്, കേരളത്തില്‍ ഒട്ടാകെയുള്ള എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ച്ചര്‍, ഡിപ്ലോമ തുടങ്ങിയ സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളുടെയെല്ലാം മേല്‍നോട്ടചുമതല വഹിക്കുന്നത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണ്. ഈ കോളേജുകള്‍ വിവിധ സര്‍വകലാശാലകളില്‍ അംഗസ്ഥാപനങ്ങളായി (affiliated colleges) ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരുന്നു. ഈ സര്‍വകലാശാല മേല്‍നോട്ടത്തിനാണ് 2015-16 അധ്യയനവര്ഷം മുതല്‍ മാറ്റം വരാന്‍ പോകുന്നത്. സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുകളൊക്കെ പുറത്തിറങ്ങിയെങ്കിലും, പഠനരീതി, നിയമങ്ങള്‍, സില്ലബസ്, പഠനപദ്ധതി തുടങ്ങിയവയെക്കുറിച്ച് അന്തിമമായ തീരുമാനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. ഇതുവരെയുള്ള അറിയിപ്പുകള്‍ താഴെ കൊടുക്കുന്നു.
കേരള സാങ്കേതിക സര്‍വകലാശാല (കെ. ടി. യു)
കേരളത്തിലെ സ്വയംഭരണ എഞ്ചിനീയറിംഗ് കോളേജുകള്‍ (അതായത്, നിലവില്‍ വിവിധ സര്‍വകാലശാലകളുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലും, നിയന്ത്രണത്തിലും പ്രവര്‍ത്തിക്കുന്നവയോ, സര്‍വകാലശാല പദവിയുള്ളവയോ അയവ) ഒഴികെയുള്ള എല്ലാ കോളേജുകളെയും ഈ അധ്യയനവര്‍ഷം മുതല്‍ പുതിയ സര്‍വകാലശാലയുടെ കീഴില്‍ കൊണ്ട് വരും. കഴിഞ്ഞ വര്ഷം എഞ്ചിനീയറിംഗ് പഠനം തുടങ്ങിയവര്‍ക്കും, ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന മറ്റു വിദ്യാര്‍ഥികള്‍ക്കും അവരുടെ പഠനകാലാവധി കഴിയുന്നത് വരെ അതാത് സര്‍വകാലശാലയുടെ ആഭിമുഖ്യത്തില്‍ തന്നെ പഠനം തുടരാം. 2015-16 അധ്യയന വര്‍ഷം മുതല്‍ പഠനം ആരംഭിക്കുന്ന എഞ്ചിനീയറിംഗ്/ആര്‍ക്കിടെക്ക്ച്ചര്‍ വിദ്യാര്‍ഥികളാണ് പുതിയ സര്‍വകാലശാലയുടെ കീഴില്‍ വരിക. അങ്ങനെ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് പരിപൂര്‍ണ്ണമായും എഞ്ചിനീയറിംഗ് വിദ്യാഭ്യാസം കെ. ടി. യുവിന്റെ കീഴില്‍ ആയിത്തീരും.
നിരവധി ഗുണങ്ങളാണ് ഈ മാറ്റം കൊണ്ട് ലക്ഷ്യമിട്ടിരിക്കുന്നത്. കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്‍റെ തോതും, മേന്മയും ഒരേരീതിയില്‍ ആക്കിയെടുക്കലാണ് പ്രഥമലക്‌ഷ്യം. അതായത്, അന്താരാഷ്ട്രനിലവാരത്തോട് കിടപിടിക്കുന്ന രീതിയില്‍ നമ്മുടെ സ്ഥാപനങ്ങളെ ഭാവിയില്‍ മാറ്റിയെടുക്കുക എന്നതാണ് ഉദ്യമം. ഒരേസ്വഭാവത്തിലുള്ള പഠനപദ്ധതിയും, സില്ലബസും, പരീക്ഷാ സമയങ്ങളും കൂടുതല്‍ കൃത്യമായും, അടുക്കും ചിട്ടയോടും കൂടി പഠനപ്രവര്‍ത്തനങ്ങള്‍ നടത്തുവാനും, പരീക്ഷാഫലങ്ങള്‍ കൃത്യസമയത്തുതന്നെ പ്രഖ്യാപിക്കാനും സഹായിച്ചേക്കും.
