ഒരു ചെറിയ യൂട്ടിലിറ്റി സാധനമാണ്. ഉണ്ടാക്കി വന്നപ്പോൾ വേറെ ചിലർക്കും ഉപകാരപ്പെടും എന്ന് തോന്നി. ഷെയർ ചെയ്യുന്നു.
ഫേസ്ബുക്കിൽ Muralee Thummarukudy, സുരേഷ് സി പിള്ള തുടങ്ങിയവർ വിൽപത്രം ഉണ്ടാക്കേണ്ടതിനെ കുറിച്ച് കുറച്ചുനാൾ മുന്നേ എഴുതിയിരുന്നു. നമ്മുടെ നാട്ടിൽ അങ്ങനെ ഒരു സംസ്കാരം ഇതുവരെ വന്നില്ലെങ്കിലും, വളരെ ആവശ്യമായ ഒരു കാര്യമാണ് ഒരു വിൽ ഉണ്ടാവുക എന്നത്.
പറഞ്ഞു വരുന്നത് വില്ലിനെ കുറിച്ചല്ല.
നാലുവർഷം മുൻപ് അച്ഛൻ മരിച്ചുകഴിഞ്ഞപ്പോൾ ബുദ്ധിമുട്ടിലായ കാര്യങ്ങളിൽ ഒന്ന് അച്ഛന്റെ ബാങ്ക്—വായ്പ്പകളോ, ഇൻവെസ്റ്റ്മെന്റോ—ഉണ്ടോ ഇല്ലയോ എന്നറിയാനുള്ള പ്രയാസമായിരുന്നു. അച്ഛൻ പതിവായി അതൊന്നും ആരോടും പറഞ്ഞിരുന്നില്ല. ഇത്തരം ഒരു സാഹചര്യം ആർക്കും ഉണ്ടാകാം. നമ്മൾ പല ഇൻഷുറൻസൊ, ചിട്ടിയോ, മ്യൂച്ചൽ ഫണ്ടോ, സ്റ്റോക്കോ ഒക്കെ വാങ്ങി വച്ചിട്ടുണ്ടാകും. അത് ഉപകാരപ്പെടുന്നത് നമ്മുടെ കുടുംബങ്ങൾക്കോ, മക്കൾക്കോ ഒക്കെയാണ്. അതിനുവേണ്ടി ഇതൊക്കെ എഴുതി വയ്ക്കണം; പോരാത്തതിന് എവിടെയാണ് എഴുതി വച്ചത് എന്ന് കുടുംബത്തിലോ, വിശ്വാസമുള്ള വേറെ ആരോടെങ്കിലുമോ പറഞ്ഞും വയ്ക്കണം.
കാലം മാറുകയാണ്. പത്തായ പെട്ടിയിൽ കാര്യങ്ങൾ എഴുതി വയ്ക്കുന്നവർ കുറഞ്ഞും വരുന്നു. ക്‌ളൗഡിൽ എവിടേലും എഴുതുന്നതാണ് ബുദ്ധി. ഞാൻ ഗൂഗിൾ ഡ്രൈവിലാണ് എഴുതി വച്ചിരിക്കുന്നത്. എന്നിട്ട് വ്യൂ ആക്സിസ്സോടുകൂടി വേണ്ടപ്പെട്ടവർക്ക് ഷെയർ ചെയ്തു (അപ്പോൾ അവർക്ക് അവരുടെ ഡ്രൈവിലെ ‘ഷെയഡ് വിത്ത് മി’ എന്ന ഭാഗത്ത് ഈ ഡോക്യുമെന്റ് കാണാമല്ലോ. വർഷത്തിൽ ഒരു തവണയെങ്കിലും ഈ ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യാൻ ഒരു അര മണിക്കൂറോ മറ്റോ ചിലവാക്കാൻ കൂടി പറ്റിയാൽ അടിപൊളി. വേണേൽ രണ്ടുമൂന്ന് ചെറിയ ഫോർമുല എഴുതിയാൽ ഒരു ഡാഷ്‌ബോർഡും ഉണ്ടാക്കാം—നമ്മുടെ നിക്ഷേപവും, ബാധ്യതയും ഒറ്റയടിക്ക് കാണാം.
എന്റെ മോഡൽ (എക്സ്‌റ്റെൻഡഡ് ഫോർ പബ്ലിക് യൂസ്) ഇവിടെ കമെന്റിൽ ഉണ്ട്. കോപ്പി എടുത്ത് ഉപയോഗിക്കാം. നിരവധി ഓൺലൈൻ പോർട്ടലുകളും കാണും ഇതൊക്കെ ഡിജിറ്റൽ വാൾട്ട് രൂപത്തിൽ സൂക്ഷിക്കാൻ. ഞാൻ ഒരു കുഞ്ഞുഷീറ്റ് ഉണ്ടാക്കിയെന്നേയുള്ളു. പാസ്സ്‌വേർഡുകൾ ഇങ്ങനെ സൂക്ഷിക്കാതെ ശ്രദ്ധിക്കുക. നമ്മൾ ഉപയോഗിക്കുന്ന ചില ബ്രൌസർ എക്സ്റ്റൻഷനുകളോ മറ്റോ ഇത്തരം ഡോക്യൂമെന്റുകൾ വായിക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്ത് ആവശ്യമുള്ള ഡീറ്റെയിൽസ് മാത്രം സൂക്ഷിക്കുക. അടുപ്പമുള്ളവരുമായി വ്യൂ ആക്‌സസ് കൊടുത്ത് വയ്ക്കുക.
ഇതൊക്കെ ഇപ്പോഴേ വേണോ? ഉത്തരം: ആർക്ക്, എന്താണ്, എപ്പോഴാണ്, എവിടെ വച്ചാണ്… അറിയില്ലല്ലോ 🙂
പി.എസ്: ഇതിൽ ഉള്ളത് പോലെ ഇൻവെസ്റ്മെന്റും, സ്റ്റോക്കും ഒക്കെ ഉണ്ടല്ലെടാ കൊച്ചു കള്ളാ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു. ഇഎംഐ, ഇൻഷുറൻസ് എന്നിവയ്ക്ക് വേണ്ടി മാത്രം ഉണ്ടാക്കി തുടങ്ങിയതാണ്, പക്ഷേ ‘പൊതുജന’ അഭ്യർത്ഥന മാനിച്ച് അവർക്ക് വേണ്ടി വന്നേക്കാവുന്ന ഡെപ്പോസിറ്റ് ഐറ്റംസ് കൂടി ചേർത്തു എന്ന് മാത്രം. അല്ലാതെ എനിക്കങ്ങനെ.. ഛേ!