“അല്ല മോനെ, ഇനിയിപ്പോ ആശുപത്രിയില്‍ കിടക്കേണ്ടി വന്നില്ലെങ്കില്‍ ഈ ഏഴായിരം രൂപ പോയില്ലേ”
“ഉവ്വ്.”
“അപ്പൊ അത് നഷ്ടമല്ലേ”.
ഞാന്‍ ഇന്‍ഷുറന്‍സ് എടുക്കുന്ന കാര്യം പറഞ്ഞ ചിലരെങ്കിലും എന്നോട് തിരിച്ചു ചോദിച്ച ഒരു ചോദ്യമാണിത്. കൃത്യമായി കാര്യങ്ങള്‍ പറഞ്ഞ്, വീണ്ടും, മനസ്സിലാക്കിപ്പിക്കാനുള്ള കഴിവോ ക്ഷമയോ ഇല്ലാത്തോണ്ട് മാത്രം ആ സംസാരം അവിടെ വച്ച് നിര്‍ത്താറാണ് പതിവ്. പറയുന്നതെല്ലാം വളരെ ക്ഷമയോടെ കേട്ടതിനുശേഷമാണ് ഇങ്ങനെ ചോദിക്കുന്നത്. ഉടനടി ‘അത്രേം കാശ്’ മുടക്കണമല്ലോ എന്ന ദു:ഖമാണ് മെഡിക്ലെയിം ഇന്‍ഷുറന്‍സ് എടുക്കുന്നതില്‍ നിന്ന് പലരെയും പിന്തിരിപ്പിക്കുന്നത്.
സ്വാനുഭവത്തില്‍ നിന്ന് പറയാം. അമ്മയ്ക്ക് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഒരു സേവിങ്ങ്സ് അക്കൗണ്ട് ഉണ്ട്. അക്കൗണ്ട് ഉള്ളവര്‍ക്ക് നിശ്ചിതതുകയടച്ച് മെഡിക്ലയിം ഇന്‍ഷുറന്‍സില്‍ ചേരാന്‍ ബാങ്ക് ഓഫ് ഇന്ത്യ (മറ്റുചില ബാങ്കുകളും ഇത് പോലെ) അവസരമൊരുക്കുന്നുണ്ട്. നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് അഞ്ചുലക്ഷം രൂപ ഫ്ലോട്ടര്‍ ഇന്‍ഷുറന്‍സിന് വര്ഷം എഴായിരത്തില്‍ താഴെ മാത്രമാണ് ചെലവ് (അഞ്ചുലക്ഷത്തില്‍ താഴെ ഉള്ള ഇന്‍ഷുറന്‍സും ഉണ്ട്; അവയ്ക്ക് സ്വാഭാവികമായി പ്രീമിയം തുകയും കുറവായിരിക്കും). ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോലെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലല്ലാതെയുള്ള ‘സ്വതന്ത്ര’ മെഡിക്ലയിം ഇന്‍ഷുറന്‍സുകള്‍ക്ക് ഇതിന്റെയൊക്കെ ഇരട്ടി തുകവരും എന്നോര്‍ക്കുക. പ്രായം കൂടിയ അംഗങ്ങള്‍ ഉള്ള കുടുംബങ്ങള്‍ക്ക് പ്രീമിയം വളരെ കൂടുതലും ആയിരിക്കും. ബാങ്ക് അക്കൗണ്ട് വഴി എടുത്തപ്പോള്‍ ആ പ്രശ്നമില്ല. മെഡിക്കല്‍ ചെക്കപ്പ് ആവശ്യമായും വന്നില്ല.
ഇങ്ങനെ ഒന്ന്‍ എടുത്തുവച്ചിരുന്നത് കൊണ്ട് അവിചാരിതമായ ചില ദൗര്‍ഭാഗ്യ അവസരങ്ങളില്‍ കാര്യമായിതന്നെ പ്രയോജനപ്പെട്ടു. അച്ഛന്‍ ഐ.സിയുവില്‍ ആയിരുന്ന സമയത്ത് അപ്പോഴപ്പോള്‍ ആവശ്യപ്പെടുന്ന മരുന്നുകള്‍ പണം കയ്യില്‍ കരുതാതെ തന്നെ വാങ്ങികൊടുക്കാന്‍ കഴിഞ്ഞുഎന്നതാണ് ഏറ്റവും വലിയ സൗകര്യം. പണമോ, ചില്ലറയോ ഒക്കെ തപ്പി നിന്ന് നേരം കളയാനില്ലാത്ത അവസരങ്ങളില്‍ ഈ കാഷ്ലെസ്സ് രീതി വലിയ അനുഗ്രഹമാണ്.
മറ്റൊന്ന്, പ്രായമായ പലരിലും കാണുന്ന മടിയാണ് വേണ്ടസമയത്ത് ചികിത്സ തേടാതിരിക്കുക എന്നത്. നമ്മുടെനാട്ടിലെ ഒരുശരാശരി മിഡില്‍ക്ലാസ്സ് കുടുംബത്തിനെ സംബന്ധിച്ചിടത്തോളം മരുന്നിന്റെ ചെലവ് മാസബജറ്റിന് പുറമേ ആയിരിക്കാം. ഈ ചിന്തയാണ് ഒരുപക്ഷെ മുതിര്‍ന്നവരെ ആശുപത്രിയില്‍ പോകുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ഇത് മറികടക്കാനും ഇന്‍ഷുറന്‍സ് സഹായിക്കും. പണം ചെലവാകില്ല എന്നുവന്നാല്‍ ചികിത്സ തേടുന്നതിലെ പ്രധാന ‘തടസ്സം’ നീങ്ങിയല്ലോ.
ഇതൊക്കെ കൂട്ടി വായിക്കുമ്പോള്‍, ഇതുവരെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുത്തിട്ടില്ലെങ്കില്‍ അതിനെക്കുറിച്ച് കാര്യമായി ചിന്തിക്കുക. വിദ്യാഭ്യാസം നേടുന്നത് കൊണ്ട് കൈവരിക്കേണ്ട ചില ബോധങ്ങളില്‍ ഒന്നാണ് ഇതും എന്നാണ് എന്‍റെ വിശ്വാസം.
പിന്‍കുറിപ്പ്: വിവിധ ഇന്‍ഷുറന്‍സ് സ്കീമുകള്‍ക്ക് അതിന്റെതായ പ്രത്യേകതകളും, നിയന്ത്രണങ്ങളും ഉണ്ടാകും. ഗ്രൂപ്പ് ഇന്‍ഷുറന്‍സുകള്‍ക്ക് അവയുടേതായ ഗുണങ്ങളും, ദോഷങ്ങളുമുണ്ട്. ഇവയെല്ലാം വായിച്ചുനോക്കിമാത്രം ഇന്‍ഷുറന്‍സ് എടുക്കുക. തുടര്‍ച്ചയായി പ്രീമിയം അടച്ചില്ലെങ്കില്‍ സീനിയരിറ്റിയടക്കം പല ആനുകൂല്യങ്ങളും നഷ്ടപ്പെടും.