ഇതിനുപുറമേ, സാങ്കേതികവിദ്യഭ്യാസം സംബന്ധിച്ച് സര്‍ക്കാരിന്റെ പ്രമുഖ ഉപദേശകസ്ഥാപനമായി കെ. ടി. യു പ്രവര്‍ത്തിക്കും. കൃത്യമായ അകാദമിക ഓഡിറ്റിങ്ങിലൂടെ വിദ്യാഭാസസൌകര്യങ്ങളും, അധ്യാപന നിലവാരവും പരിശോധിക്കാനും, ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ കഴിയുമെന്നും പ്രത്യാശിക്കുന്നു. നിലവിലുള്ള പരമ്പരാഗത വിഷയങ്ങള്‍ക്ക് പുറമേ, പുതിയ വിഷയങ്ങളിലും, ഒന്നിലധികം വിഷയങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ബഹുവിഷയ ബിരുദ-ബിരുദാനന്തരബിരുദപഠനം പ്രോത്സാഹിപ്പിക്കാനും സര്‍വകാലശാല ശ്രമിക്കുന്നു. സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭാസ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സിയായ ഓള്‍ ഇന്ത്യ കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍റെ ഏകസമ്പര്‍ക്കകേന്ദ്രമായും (single point of contact) പ്രവര്‍ത്തിക്കാന്‍ സര്‍വകാലശാലക്കു കഴിയും. അതോടൊപ്പം, അന്താരാഷ്ട്രതലത്തില്‍ തന്നെ പുതിയ അകാദമിക ബന്ധങ്ങള്‍ ഉരുത്തിരിയുവാനും ഒരു ബൃഹത്സര്‍വകാലശാല സഹായിക്കും. ബിരുദാനന്തരപഠനത്തിനും, ഗവേഷണത്തിനും പ്രത്യേകപ്രാധാന്യം തന്നെ കെ. ടി. യു. വിഭാവനം ചെയ്യുന്നു. ഈ വിഭാഗത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണവും കൂടും.
സംസ്ഥാനഗവര്‍ണറാണ് സര്‍വകാലശാലയുടെ ചാന്‍സലര്‍. വിദ്യാഭ്യാസമന്ത്രി പ്രൊ-ചാന്‍സലറും. പ്രഥമ വൈസ് ചാന്‍സലറായി ഡോ: കുഞ്ചറിയ പി. ഐസക്, പ്രോ-വൈസ് ചാന്‍സലറായി ഡോ: എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ നിയമിതരായിട്ടുണ്ട്.
ഓള്‍ ഇന്ത്യ കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍ അംഗീകരിച്ച സീറ്റുകള്‍ക്കും പുറമേ, പതിനഞ്ചുശതമാനത്തോളം വിദേശവിദ്യാര്‍ഥികള്‍ക്കും, പി. ഐ. ഓ (പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) വിദ്യാര്‍ഥികള്‍ക്കും ഓരോ കോളേജിലും സീറ്റ് നല്‍കാന്‍ അവസരമുണ്ട്. പക്ഷെ, നമ്മുടെ കോളേജുകള്‍ ഈ സംവിധാനം പ്രയോജനപ്പെടുത്താറില്ല. ഇനി മുതല്‍ ഇക്കാര്യത്തില്‍ ഒരു പ്രോത്സാഹനം നല്‍കാന്‍ കെ. ടി. യു തീരുമാനിച്ചിട്ടുണ്ട്. ഭാവിയില്‍ വിദ്യാര്‍ഥി കൈമാറ്റ പ്രക്രിയ (student exchange program) ഉള്‍പ്പെടെയുള്ള ആശയങ്ങള്‍ക്ക് ഈ തീരുമാനം പ്രേരകമായേക്കും. കൂടാതെ, വിദേശവിദ്യാര്‍ഥികളെ നമ്മുടെ നാട്ടിലേക്ക് ആകര്‍ഷിക എന്ന ഉദ്ദേശ്യവും സഫലമായേക്കും. വെബ് വിലാസം: http://www.ktu.edu.in
സ്വയംഭരണവുമായി ക്ലസ്റ്ററുകള്‍
ബിരുദാനന്തരപഠനത്തിനായി സംസ്ഥാനം ഒട്ടാകെ പത്ത് ക്ലസ്റ്ററുകളായി വിഭജിക്കും. തുടക്കത്തില്‍ അകാദമിക സ്വയം ഭരണം അതാതു ക്ലസ്റ്ററുകള്‍ക്കു നല്‍കും. ഓരോ ക്ലസ്റ്ററിലും, അതാത് പ്രദേശത്തില്‍ വരുന്ന എഞ്ചിനീയറിംഗ് കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ അംഗങ്ങളായിരിക്കും. അതില്‍ നിന്നും ഒരു വ്യക്തിയെ ക്ലസ്റ്ററിന്‍റെ കണ്‍വീനര്‍ ആയി തെരഞ്ഞെടുക്കും. കണ്‍വീനര്‍ സ്ഥാനത്തിന്റെ പ്രധാന ഉത്തരവാദിത്വം ക്ലസ്റ്റര്‍ സംവിധാനത്തിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട സാഹചര്യം ഒരുക്കുക എന്നതായിരിക്കും. എല്ലാ ക്ലസ്റ്റരുകള്‍ക്കും കണ്‍വീനറുടെ മുകളിലായി ഓരോ ചെയര്‍മാന്‍മാരും നിയമിതരായിട്ടുണ്ട്. രാജ്യത്തെ വിവിധ ഐ. ഐ. ടി/എന്‍. ഐ. ടികളിലെ പ്രൊഫസര്‍മാരാണ് ഈ ചെയര്‍മാന്‍മാര്‍. വൈസ് ചാന്‍സില്ലറാണ് ചെയര്‍മാന്‍മാരെ നാമനിര്‍ദേശം ചെയ്യുന്നത്. ചെയര്‍മാനും, കണ്‍വീനറും, മറ്റു പ്രിന്‍സിപ്പല്‍മാറും അടങ്ങിയ ക്ലസ്റ്റര്‍ ലെവല്‍ ഗ്രാജുവേറ്റ് പ്രോഗ്രാം കമ്മിറ്റി (സി. ജി. പി. സി) ആണ് അക്കദമിക സ്വയംഭരണം മുന്നോട്ട് കൊണ്ടുപോകുന്നത്. സി. ജി. പി. സിക്കാണ് അതാത് ക്ലസ്റ്ററിലെ സില്ലബസ്, പഠനപദ്ധതി, ഇന്‍റെണല്‍, സെമെസ്റെര്‍ പരീക്ഷകള്‍, ഗ്രേഡിംഗ്, പരീക്ഷാഫലം പ്രഖ്യാപിക്കല്‍ തുടങ്ങിയവയുടെ ചുമതല.
