അച്ഛന്റെ ഓർമ്മക്ക് ഒരു വർഷം.
ചെരിപ്പിടാത്ത, പിശുക്കനായ അച്ഛന്റെ ഓർമ്മക്ക് ഇന്നേക്ക് ഒരുവർഷം. ചെത്ത് തൊഴിൽ ചെയ്തു കിട്ടിയ ഇരുന്നൂറ്റന്പത് രൂപയിൽ താഴെയുള്ള ദിവസക്കൂലി കൊണ്ട് ഒരു കുടുംബം വളർത്തി, ഞാൻ ആവശ്യപ്പെട്ടതെല്ലാം – അതിനുമപ്പുറം – തന്ന് നേരത്തെ അവസാനിച്ച ഒരു ജീവിതമാണ് എനിക്കച്ഛന്റേത്.
ഏഴാം ക്ലാസ്സിൽ പഠിക്കുന്നസമയത്ത്, പുസ്തകം വാങ്ങാൻ കഴിവില്ലാത്തതിനാൽ ദിവസങ്ങളോളം ക്ലാസിനു പുറത്തുനിൽക്കേണ്ടി വന്നത് കൊണ്ട് പഠിത്തം അവസാനിപ്പിച്ച് ചെത്തുമുതൽ തേങ്ങ പൊതിക്കൽ വരെ ചെയ്ത് കുടുംബം പുലർത്തിയ അച്ഛന്റെ വില മനസ്സിലാക്കാൻ കുറച്ചധികം കാത്തിരിക്കേണ്ടിവന്നു. മരിക്കുന്നതിന് നാല് ദിവസം മുൻപുവരെ അച്ഛൻ ജോലി ചെയ്തിരുന്നു. അച്ഛനെ എന്നും പിശുക്കൻ എന്ന് കളിയാക്കിയിരുന്നെങ്കിലും, ആ പിശുക്കാണ് ഞാൻ ഇന്നനുഭവിക്കുന്ന ‘ലക്ഷ്വറി’യെന്ന് തിരിച്ചറിയാൻ ഞാൻ വൈകിയിട്ടുണ്ട്. ചെരുപ്പുപോലും ഇടാതെ നടന്നിരുന്ന, സ്വന്തമായി ഒരു വസ്ത്രം പോലും വാങ്ങാതിരുന്ന, അൻപത് പൈസക്ക് വേണ്ടി ഒരു ബസ് സ്റ്റോപ്പ് നടന്നു പോയിരുന്ന അച്ഛൻ കാരണമാണ് ഞാൻ പഠിച്ച പഠനമെല്ലാം സാധ്യമായത്. കുഞ്ഞുന്നാളിൽ കൊണ്ടുവന്ന് തന്നിരുന്ന പുസ്തകങ്ങളാണ് വായനയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയത്. തനിക്ക് ലഭിക്കാതിരുന്ന സുഖങ്ങളെല്ലാം മകന് കിട്ടണമെന്ന വാശി കാണിക്കുമ്പോഴും, അത് ഒരു ശരാശരി രക്ഷകർത്താവിന്റെ ഉത്തരവാദിത്വം എന്നതിൽ കവിഞ്ഞു വിശാലമായ ഒരർത്ഥത്തിൽ കാണാൻ അച്ഛന്റെ മരണം വരെ എനിക്ക് കഴിഞ്ഞിരുന്നില്ല.
അച്ഛന്റെ മരണത്തിനു ശേഷം വീട്ടുത്തരവാദിത്വങ്ങൾ ഏറ്റെടുത്തുതുടങ്ങിയപ്പോഴാണ് കുടിക്കാതെ പോയ കൈപ്പുനീരുകൾ തികട്ടിവരാൻ തുടങ്ങിയത്. അച്ഛനെന്ന വലിയ സത്യം മുന്നിൽ നിന്ന് നയിക്കാനില്ലാത്തതിൽ പലപ്പോഴും തളർന്നു പോയിട്ടുണ്ട് കഴിഞ്ഞ ഒരുവർഷം. ഞാൻ അനുഭവിച്ച സന്തോഷങ്ങളെല്ലാം ആ മനുഷ്യൻ കൊണ്ട വെയിലുകൾ മാത്രമാണെന്നും, ഒരു ജീവിതകാലം മുഴുവൻ വെയിലുകൾ മാത്രം കൊണ്ട ഒരു സാധുവായിരുന്നു അദ്ദേഹമെന്നുമുള്ള തിരിച്ചറിവിന്റെ നീറ്റൽ ചെറുതല്ല. പ്രശ്നനിർദ്ധാരണങ്ങളുടെ മാന്ത്രികത മാത്രമല്ല, കുഞ്ഞുപണപ്പെട്ടിയുടെ കൈയ്യടക്കമുള്ള കൈകാര്യവും അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്നും. ഒരിത്തിരി കടം പോലും ബാക്കി വയ്ക്കാതെയാണ് പടിയിറങ്ങിയത്. കടങ്ങളെല്ലാം ഉണ്ടാക്കിയതും ബാക്കിവച്ചതും ഞാനാണ്.
My father was never a hero for me; but one year down the line, he very much is.
ഇതിവിടെ കിടക്കട്ടെ. ഒരു വർഷത്തെ ഓർമ്മപ്പെടുത്തലുകൾ വലിയ തിരിച്ചറിവുകളാണ്.