തുടക്കത്തില്‍ എം. ടെക് പ്രോഗ്രാമുകള്‍ക്കാണ് ക്ലുസ്റെറുകള്‍ ബാധകമെങ്കിലും, ക്ലസ്റ്ററുകളുടെ പ്രവര്‍ത്തനക്ഷമതയും, നിലവാരവും പരിശോധിച്ച് ബിരുദതലത്തിലേക്കും ഇത് ഭാവിയില്‍ വ്യാപിപിക്കും. ആത്യന്തികമായി, കോളേജ് തലത്തില്‍ അകദമികസ്വയംഭരണം നല്‍കുക എന്നതാണ് പ്രഖ്യാപിത ലക്‌ഷ്യം. ഇതിലേക്കുള്ള ചവിട്ടുപടികളാണ് ഇപ്പോള്‍ തയ്യാറായിവരുന്നത്.
ക്രെഡിറ്റ് സമ്പ്രദായം
മുന്‍വര്‍ഷങ്ങളില്‍ മാര്‍ക്ക് സമ്പ്രദായമാണ് നമ്മുടെ സര്‍വകാലശാലകളില്‍ നിലനിന്നിരുന്നത്. ഒരു നിശ്ചിത വിഷയങ്ങള്‍ സര്‍വകാലശാല തീരുമാനിക്കും, വിദ്യാര്‍ഥികള്‍ അവ പഠിക്കും – ഇതായിരുന്നു സ്ഥിതി. ഒന്നോ രണ്ടോ സെമെസ്റെരുകളില്‍ മാത്രം ഐശ്ചികവിഷയങ്ങള്‍ (ഇലക്റ്റീവ് കോഴ്സുകള്‍) തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ക്രെഡിറ്റ് സമ്പ്രദായം വന്നതോടുകൂടി, ഇലക്റ്റീവ് കോഴ്സുകളുടെ എണ്ണം സാമാന്യം വര്‍ദ്ധിച്ചിട്ടുണ്ട്. ഓരോ കോഴ്സുകള്‍ക്ക് ക്രെഡിറ്റ് നിശ്ചയിച്ച്, ഓരോ സെമെസ്റെരിലും നേടേണ്ട കുറഞ്ഞ ക്രെഡിറ്റും സര്‍വകാലശാല തീരുമാനിക്കും. ഇതനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് കോഴ്സുകള്‍ തെരഞ്ഞെടുക്കാം. ഒരു നിശ്ചിത എണ്ണം കോഴ്സുകള്‍ നിര്‍ബന്ധിത കോഴ്സ് (core or mandatory courses) ആയിരിക്കുമെന്നുമാത്രം. 2014-ഓടു കൂടിത്തന്നെ, കേരളത്തിലെ എല്ലാ സര്‍വകാലശാലകളും എഞ്ചിനീയറിംഗ് പഠനരംഗത്ത് ഈ മാതൃകയിലേക്ക് മാറിക്കഴിഞ്ഞിരുന്നു.
ശ്രദ്ധിക്കേണ്ട ഒരു സുപ്രധാനകാര്യം, ചില പഠനപദ്ധതിപദങ്ങളുടെ മാറ്റമാണ്. പഴയ രീതിയില്‍, ബി. ടെക്കിനെ ‘കോഴ്സ്’ എന്നാണ് വിളിച്ചിരുന്നതെങ്കില്‍, ഇനി മുതല്‍ ‘പ്രോഗ്രാം’ എന്നാണ് പേര്. അതുപോലെ, വിഷയങ്ങളെ ‘സബ്ജക്റ്റ്’ അഥവാ ‘പേപ്പര്‍’ എന്നൊക്കെ വിളിച്ചിരുന്നിടത്ത് ഇനി മുതല്‍ ‘കോഴ്സ്’ എന്നാണ് വിളിക്കുക. ‘ബി. ടെക് എന്ന പ്രോഗ്രാമില്‍ എട്ടു സെമെസ്റെരിലായി നിരവധി കോഴ്സുകള്‍ പഠിക്കണം’ എന്ന്‍ പറയാമെന്ന് ചുരുക്കം.
ഓരോ സെമെസ്റെരിന്റെ ഒടുവിലും, അടുത്ത സെമെസ്റ്ററില്‍ താന്‍ പഠിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയങ്ങള്‍ ഏതൊക്കെയെന്ന് സ്ഥാപനത്തെ വിദ്യാര്‍ഥി അറിയിക്കണം. ഇതിനെ കോഴ്സ് രെജിസ്ട്രേഷന്‍ എന്നാണ് വിളിക്കുന്നത്. അടുത്ത സെമെസ്റെരിന്റെ തുടക്കത്തില്‍, സെമെസ്റെര്‍ എന്‍റോള്‍മെന്‍റ് എന്ന മറ്റൊരു പ്രക്രിയ കൂടിയുണ്ട്. ഇത് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ, ആ വിദ്യാര്‍ഥി ആ സെമെസ്റ്ററില്‍ പഠിക്കുന്നു എന്നതിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. എന്‍റോള്‍മെന്‍റ് സമയത്ത് മുന്‍നിശ്ചയിച്ച കോഴ്സുകളില്‍ അല്പം മാറ്റം വരുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാകും. ഒന്നാം സെമെസ്റെര്‍ വിദ്യാര്‍ഥികളെ എന്‍റോള്‍മെന്റില്‍ നിന്നും, രെജിസ്ട്രേഷനില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ സെമെസ്റെരിന്റെ ഒടുവില്‍ രണ്ടാം സെമെസ്റെരിനായി രജിസ്റ്റര്‍ ചെയ്യണം.
ഇയര്‍ ഔട്ട് വ്യവസ്ഥ
നിലവിലെ പഠനരീതിവച്ച്, എത്ര വിഷയങ്ങളില്‍ തോറ്റാലും, ബി.ടെക് ബിരുദം ലഭിക്കില്ലെങ്കിലും പഠനം പൂര്‍ത്തീകരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഇത് സാധിക്കില്ല. പല സര്‍വകാലശാലകളും ഏര്‍പ്പെടുത്താന്‍ ആലോചിക്കുകയും പിന്നീട് വിദ്യാര്‍ഥിപ്രക്ഷോഭത്തില്‍ ഉപേക്ഷിക്കുകയും ചെയ്ത ‘ഇയര്‍ ഔട്ട്’ വ്യവസ്ഥ കെ. ടി. യു വീണ്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രമുഖ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലും, സര്‍വകാലശാലകളിലും നിലനില്‍ക്കുന്ന ഈ വ്യവസ്ഥ വിദ്യാര്‍ഥികളുടെ നിലവാരം ഉയര്‍ത്താന്‍ സഹായിക്കും എന്നാണ് പ്രതീക്ഷ.
ഈ വ്യവസ്ഥയനുസരിച്ച്, ഓരോ സെമെസ്റെറില്‍ നിന്നും ഉയര്‍ന്ന സെമെസ്റെറിലേക്ക് പോകണമെങ്കില്‍ ഒരു നിശ്ചിത ക്രെഡിറ്റ് ഉണ്ടായിരിക്കണം. ഉദാഹരണത്തിന്, നാലാം സെമെസ്റെരിന്റെ ഒടുവില്‍ 94 ക്രെഡിറ്റുകളാണ് വേണ്ടത്. ഇതില്‍ 83 ക്രെഡിറ്റ് എങ്കിലും ഉണ്ടെങ്കില്‍ മാത്രമേ അഞ്ചാം സെമെസ്റെരിലേക്ക് പ്രവേശിക്കാന്‍ സാധിക്കൂ. മറ്റൊരുദാഹരണം, എഴാം സെമെസ്റെരിന്റെ ഒടുവില്‍ നേടേണ്ട 162 ക്രെഡിറ്റില്‍ കുറഞ്ഞത് 145 ക്രെഡിറ്റ് എങ്കിലും ഉണ്ടെങ്കില്‍ മാത്രമേ എട്ടാം സെമെസ്റെര്‍ പഠനത്തിന് അര്‍ഹനാകൂ. ഇത്തരം നിബന്ധന എല്ലാ സെമെസ്റെരുകളിലും ബാധകമാണ്. എന്നാല്‍ ഒന്നാം സെമെസ്റ്ററില്‍ നിന്നും രണ്ടാം സെമെസ്റെരിലേക്ക് കയറുവാന്‍ ഈ നിബന്ധന ഉണ്ടായിരിക്കില്ല.
നിശ്ചിത ക്രെഡിറ്റ് നേടിയില്ലെങ്കില്‍ വീണ്ടും അതേ സെമെസ്റെരിലെ കോഴ്സുകള്‍ വീണ്ടും ചെയ്ത് ക്രെഡിറ്റ് തികച്ചത്തിനു ശേഷം മാത്രമേ ഉയര്‍ന്ന സെമെസ്റ്ററില്‍ പ്രവേശിക്കാന്‍ കഴിയൂ എന്നര്‍ത്ഥം. മുന്‍പത്തെ പോലെ, തോറ്റ് തോറ്റ് എട്ടാം സെമെസ്റ്ററില്‍ വരെ എത്തുന്ന രീതി നടക്കില്ലെന്നര്‍ത്ഥം. മറ്റൊരു കാര്യം, ഒരു ഇലക്‌റ്റീവ് കോഴ്സിനാണ് ക്രെഡിറ്റ് നഷ്ടപ്പെട്ടതെങ്കില്‍, അതെ കോഴ്സ് തന്നെ വീണ്ടും പഠിക്കണം എന്നില്ല; ക്രെഡിറ്റ് തികയുന്ന രീതിയില്‍ മറ്റൊരു ഇലക്റ്റീവ് കോഴ്സ് തെരഞ്ഞെടുത്ത് പഠിക്കുവാനുള്ള സാഹചര്യമുണ്ട്. എന്നാല്‍ ‘കോര്‍’ കോഴ്സ് ആണ് നഷ്ടപ്പെടുന്നതെങ്കില്‍ വീണ്ടും അതെ കോഴ്സ് തന്നെ ‘റിപീറ്റ്’ ചെയ്യേണ്ടിവരും.
ഒന്നാം വര്‍ഷക്കാര്‍ക്ക് ഇക്കാര്യത്തില്‍ ഒരു ഒഴിവുണ്ട്. അതായത്, ഒന്നാം വര്‍ഷത്തിന്റെ അവസാനം, മൂന്നാം സെമെസ്റെരിലെക്ക് കയറുവാന്‍ വേണ്ട ക്രെഡിറ്റുകള്‍ ഇല്ലെങ്കില്‍, വേനലവധിക്കാലത്ത് ക്ലസ്റ്ററിലെ സ്ഥാപനങ്ങള്‍ നടത്തുന്ന ‘സമ്മര്‍ ക്ലാസുകളി’ല്‍ പങ്കെടുത്ത് നഷ്ടപ്പെട്ട ക്രെഡിറ്റുകള്‍ നേടിയെടുക്കാം. ഈ സംവിധാനം ഒന്നാം വര്‍ഷക്കാര്‍ക്ക് മാത്രമേ ലഭ്യമാകൂ.
ബി. ടെക് (ഓണേഴ്സ്)
ഒരു സുപ്രധാനമാറ്റം, ഈ വര്‍ഷം മുതല്‍ ബി. ടെക് ഡിഗ്രിക്ക് പുറമേ, ബി. ടെക്ക് (ഓണേഴ്സ്) ഡിഗ്രി കൂടി വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാം എന്നതാണ്. ബി. ടെക് പൂര്‍ത്തിയാക്കാന്‍ 180 ക്രെഡിറ്റുകളാണ് വേണ്ടതെങ്കില്‍, ഓണേഴ്സ് ബിരുദം ലഭിക്കണമെങ്കില്‍ ഇതിനും പുറമേ 12 ക്രെഡിറ്റ് കൂടി നേടിയിരിക്കണം. പ്രോഗ്രാം കാലാവധി നാലുവര്ഷം തന്നെയായിരിക്കും. അതായത് ഒരു ബി. ടെക് വിദ്യാര്‍ഥി പഠിക്കുന്നതിനേക്കാള്‍ മൂന്നോ, നാലോ വിഷയങ്ങള്‍ കൂടുതല്‍ (12 ക്രെഡിറ്റ് തികയുന്ന വിധത്തില്‍) ഓണേഴ്സ് വിദ്യാര്‍ഥി പഠിച്ചിരിക്കണം. നാലാം സെമെസ്റെറിന്റെ ഒടുവിലാണ് വിദ്യാര്‍ഥി തനിക്ക് ബി.ടെക് ബിരുദം വേണോ, അതോ ബി. ടെക് (ഓണേഴ്സ്) ബിരുദം വേണോ എന്ന് തെരഞ്ഞെടുക്കേണ്ടത്. ആ സമയത്ത് കുറഞ്ഞത് 8.0 എങ്കിലും സി.ജി.പി.എ ഉണ്ടെങ്കില്‍ മാത്രമേ ഓണേഴ്സ് തെരഞ്ഞെടുക്കാന്‍ പറ്റൂ. കൂടാതെ, പ്രോഗ്രാമിന്‍റെ ഒടുവില്‍ കുറഞ്ഞത് 8.2 സി.ജി.പി.എ ഉണ്ടായിരിക്കണം. ഇനി അഥവാ, ഓണേഴ്സ് തെരഞ്ഞെടുത്തതിനുശേഷം, കൂടുതലായി വേണ്ട 12 ക്രെഡിറ്റ് പ്രോഗ്രാമിന്‍റെ ഒടുവില്‍ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍, അല്ലെങ്കില്‍ കുറഞ്ഞത് 8.2 സി.ജി.പി.എ നേടാനായില്ലെങ്കില്‍, സ്വാഭാവികമായും ആ വിദ്യാര്‍ഥിയെ ബി.ടെക് ബിരുദത്തിനായി പരിഗണിക്കും. അതായത്, ഓണേഴ്സ് തെരഞ്ഞെടുത്തതിനുശേഷവും അധികമുള്ള കോഴ്സുകള്‍ പഠിച്ചു തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രശ്നമില്ലെന്നര്‍ത്ഥം.
കുറെ നാളുകള്‍ മുന്‍പുവരെ ചില ആര്‍ട്സ് ആന്‍ഡ് സയന്‍സ് ബിരുദങ്ങള്‍ക്ക് ഓണേഴ്സ് നമ്മുടെ നാട്ടിലും നിലനിന്നിരുന്നു. ഇന്ന് ഇന്ത്യയിലെ ചുരുക്കം ചില സര്‍വകാലശാലകളും, വിദേശസര്‍വകലാശാലകളുമാണ് ഓണേഴ്സ് ബിരുദം നല്‍കി വരുന്നത്. കെ. ടി. യുവിന്റെ വരവോടെ, കേരളത്തിലും എഞ്ചിനീയറിംഗ് രംഗത്ത് ഓണേഴ്സ് അവസരം കൈവരുകയാണ്. പക്ഷെ, എല്ലാ എഞ്ചിനീയറിംഗ് കോളേജുകളിലും ഈ അവസരം ഉണ്ടായിക്കൊള്ളണമെന്നില്ല. ഈ സംവിധാനം അനുവദിക്കണമോ വേണ്ടയോ എന്ന് അതാത് കോളേജുകള്‍ക്ക് തീരുമാനിക്കാം.
മറ്റ് പ്രധാന മാറ്റങ്ങള്‍
- കെ. ടി. യുവിന്റെ വരവോടെ മേല്‍പ്പറഞ്ഞ മാറ്റങ്ങളല്ലാതെ നിരവധി പരിവര്‍ത്തനങ്ങള്‍ നമ്മുടെ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് പഠനമേഖലയില്‍ സംഭവിക്കും. ഉദാഹരണത്തിന്, ഇത് വരെ ഒന്നാം വര്‍ഷത്തില്‍ രണ്ടു സെമെസ്റെറുകള്‍ ഉണ്ടായിരുന്നെങ്കിലും, അവ രണ്ടും കൂടി ഒന്നായി കണക്കാക്കി, ഒരൊറ്റ വാര്‍ഷിക പരീക്ഷയാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍ ഇനി മുതല്‍, ഈ രണ്ടുസെമെസ്റെറുകളും വ്യത്യസ്തമായിക്കണ്ട്, രണ്ടു പ്രത്യേക സെമെസ്റെര്‍ പരീക്ഷകള്‍ ഉണ്ടാകും. നാലുവര്‍ഷ ബി. ടെക് പ്രോഗ്രാം പൂര്‍ത്തിയാക്കാന്‍ പണ്ട് ചില സര്‍വകാലശാലകള്‍ എട്ടുവര്ഷം വരെ നല്‍കിയിരുന്നിടത്ത്, ഇനി മുതല്‍ പരമാവധി ആറു വര്ഷം (12 സെമെസ്റെര്‍) ആണ് അനുവദിക്കുക. ഇതിനുള്ളില്‍ പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ബിരുദം ലഭിക്കില്ലെന്നര്‍ത്ഥം.
- ഓരോ സെമെസ്റെറുകളിലും 72 പ്രവൃത്തിദിനങ്ങളാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഓരോ വിഷയത്തിനും കുറഞ്ഞത് 75% ഹാജരുണ്ടെങ്കില്‍ മാത്രമേ വിദ്യാര്‍ഥിക്ക് സെമെസ്റെര്‍ പരീക്ഷ എഴുതുവാന്‍ കഴിയൂ. ഇക്കാര്യത്തില്‍ വളരെ കുറച്ചുമാത്രം സാഹചര്യങ്ങളില്‍ മാത്രമേ വിട്ടുവീഴ്ച്ചയുണ്ടാവുകയുള്ളൂ. എന്നാല്‍ പണ്ട് നിലവിലുണ്ടായിരുന്നത് പോലെ, ഹാജര്‍ നിലയനുസരിച്ച് ഇന്റേണല്‍ മാര്‍ക്ക് നിശ്ചയിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. അതായത്, ഓരോ സെമെസ്റെരിലും നടത്തുന്ന രണ്ട് തുടര്‍മൂല്യനിര്‍ണ്ണയ പരീക്ഷയുടെ മാര്‍ക്കിനെയും (40 മാര്‍ക്ക്), അസൈന്‍മെന്റുകളുടെ മാര്‍ക്കിനെയും (10 മാര്‍ക്ക്) അടിസ്ഥാനമാക്കിയാണ് ഇന്റേണല്‍ മാര്‍ക്ക് കണക്കാക്കുക. ലാബ് പരീക്ഷകള്‍ എല്ലാം തന്നെ ഇന്റേണല്‍ പരീക്ഷകള്‍ മാത്രമായിരിക്കും.
- ഒന്നാം സെമെസ്റ്ററില്‍ ഒരു ബേസിക് എഞ്ചിനീയറിംഗ് കോഴ്സ് മാത്രം പഠിച്ചാല്‍ മതിയാകും. ഇതിന്റെ ഒരു ലാബ് കൂടി പഠിക്കണം. രണ്ടാം സെമെസ്റ്ററില്‍ മറ്റുരണ്ട് ബേസിക് എഞ്ചിനീയറിംഗ് കോഴ്സുകളും, അവയുടെ ലാബും കൂടി പഠിക്കണം. നിലവില്‍ നാലു ബേസിക് എഞ്ചിനീയറിംഗ് കോഴ്സുകളാണ് എല്ലാ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളും ഒന്നാം വര്‍ഷം പഠിക്കേണ്ടിവരുന്നത്. ഈ വ്യവസ്ഥക്കും മാറ്റം വരുന്നു.
- പുതിയ ഒരു കോഴ്സ് ആയി സസ്ടൈനിംഗ് എഞ്ചിനീയറിംഗ് ഒന്നാം സെമെസ്റ്ററില്‍ ചേര്‍ത്തിരിക്കുന്നു. ഒന്ന്‍, രണ്ട് സെമെസ്റെരുകളിലെ വിഷയങ്ങള്‍ എല്ലാ ബ്രാഞ്ചുകാര്‍ക്കും ഒരേ പോലെയാണ്. എന്നാല്‍, അതില്‍ ഒരു വിഷയം അതാത് ബ്രാഞ്ചുകളുടെ മുഖവുര കോഴ്സ് ആണ്. ഉദാഹരണത്തിന് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ ‘Introduction to Computer Science and Engineering’ പഠിക്കുമ്പോള്‍, കെമിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ ‘Introduction to Chemical Engineering’ ആണ് പഠിക്കുക. മറ്റുവിഷയങ്ങള്‍ എല്ലാ ബ്രാഞ്ചുകള്‍ക്കും ഒരേപോലെയാണ്. ‘ലൈഫ് ആന്‍ഡ് പ്രൊഫഷണല്‍ സ്കില്‍സ്’ എന്ന പേരില്‍ ഒരു കോഴ്സ് ആറാം സെമെസ്റ്ററില്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്.
- അഞ്ചാം സെമെസ്റ്ററില്‍ ഒരു ഡിസൈന്‍ പ്രൊജക്റ്റ് എല്ലാ ബ്രാഞ്ചുകാര്‍ക്കും ചേര്‍ത്തിട്ടുണ്ട്. മെയിന്‍ പ്രൊജക്റ്റ് സെമെസ്റെര്‍ എട്ടിലാണ്. ഇതും പഴയ സ്കീമില്‍ നിന്നും വ്യത്യസ്തമാണ്. പ്രൊജക്റ്റിന്‍റെ മൂല്യനിര്‍ണ്ണയത്തിന് വകുപ്പധ്യക്ഷനും, പ്രൊജക്റ്റ് സൂപ്പര്‍വൈസറും, സ്വന്തം വകുപ്പിലെ ഒരു അധ്യാപക(അധ്യാപിക)നും, മറ്റൊരു വകുപ്പിലെ ഒരു അധ്യാപക(അധ്യാപിക)നും, സ്ഥാപനത്തിന് പുറത്തുനിന്നുള്ള ഒരു വ്യക്തിയും (അകാദമിക, ഗവേഷണ, വ്യാവസായിക) അടങ്ങുന്ന ഗ്രൂപ്പ് വേണം എന്ന് പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുണ്ട്.
- ആറാം സെമെസ്റ്ററില്‍ ‘കോമ്പ്രിഹെന്‍സീവ് വൈവ’ എന്ന പേരില്‍ ഒരു നിര്‍ബന്ധിത കോഴ്സ് ചേര്‍ത്തിട്ടുണ്ട്. ഒബ്ജെക്ടീവ് മാതൃകയിലുള്ള ഒരു മണിക്കൂര്‍ എഴുത്ത് പരീക്ഷയും, ഓറല്‍ വൈവ പരീക്ഷയുമാണ് ഇത്. സ്വന്തം വകുപ്പില്‍ നിന്ന് മൂന്നു അധ്യാപകരും, മറ്റൊരു വകുപ്പില്‍ നിന്നുള്ള ഒരു അധ്യാപക(അദ്ധ്യാപിക)നും ചേര്‍ന്നാണ് ഈ പരീക്ഷ നടത്തേണ്ടത്. അതുവരെ വിദ്യാര്‍ഥി പഠിച്ച വിഷയങ്ങളെ അധികരിച്ച് നടത്തുന്ന ഈ പരീക്ഷ സാധാരണയായി എട്ടാം സെമെസ്റ്ററിലാണ് നടന്നു വന്നിരുന്നത്. അതുപോലെ, എഴുത്തുപരീക്ഷ ഇക്കാര്യത്തില്‍ നടത്തുക പതിവുണ്ടായിരുന്നില്ല.
- മറ്റൊരു പ്രധാന മാറ്റം, വിദ്യാര്‍ഥി പ്രവര്‍ത്തങ്ങള്‍ ഒരു നിര്‍ബന്ധിത കോഴ്സ് ആയി രൂപപ്പെടുത്തിയിട്ടുണ്ട് എന്നുള്ളതാണ്. രണ്ട് ക്രെഡിറ്റ് ആണ് ഇതിനായി ആകെ മാറ്റിവച്ചിട്ടുള്ളത്. പക്ഷെ, ഈ ക്രെഡിറ്റ് ബിരുദദാനത്തിന് പരിഗണിക്കില്ല (ഏറ്റവും കുറവ് 180 ക്രെഡിറ്റ് ആണ് ബിരുദത്തിന് വേണ്ടത്. ഈ രണ്ടു ക്രെഡിറ്റ് ഇതിനും പുറമേയുള്ളതാണ്). പക്ഷെ, ഈ വിഷയത്തില്‍ ‘പാസ്സ്’ ലഭിച്ചാല്‍ മാത്രമേ ബിരുദം ലഭിക്കുകയുള്ളു. എന്‍. സി. സി., എന്‍. എസ്സ്, എസ്സ്, എന്‍. എസ്സ്. ഓ., കോളേജ് യൂണിയന്‍ ഭാരവാഹിത്വം, പ്രൊഫഷണല്‍ ക്ലബ്ബുകളുടെ ഭാരവാഹിത്വം, സ്പോര്‍ട്സ്, ഗെയിംസ്, ആര്‍ട്സ്, സംരംഭകത്വം, കോണ്‍ഫറന്‍സുകളിലെ പങ്കാളിത്തം, ഓണ്‍ലൈന്‍ കോഴ്സുകള്‍, വിദേശഭാഷാപഠനം തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഈ രണ്ടു ക്രെഡിറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായത് തെരഞ്ഞെടുക്കാം.
- മറ്റൊരു സുപ്രധാനമാറ്റം, വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനകാലാവധിക്കിടയില്‍ ഒരു വര്‍ഷം അവധിയെടുക്കാം എന്നതാണ്. സുപ്രധാനമായ പ്രൊജെക്ടുകളില്‍ ഏര്‍പ്പെടാനും, സ്വന്തമായി സ്റ്റാര്‍ട്ട്‌അപ്പ് തുടങ്ങുവാനും, അഥവാ ആരോഗ്യപരമായകാരണങ്ങളാലോ ഒരു വര്‍ഷം വരെ പഠനത്തിനിടയില്‍ വിടവ് അനുവദിക്കാന്‍ സര്‍വകാലശാല തീരുമാനിച്ചിട്ടുണ്ട്. പക്ഷെ, അവധി ലഭിക്കുവാന്‍ അത് വരെയുള്ള പഠനത്തിന്റെ നിലവാരം ഒരു ഘടകമായിരിക്കും. അതായത്, ഒരു നിശ്ചിത സി.ജി.പി.എ ഉള്ളവര്‍ക്ക് മാത്രമേ ഈ സംവിധാനം ഗുണകരമാകൂ.
- പുറമേ നിന്നുള്ള അകാദമിക ഓഡിറ്റ് കൂടാതെ, കോഴ്സുകളുടെ നിലവാരം പരിശോധിക്കാന്‍ കോളേജിന്റെ അകത്തും സംവിധാനം ഉണ്ടാകും. ഒന്നാം വര്‍ഷ പൊതുകോഴ്സുകള്‍ക്ക് ‘കോഴ്സ് കമ്മിറ്റി’ എന്ന പേരിലെ അധ്യാപകസംവിധാനം ഗുണമേന്മ ഉറപ്പുവരുത്തും. ഇതിനുപുറമേ, വിദ്യാര്‍ഥി പ്രതിനിധികള്‍ ഉള്‍പ്പെടെ ‘ക്ലാസ്സ് കമ്മിറ്റി’ എന്ന സംവിധാനവും ക്ലാസ്സ് തലത്തില്‍ സംഘടിപ്പിക്കും. വിദ്യാര്‍ഥികള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍, പരാതികള്‍, മറ്റ് നിര്‍ദേശങ്ങള്‍ എന്നിവ ഈ കമ്മിറ്റിയിലൂടെ അവതരിപ്പിക്കാം.
- വളരെകാലമായി വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടുവരുന്ന ഒന്നാണ് സെമെസ്റെര്‍ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയം നടത്തിയത്തിനു ശേഷം, പരാതിയുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് അവ നേരിട്ട് പരിശോധിക്കുവാനുള്ള അവകാശം. ഹൈക്കൊടതിയും ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുത്തിരുന്നു. ഇത്തരുണത്തില്‍, ഈ അവകാശം സര്‍വകാലശാല പരിഗണിക്കുന്നുണ്ട്. പുനര്‍മൂല്യനിര്‍ണ്ണയം, ഗ്രേഡ് ഇംപ്രൂവ്മെന്‍റ് എന്നിവ ഉണ്ടാകില്ല എന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, സെമെസ്റെര്‍ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ അതാത് അധ്യാപകന്റെ സാന്നിധ്യത്തില്‍ പരിശോധിക്കുവാനുള്ള സംവിധാനം നടപ്പാകും എന്ന് പ്രത്യാശിക്കാം.
ഇതൊക്കെ നടക്കുമോ?
പുതിയ സര്‍വകാലശാലയുടെ രൂപീകരണവും, അതിന്റെ പ്രവര്‍ത്തനരീതികളും പലരിലും ആശങ്കയുളവാക്കിയിട്ടുണ്ട് എന്നത് സത്യം തന്നെയാണ്. ഇതൊക്കെ നടപ്പിലാക്കാന്‍ പറ്റുന്ന കാര്യങ്ങളാണോ എന്നതാണ് പ്രധാന സംശയം. പക്ഷെ, രാജ്യത്തെ പ്രമുഖ എഞ്ചിനീയറിംഗ് വിദ്യഭ്യാസസ്ഥാപനങ്ങളും, കല്പിതസര്‍വകാലശാലകളും പ്രവര്‍ത്തിക്കുന്നത് ഇതേ മാതൃകയിലാണ്. അത്തരം ഒരു അകാദമിക സംസ്കാരം (academic culture) നമ്മുടെ നാട്ടിലും ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനം. അതിനു കേരള സാങ്കേതിക സര്‍വകാലശാലക്ക് പ്രമുഖമായ ഒരു പങ്കുവഹിക്കാന്‍ കഴിയും എന്ന് നിസ്സംശയം പറയാം.